Power | ശക്തമായ മഴ തുടരും; കാസർകോട്ട് വൈദ്യുതി തടസം നീക്കാൻ രാവിലെ 6 മുതൽ 8 വരെ പ്രത്യേക നടപടി
ജൂലൈ 17,18,19 തീയ്യതികളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
കാസർകോട്: (KasargodVartha) ജില്ലയിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ രാവിലെ ആറുമണി മുതൽ എട്ടു മണി വരെ പ്രത്യേക പട്രോളിംഗ് നടത്തി വൈദ്യുതി തടസം നീക്കുന്നതിന് വൈദ്യുതി ബോർഡിന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ നിർദേശം നൽകി. ജില്ലയിൽ ഇതിനായി പ്രത്യേക ടീമിനെ നിയോഗിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ എസ് ഇ ബി ഡപ്യൂട്ടി ചീഫ് എൻജിനീയർക്ക് കളക്ടർ നിർദ്ദേശം നൽകി.
കാസര്‍കോട് ഓറഞ്ച് അലര്‍ട്ട്
കാസര്‍കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ജൂലൈ 17,18,19 തീയ്യതികളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജൂലൈ 20ന് മഞ്ഞ അലര്‍ട്ടാണ്.
അതീവ ജാഗ്രത പാലിക്കണം
അതിശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.