Heavy Rain | കേരളത്തില്‍ കനത്ത മഴ തുടരുന്നു; കോട്ടയത്ത് പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
വ്യാഴാഴ്ച വയനാട്, കണ്ണൂര്‍ ജില്ലകളിലും ഓറന്‍ജ് ജാഗ്രത.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗാപ് റോഡിലൂടെയുള്ള യാത്ര പൂര്‍ണമായും നിരോധിച്ചു.
മൂന്നാറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 3 ദുരിതാശ്വാസ കാംപുകള്‍ തുറന്നു.
ഉയര്‍ന്ന തിരമാലകളും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
കോട്ടയം: (KasargodVartha) കേരളത്തില്‍ ശക്തമായ മഴയോടൊപ്പം കാറ്റും തുടരുകയാണ്. ഈ സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച (ജൂണ്‍ 26) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ദേവികുളം താലൂകിലും ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
അടുത്ത മൂന്ന് മണിക്കൂറില്‍ (നിര്‍ദേശം പുറപ്പെടുവിച്ച സമയം രാവിലെ 6 മണി) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച (27.06.2024) വയനാട്, കണ്ണൂര്‍ ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗാപ് റോഡിലൂടെയുള്ള യാത്ര പൂര്‍ണമായും നിരോധിച്ചു. മൂന്നാറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്ന് ദുരിതാശ്വാസ കാംപുകള്‍ തുറന്നു. ഇടുക്കിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങി. നീരൊഴുക്ക് വര്‍ധിച്ചു. ഇപ്പോള്‍ സംഭരണശേഷിയുടെ 29.80 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷടറുകള്‍ തുറക്കുന്നതിനാല്‍ മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളിലുളളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയുടെ മലയോര മേഖലകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. മരങ്ങള്‍ കടപുഴകി വീഴാനും കൊമ്പൊടിഞ്ഞ് വീഴാനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുണ്ട്. ഗുജറാതിന് മുകളിലായി ഒരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി ഇടിന്നലോടെയുള്ള മഴയും ശക്തമായ കാറ്റോടെയുള്ള മഴയുമാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. ഉയര്‍ന്ന തിരമാലകളും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.