സങ്കടക്കടലിൽ തീരം: പെർവാഡ് കടപ്പുറത്ത് കടൽക്ഷോഭം രൂക്ഷം, തെങ്ങുകൾ കടലെടുക്കുന്നു
● തേങ്ങയ്ക്ക് വിലയുള്ള സമയത്ത് സാമ്പത്തിക നഷ്ടം.
● തീരദേശ റോഡുകൾ പൂർണ്ണമായി നഷ്ടപ്പെട്ടു.
● നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
● അടിയന്തിര പരിഹാരത്തിനായി ജനങ്ങൾ കാത്തിരിക്കുന്നു.
കുമ്പള: (KasargodVartha) ശക്തമായ കാറ്റിലും മഴയിലും കടൽ പ്രക്ഷുബ്ധമായതോടെ തീരദേശവാസികളുടെ ജീവിതം ദുസ്സഹമാകുന്നു. പെർവാഡ് കടപ്പുറത്ത് കടൽഭിത്തിയും തീരവും പൂർണ്ണമായി കടലെടുത്തതിന് പിന്നാലെ, ഇപ്പോൾ തെങ്ങുകളും കടലെടുക്കാൻ തുടങ്ങിയത് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
ഞായറാഴ്ച രാവിലെ മാത്രം പത്തോളം തെങ്ങുകളാണ് കടലെടുത്തത്. കഴിഞ്ഞ ദിവസം കോയിപാടി കടപ്പുറത്തും സമാനമായി തെങ്ങുകൾ നഷ്ടപ്പെട്ടിരുന്നു. ഉപ്പളയിൽ നേരത്തെ നൂറുകണക്കിന് കാറ്റാടി മരങ്ങളും തീരദേശ റോഡും കടലെടുത്തത് വലിയ നാശനഷ്ടങ്ങൾക്ക് വഴിവെച്ചിരുന്നു.
തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്ന ഈ സമയത്ത് നല്ല വിളവ് നൽകുന്ന തെങ്ങുകൾ കടലെടുക്കുന്നത് തീരദേശവാസികൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നത്. കടലിൽ പോകാൻ കഴിയാത്ത അവസ്ഥയും തെങ്ങുകളിൽ നിന്നുള്ള വരുമാനം നിലച്ചതും അവരുടെ ജീവിതത്തെ കൂടുതൽ ദുരിതത്തിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി തീരദേശ മേഖലയിൽ അതിരൂക്ഷമായ കടലാക്രമണമാണ് നേരിടുന്നത്. പല സ്ഥലങ്ങളിലും വീടുകളിലേക്ക് കടൽ വെള്ളം ഇരച്ചുകയറുന്ന സാഹചര്യമുണ്ടായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നിട്ടുണ്ട്.
തീരദേശ റോഡുകൾ പൂർണ്ണമായി കടലെടുക്കുകയും പാകിയ കടൽഭിത്തികൾ അവശേഷിക്കാത്ത അവസ്ഥയിലുമാണ്. നിലവിൽ അവശേഷിക്കുന്ന റോഡുകളും കടലാക്രമണ ഭീഷണിയിലാണ്. അടിയന്തിര പരിഹാര നടപടികളിൽ ഉണ്ടാകുന്ന കാലതാമസം തീരദേശവാസികളുടെ പ്രകോപനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Severe sea erosion in Peruvad beach, coconut trees washed away.
#SeaErosion #KeralaCoast #MonsoonDamage #CoastalLife #Kumbala #NaturalDisaster






