Indians Caught | ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതക കേസ്; 3 പേര്‍ കാനഡയില്‍ അറസ്റ്റില്‍; പിടിയിലായവര്‍ക്ക് ഇന്‍ഡ്യന്‍ സര്‍കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് പൊലീസ്
*നിജ്ജാറിനെ വെടിവച്ചയാള്‍, ഡ്രൈവര്‍, നിജ്ജാറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചയാള്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് സിടിവി ചാനല്‍ റിപോര്‍ട്.
*ഇന്‍ഡ്യന്‍ സുരക്ഷ ഏജന്‍സികളുമായുള്ള സഹകരണം സുഗമമായിരുന്നില്ല.
*ആരോപണത്തിന് പിന്നാലെ ഇന്‍ഡ്യ - കാനഡ ബന്ധം വഷളായിരുന്നു.
ഒടാവ: (KasargodVartha) ഖലിസ്ഥാന്‍ ഭീകരവാദി ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതക കേസില്‍ മൂന്നു് ഇന്‍ഡ്യന്‍ പൗരന്മാര്‍ കാനഡയില്‍ അറസ്റ്റിലായി. പിടിയിലായവര്‍ക്ക് ഇന്‍ഡ്യന്‍ സര്‍കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ. കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിംഗ്, കരണ്‍ പ്രീത് സിംഗ് എന്നിവരെയാണ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതക കേസില്‍ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്.
എഡ്മണ്ടില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നും കഴിഞ്ഞ മൂന്ന്, നാല് വര്‍ഷങ്ങളായി ഇവര്‍ കാനഡയിലുണ്ടെന്നും കനേഡിയന്‍ പൊലീസ് വ്യക്തമാക്കി. എന്നാല്‍, ഇവര്‍ക്ക് ഇന്‍ഡ്യന്‍ സര്‍കാരുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനാകില്ലെന്നും അന്വേഷണ പരിധിയിലാണെന്നുമാണ് പൊലീസ് പറയുന്നത്. അന്വേഷണത്തില്‍ ഇന്‍ഡ്യന്‍ സുരക്ഷ ഏജന്‍സികളുമായുള്ള സഹകരണം സുഗമമായിരുന്നില്ലെന്നും റോയല്‍ കനേഡിയന്‍ മൗന്‍ഡഡ് പൊലീസ് കൂട്ടിച്ചേര്‍ത്തു.
നിജ്ജാറിനെ വെടിവച്ചയാള്‍, ഡ്രൈവര്‍, നിജ്ജാറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചയാള്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് കാനഡയിലെ സിടിവി ചാനല്‍ റിപോര്‍ട് ചെയ്തു. കാനഡയില്‍ നടന്ന മറ്റ് മൂന്ന് കൊലപാതകങ്ങള്‍ക്ക് പ്രതികളുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ഇന്‍ഡ്യ ഭീകരന്‍ ആയി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 18 നാണ് വെടിയേറ്റ് മരിച്ചത്. കാനഡ - യുഎസ് അതിര്‍ത്തിയിലെ സറെയില്‍ സിഖ് ഗുരുദ്വാരയ്ക്ക് പുറത്തു നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലാണ് ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജാറിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കാണ് വെടിയേറ്റിരുന്നത്. ഇന്‍ഡ്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പെടുത്തുകയും ചെയ്ത ഭീകരനാണ് നിജ്ജാര്‍.
കൊലപാതകത്തില്‍ ഇന്‍ഡ്യയ്ക്ക് പങ്കുണ്ടെന്ന് സെപ്റ്റംബര്‍ 18ന് കനേഡിയന്‍ പാര്‍ലമെന്റില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണം അസംബന്ധം എന്നാണ് ഇന്‍ഡ്യ പ്രതികരിച്ചത്. പക്ഷേ ട്രൂഡോയുടെ ഈ ആരോപണത്തിന് പിന്നാലെ ഇന്‍ഡ്യ - കാനഡ ബന്ധം വഷളായിരുന്നു.