Weather Alert | മഴ തിമിർത്തുപെയ്യുന്നു: ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
തിരുവനന്തപുരം: (KasaragodVartha) കേരളത്തിൽ അടുത്ത 48 മണിക്കൂർ നേരം അതിതീവ്ര മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശമാണിത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകളും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളും അപകടസാധ്യതയുള്ളതിനാൽ അവിടെ താമസിക്കുന്നവർ മുൻകരുതൽ സ്വീകരിക്കണം. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്ന് പകൽ സമയത്ത് തന്നെ അഭയം തേടണം. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ട്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.ശക്തമായ മഴ സമയത്ത് നദികൾ മുറിച്ചുകടക്കുന്നതും ജലാശയങ്ങളിൽ കുളിക്കുന്നതും മീൻപിടുിക്കുന്നതും പോലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണം.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ ചെയ്യരുത്. അത്യാവശ്യമല്ലാത്ത യാത്രകൾ മഴ ശക്തമാകുമ്പോൾ ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണം.
ജലാശയങ്ങൾക്ക് അടുത്തുള്ള റോഡുകളിലും അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കണം. അതിശക്തമായ മഴയിൽ റോഡപകടങ്ങൾ വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കരുത്. സ്വകാര്യ-പൊതു ഇടങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ എന്നിവ സുരക്ഷിതമാക്കണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുക.
കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യതയിലും സഹായത്തിനും 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.