Oman Weather | ഒമാനില്‍ മഴക്കെടുതിയെ തുടര്‍ന്ന് 1300ലേറെ പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി; കാലാവസ്ഥാ വ്യതിയാനം ബാധിച്ച ഗവര്‍ണറേറ്റുകളില്‍ വൈദ്യുതി മുടക്കം നേരിടുന്നു
*ഷിനാസിലെ നിരവധി വീടുകളില്‍ കുടുങ്ങിയ 46 പേരെ സിഡിഎഎ രക്ഷപ്പെടുത്തി.
*വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
*അസ്ഥിര കാലാവസ്ഥ അവസാനിക്കുന്നതുവരെ കടലില്‍ പോകുന്നതിന് വിലക്കേര്‍പെടുത്തി.
മസ്ഖത്: (KasargodVartha) ഒമാനില്‍ മഴക്കെടുതിയെ തുടര്‍ന്ന് നിരവധി പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. വിവിധ ഗവര്‍ണറേറ്റുകളില്‍ ഇതുവരെ 18 ദുരിതാശ്വാസ, അഭയകേന്ദ്രങ്ങളാണ് പ്രവര്‍ത്തനക്ഷമമാക്കിയത്. ഇവിടങ്ങളിലേക്ക് 1,333 പേരെ പ്രവേശിപ്പിച്ചതായി ദേശീയ സെന്റര്‍ ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു.
വടക്കന്‍ ബാത്തിനായില്‍ സ്ഥിചെയ്യുന്നതും യുഎഇ അതിര്‍ത്തിയോട് ചേര്‍ന്നുള്ളതുമായ
ഷിനാസിലെ നിരവധി വീടുകളില്‍ കുടുങ്ങിയ 46 പേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സിഡിഎഎ) രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സിന്റെ റിപോര്‍ടില്‍ പറയുന്നു.
ഗവര്‍ണറേറ്റിലെ ദേശീയ കമിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റിന്റെ (എന്‍സി ഇ എം) ഏകോപനത്തില്‍ രക്ഷപ്പെടുത്തിയവരെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
സുരക്ഷ കണക്കിലെടുത്ത്, അല്‍-ബുറൈമിയില്‍ നിന്ന് സോഹാറിലേക്കുള്ള വാദി അല്‍ ജിസി റോഡും, അല്‍ ജബല്‍ അല്‍ അഖ്ദര്‍ റോഡും അടച്ചിട്ടതായി അറിയിപ്പില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം ബാധിച്ച ഗവര്‍ണറേറ്റുകളില്‍ വൈദ്യുതി മുടക്കം നേരിടുന്നതായും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. വൈദ്യുതി വേഗത്തില്‍ പുനഃസ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായും ദേശീയ സെന്റര്‍ ഫോര്‍ എമര്‍ജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്തെ അസ്ഥിര കാലാവസ്ഥ അവസാനിക്കുന്നതുവരെ കടലില്‍ പോകുന്നതിന് വിലക്കേര്‍പെടുത്തി. സമുദ്ര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നതും ഒഴിവാക്കണമെന്ന് ഒമാന്‍ ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം എല്ലാ കപ്പല്‍ ഉടമകളോടും മറൈന്‍ യൂണിറ്റുകളോടും സമുദ്ര ഗതാഗത കംപനികളോടും ആവശ്യപ്പെട്ടു.