ദേശീയപാതയോരത്ത് കുടിവെള്ളം മുട്ടുന്നു; കിണറുകൾ വറ്റിത്തുടങ്ങി, കുടുംബങ്ങൾ ആശങ്കയിൽ
● ദേശീയപാത കടന്നുപോകുന്ന ടൗണുകളിലാണ് ശുദ്ധജലക്ഷാമം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
● പാതയോരത്തെ തണൽ മരങ്ങൾ മുറിച്ചുമാറ്റിയതും ദേശീയപാതയുടെ മതിലുകളും ചൂടിന്റെ കാഠിന്യം വർദ്ധിപ്പിച്ചു.
● ദേശീയപാത നിർമ്മാണം കിണറുകളിലെ ജലനിരപ്പ് താഴാൻ കാരണമായെന്ന് നാട്ടുകാരുടെ പരാതി.
● ലഭിക്കേണ്ട വേനൽമഴ ഇത്തവണ കാസർകോട് ഭാഗങ്ങളിൽ ലഭിക്കാത്തതും വലിയ തിരിച്ചടിയായി.
കാസർകോട്: (KasargodVartha) വേനൽ കടുത്തതോടെ നാട് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നു. ഇത്തവണ വേനലിന്റെ തുടക്കത്തിൽ തന്നെ ശുദ്ധജലക്ഷാമം റിപ്പോർട്ട് ചെയ്യപ്പെട്ടത് കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഫെബ്രുവരി അവസാനത്തോടെ തന്നെ പലയിടങ്ങളിലും ചൂട് 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.
ദേശീയപാതയോരത്ത് ജലക്ഷാമം രൂക്ഷം
മുൻവർഷങ്ങളിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിലായിരുന്നു രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടിരുന്നതെങ്കിൽ ഇത്തവണ ഫെബ്രുവരിയിൽ തന്നെ കിണറുകൾ വറ്റിത്തുടങ്ങി. ദേശീയപാത കടന്നുപോകുന്ന ടൗണുകളിലാണ് ജലക്ഷാമം ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പാതയോരത്തെ തണൽ മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റിയതും ദേശീയപാതയുടെ വൻ മതിലുകൾ ഉയർന്നതും ചൂടിന്റെ കാഠിന്യം വർധിക്കാൻ ഇടയാക്കിയെന്ന് നാട്ടുകാർ പറയുന്നു.
ദേശീയപാത നിർമ്മാണം കിണറുകളിലെ ജലനിരപ്പ് താഴാൻ കാരണമായതായും മൊഗ്രാൽ ടൗണിലെ താമസക്കാരനായ സിദ്ദീഖ് പറഞ്ഞു. ഇതിനിടെ ലഭിക്കേണ്ട വേനൽമഴ ഇത്തവണ ഈ ഭാഗങ്ങളിൽ ലഭിക്കാത്തതും തിരിച്ചടിയായി.
ശാസ്ത്രീയ പഠനം വേണമെന്ന് ആവശ്യം
നേരത്തെ തന്നെയുണ്ടായ ശുദ്ധജലക്ഷാമത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങൾ അനിവാര്യമാണെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ അടിയന്തരമായി വെള്ളമെത്തിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.
പുതിയ ഇത്തരം വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: Kasaragod is facing a severe water crisis unusually early in the summer, with wells drying up by February. Locals attribute the acute shortage to the ongoing National Highway construction, deforestation along the roads, and a lack of summer showers.
#KasaragodNews #WaterCrisis #SummerHeat #KeralaWeather #NH66 #Deforestation #ClimateChange






