city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഏഷ്യന്‍ ഗെയിംസിന് തിരശ്ശീല ഉയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ജക്കാര്‍ത്ത:(www.kasargodvartha.com 18/08/2018) ഏഷ്യന്‍ ഗെയിംസിന്റെ പതിനെട്ടാം പതിപ്പിന് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും പാലെംബാങ്ങിലും ശനിയാഴ്ച തുടക്കമാകും. സെപ്തംബര്‍ രണ്ടിനാണ് സമാപനം. 45 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ മേളയില്‍ പങ്കെടുക്കും. 40 ഇനങ്ങളിലായി 460 മത്സരങ്ങളാണുള്ളത്. ആതിഥേയരായ ഇന്തോനേഷ്യയുടേതാണ് ഏറ്റവും വലിയ സംഘം. 951 പേര്‍ ഇന്തോനേഷ്യയ്ക്കായി മത്സരിക്കും. ഇന്ത്യക്ക് 572 അംഗ സംഘമാണ്. 36 ഇനങ്ങളില്‍ ഇന്ത്യ മത്സരിക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങുകള്‍ മാത്രമാണ് ശനിാഴ്ച ഉണ്ടാവുക. മത്സരങ്ങള്‍ 19ന് ആരംഭിക്കും.

ഗെയിംസിനായി ജക്കാര്‍ത്ത പൂര്‍ണമായും ഒരുങ്ങി. കായിക താരങ്ങള്‍ എത്തിച്ചേര്‍ന്നു. 2020 ഒളിമ്ബിക്‌സിലേക്കുള്ള തയ്യാറെടുപ്പാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഏഷ്യാഡ്. ചൈനയും ജപ്പാനും ദക്ഷിണ കൊറിയയുമൊക്കെ ഒളിമ്പിക്‌സ് ലക്ഷ്യംവച്ചാണ് ഏഷ്യാഡിനെത്തുന്നത്. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഒരു പതായ്ക്കുകീഴില്‍ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഈ ഏഷ്യാഡിനുണ്ട്. ചൈനയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ഇക്കുറിയും ചൈനയ്ക്ക് വെല്ലുവിളി ഉണ്ടാവില്ലെന്നാണ് വിലയിരുത്തുന്നത്. രണ്ടാം സ്ഥാനത്തിനു വേണ്ടി കൊറിയയും ജപ്പാനും തമ്മിലായിരിക്കും മത്സരമെന്നും കരുതുന്നു.

ഏഷ്യന്‍ ഗെയിംസിന് തിരശ്ശീല ഉയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ഇന്ത്യ കഴിഞ്ഞ പതിപ്പില്‍ 11 സ്വര്‍ണമുള്‍പ്പെടെ 57 മെഡലുകളുമായി എട്ടാംസ്ഥാനത്തായിരുന്നു. ഇക്കുറി മികച്ച സംഘമാണ്. ജാവലിന്‍ ത്രോയിലെ ജൂനിയര്‍ ലോക റെക്കോഡുകാരന്‍ നീരജ് ചോപ്രയാണ് ടീമിന്റെ നായകന്‍. ഷൂട്ടിങ്, ബോക്‌സിങ്, ഗുസ്തി എന്നിവയിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. ഇന്ത്യയുടെ പ്രധാന സ്വര്‍ണമെഡല്‍ പ്രതീക്ഷ ഹോക്കിയിലാണ്. ആദ്യഘട്ട ഒരുക്കത്തിനിടെ ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ സന്നാഹ മത്സരങ്ങള്‍ കളിച്ചു. ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ശ്രീജേഷ് പറഞ്ഞു. താരങ്ങള്‍ മികച്ച ഫോമിലാണ്. സ്വര്‍ണം നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീജേഷ് പറഞ്ഞു.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മുന്ന് തവണ സ്വര്‍ണമണിഞ്ഞിട്ടുണ്ട്. ഒന്‍പത് തവണ വെള്ളിയും. 1966, 1998, 2014 വര്‍ഷങ്ങളിലാണ് ടീം ജേതാക്കളായത്. പാകിസ്ഥാന്‍ എട്ടുതവണ സ്വര്‍ണം നേടി. ഏഴുതവണ ഇന്ത്യയെ തോല്‍പ്പിച്ചായിരുന്നു പാക് നേട്ടം. ജക്കാര്‍ത്തയില്‍ സ്വര്‍ണം നേടിയാല്‍ 2020ലെ ടോക്യോ ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത ലഭിക്കും. സ്വര്‍ണനേട്ടം നവംബറില്‍ ഭുവനേശ്വറില്‍ നടക്കുന്ന ലോകകപ്പില്‍ ആതിഥേയര്‍ക്ക് ആത്മവിശ്വാസം പകരുന്നതുമാകും.

പതിവുപോലെ പാകിസ്ഥാനും ദക്ഷിണ കൊറിയയുമാണ് കരുത്തരായ എതിരാളികള്‍. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന കഴിഞ്ഞ ഗെയിംസില്‍ ഷൂട്ടൗട്ടില്‍ പാകിസ്ഥാനെ മറികടന്നാണ് ഇന്ത്യ സ്വര്‍ണമണിഞ്ഞത്. നിശ്ചിതസമയത്ത് ഇരുടീമും ഓരോ ഗോള്‍ നേടി. 2010ല്‍ ഇന്ത്യ സെമിയില്‍ തോറ്റു. പാകിസ്ഥാനും ദക്ഷിണ കൊറിയക്കും പഴയ കരുത്തില്ല. എങ്കിലും ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. ദക്ഷിണ കൊറിയ ഉള്‍പ്പെടുന്ന പൂള്‍ എയിലാണ് ഇന്ത്യ. ജപ്പാന്‍, ശ്രീലങ്ക, ഹോങ്കോങ് എന്നിവരാണ് പൂളിലെ മറ്റുടീമുകള്‍. കൊറിയയും ഇന്ത്യയും ഈ പൂളില്‍നിന്ന് അനായാസം മുന്നേറുമെന്ന് കണക്കുകൂട്ടുന്നു.

മുഖ്യ കോച്ച് ഹരേന്ദ്ര സിങ് തികഞ്ഞ പ്രതീക്ഷയിലാണ്. വിശ്രമത്തിനു ശേഷം കളിക്കാര്‍ കൂടുതല്‍ ഊര്‍ജസ്വലരാണെന്ന് പരിശീലകന്‍ പറഞ്ഞു. സ്വര്‍ണം നേടി ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കും. ആക്രമണത്തിലെ പിഴവുകള്‍ തിരുത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ. സന്നാഹമത്സരങ്ങളിലെ പിഴവുകള്‍ തിരുത്താനും ശ്രമിക്കുന്നുവെന്ന് ഹരേന്ദ്ര സിങ് പറഞ്ഞു.

അതിനിടെ ലിയാന്‍ഡര്‍ പേസ് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി. ഡബിള്‍സില്‍ തനിക്ക് ലഭിച്ച പങ്കാളിയെ ചൊല്ലിയുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് ലിയാന്‍ഡര്‍ പെയസ് ശനിയാഴ്ച തുടങ്ങാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറുന്നത്. ഇന്ത്യയുടെ മികച്ച ഡബിള്‍സ് താരങ്ങളായ രോഹന്‍ ബൊപ്പണ്ണയെയോ ദിവിജ് ശരണിനെയോ ആണ് ലിയാന്‍ഡര്‍ പേസ് ആവശ്യപ്പെട്ടിരുന്നത്.

ഏഷ്യന്‍ ഗെയിംസില്‍ അഞ്ച് സ്വര്‍ണമടക്കം എട്ട് മെഡല്‍ നേടിയ താരമാണ് ലിയാന്‍ഡര്‍ പേസ്. ഫോം കാണാതെ ഉഴറുന്ന സുമിത് നഗലിനെയാണ് പേസിന് പങ്കാളിയായി ഫെഡറേഷന്‍ നിശ്ചയിച്ചത്. രോഹന്‍ ബൊപ്പണ്ണയെയും ദിവിജ് ശരണിനെയും അവരുടെ അഭ്യര്‍ഥനപ്രകാരം ഒരു ടീമായി മത്സരിക്കാന്‍ അഖിലേന്ത്യാ ഫെഡറേഷന്‍ അനുമതി നല്‍കിയതും ഇന്ത്യന്‍ ടെന്നീസിന് വിലപ്പെട്ട സംഭാവന നല്‍കിയ പേസിനെ ചൊടിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Sports, Top-Headlines, Asian games will start on Saturday evening

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia