Allegation | കനത്ത മഴയിൽ മഞ്ചേശ്വരം പൊസോട്ട് 3 വീടുകൾ വെള്ളത്തിൽ മുങ്ങി; ദേശീയപാതയിൽ ഷിറിയയിൽ വെള്ളത്തിന്റെ കുത്തൊഴുക്ക്
● പൊസോട്ട് മഹ്‌മൂദ്, ഇസ്മാഈൽ, അബ്ദുർ റഹ്‌മാൻ എന്നിവരുടെ വീടുകളാണ് പൂർണമായും വെള്ളത്തിൽ മുങ്ങിയത്.
● വീട്ടുകാർ വീടിന്റെ ഒന്നാം നിലയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.
● അശാസ്ത്രീയമായ ദേശീയപാത നിർമാണമാണ് ഈ പ്രശ്നത്തിന് കാരണമെന്ന് വീട്ടുകാരും നാട്ടുകാരും പറഞ്ഞു.
മഞ്ചേശ്വരം: (KasargodVartha) ഫിൻജാൽ ചുഴലിക്കാറ്റിന്റെ ശക്തയിൽ കാസർകോട് ജില്ലയിൽ അതിശക്തമായ മഴ. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ജനജീവിതം ദുസ്സഹമായി. മഞ്ചേശ്വരം പൊസോട്ട് മൂന്ന് വീടുകൾ വെള്ളത്തിൽ മുങ്ങി. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തത് കാരണമാണ് സമീപത്തെ മൂന്ന് വീടുകൾ പകുതിയോളം വെള്ളത്തിൽ മുങ്ങിയതെന്നാണ് ആക്ഷേപം.
തിങ്കളാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ മഴ മണിക്കൂറുകൾ കൊണ്ടാണ് നിറഞ്ഞൊഴുകിയത്. പൊസോട്ട് മഹ്‌മൂദ്, ഇസ്മാഈൽ, അബ്ദുർ റഹ്‌മാൻ എന്നിവരുടെ വീടുകളാണ് പൂർണമായും വെള്ളത്തിൽ മുങ്ങിയത്. വൈദ്യുതി ഉപകരണങ്ങൾ, വസ്ത്രങ്ങൾ, മറ്റ് വീട്ടുപകരണങ്ങൾ അടക്കം മഴയിൽ കുതിർന്ന് നശിച്ചു. വീട്ടുകാർ വീടിന്റെ ഒന്നാം നിലയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്
മഴ നിന്ന് വെള്ളം ഇറങ്ങിപ്പോയാൽ മാത്രമേ ഇവർക്ക് താഴെയിറങ്ങാൻ കഴിയുകയുള്ളൂവെന്ന നിലയിലാണ് അവസ്ഥ. അശാസ്ത്രീയമായ ദേശീയപാത നിർമാണമാണ് ഈ പ്രശ്നത്തിന് കാരണമെന്ന് വീട്ടുകാരും നാട്ടുകാരും പറഞ്ഞു. തങ്ങൾക്ക് ഉണ്ടായ നഷ്ടത്തിന് എന്ത് പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്നാണ് ഇവർ ചോദിക്കുന്നത്.
കുമ്പള ഷിറിയയിൽ ദേശീയപാതയിൽ വെള്ളം കുത്തിയൊലിച്ച് പോയതിനാൽ വാഹന ഗതാഗത്തിനും തടസം നേരിട്ടു. വാഹനങ്ങൾ പകുതിയോളം മുങ്ങുന്ന രീതിയിലാണ് ഇവിടെ റോഡിൽ വെള്ളം കയറിയത്. മഞ്ചേശ്വരം താലൂകിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തിരിക്കുന്നത്. ഇവിടത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. നാശനഷ്ടം ഉണ്ടായ സ്ഥലങ്ങളിലെല്ലാം റവന്യൂ അധികൃതർ എത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്.
#Manjeshwaram, #Flood, #HeavyRain, #Shiriya, #Kasaragod, #NationalHighway