Weather Alert | ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കാസർകോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം
കാസർകോട്: (KasargodVartha) കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ തിങ്കളാഴ്ച (24-06-2024) രാവിലെ 05.30 മുതൽ രാത്രി 11.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കേരള തീരത്തും, തമിഴ്‌നാട് തീരത്തും തിങ്കളാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ജാഗ്രത നിർദേശങ്ങൾ
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
ശക്തമായ മഴയ്ക്കും സാധ്യത
മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുനമർദ പാത്തി സ്ഥിതിചെയ്യുന്നു. പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷകാറ്റ് അടുത്ത മൂന്ന് ദിവസം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി, ഞായറാഴ്ച (ജൂൺ 23) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമായ മഴയ്ക്കും, ജൂൺ 23 മുതൽ 25 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, ജൂൺ 23 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.