Accusation | 'വിമാനം വെടിവച്ചിട്ടതാണെന്ന് വ്യക്തമായി, പുട്ടിന്‍ കുറ്റം സമ്മതിക്കണം'; ആവശ്യവുമായി അസര്‍ബൈജാന്‍ പ്രസിഡന്റ്
ബാക്കു: (KasargodVartha) കസാക്കിസ്ഥാനില്‍ ഈയാഴ്ച തകര്‍ന്നുവീണ അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഉണ്ടായിരുന്ന 38 പേരാണ് മരിച്ചത്. യാത്രക്കാരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ കാരണം മറച്ചുവയ്ക്കാന്‍ റഷ്യ ശ്രമിച്ചെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് പറഞ്ഞു. റഷ്യയില്‍ നിന്ന് വെടിയേറ്റതിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നും അപകടത്തിന്റെ കാരണം മറച്ചുവെക്കാന്‍ റഷ്യ ശ്രമിച്ചുവെന്നും ദുരന്തത്തില്‍ റഷ്യ കുറ്റംസമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചില റഷ്യന്‍ സര്‍ക്കിളുകള്‍ തകര്‍ച്ചയുടെ കാരണങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി സത്യം മറച്ചുവെക്കാന്‍ ശ്രമിച്ചതില്‍ താന്‍ ഖേദിക്കുന്നതായി പ്രസിഡന്റ് അലിയേവ് പറഞ്ഞതായി അസര്‍ബൈജാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാന അപകടത്തില്‍ റഷ്യ കുറ്റം സമ്മതിക്കുകയും സൗഹൃദ രാജ്യമായി കണക്കാക്കപ്പെടുന്ന അസര്‍ബൈജാനോട് ക്ഷമാപണം നടത്തുകയും വെണമെന്നും പ്രസിഡന്റ് അലിയേവ് കൂട്ടിച്ചേര്‍ത്തു.
കസഖ്സ്ഥാനില്‍ വിമാനം തകര്‍ന്നു വീണ സംഭവത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ക്ഷമ ചോദിച്ചതിന് പിന്നാലെയാണ് അസര്‍ബൈജാന്‍ പ്രസിഡന്റിന്റെ പ്രതികരണം. 'വിമാനം റഷ്യ വെടിവച്ചിട്ടതാണെന്ന് പൂര്‍ണ വ്യക്തതയോടെ പറയാന്‍ കഴിയും. അത് മനപ്പൂര്‍വം ചെയ്തതാണെന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ അങ്ങനെ ചെയ്തു' അദ്ദേഹം പറഞ്ഞു. കുറ്റം സമ്മതിച്ച് സൗഹൃദരാജ്യമായ അസര്‍ബൈജാനിലെ ജനങ്ങളോട് സത്യാവസ്ഥ അറിയിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുടെ വ്യോമപ്രതിരോധ മേഖലയില്‍ നടന്ന സംഭവത്തില്‍ അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനോട് ഫോണിലാണ് പുട്ടിന്‍ ഖേദം അറിയിച്ചത്. യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം തടയാന്‍ ഗ്രോസ്‌നിയില്‍ വ്യോമപ്രതിരോധ വിഭാഗം ശ്രമം നടത്തിയിരുന്നുവെന്ന് റഷ്യ ഔദ്യോഗിക വിശദീകരണത്തില്‍ പറഞ്ഞു. അതേസമയം അതുമൂലമാണോ വിമാനം തീപിടിക്കാന്‍ ഇടയാക്കിയതെന്നു വിശദീകരിച്ചിട്ടില്ല.
ബാക്കുവില്‍നിന്നു ദക്ഷിണ റഷ്യയിലെ ഗ്രോസ്‌നിയിലേക്കു പുറപ്പെട്ട അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനമാണു കസഖ്സ്ഥാനിലെ അക്തൗവില്‍ തകര്‍ന്നുവീണത്. വിമാനം കാസ്പിയന്‍ കടലിനു കുറുകെ കസാക്കിസ്ഥാനിലേക്ക് തിരിച്ചുവിടുന്നതിന് മുമ്പ് റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനത്തില്‍ നിന്ന് വെടിവച്ചിട്ടതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
#Azerbaijan #Russia #planeCrash #internationalRelations #Putin #Aliyev #Ukraine