റെഡ് അലർട്ട് നീട്ടി; കേരളത്തിൽ വരും ദിവസങ്ങളിലും കനത്ത മഴ

● അതിതീവ്ര മഴയ്ക്ക് സാധ്യത.
● കോഴിക്കോട്, വയനാട്, കണ്ണൂരിൽ റെഡ് അലർട്ട്.
● ന്യൂനമർദം മഴ കനക്കാൻ കാരണം.
● മണിക്കൂറിൽ 60 കി.മീ. വരെ കാറ്റിന് സാധ്യത.
● തീരപ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം.
തിരുവനന്തപുരം: (KasargodVartha) സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും ഒഡീഷ തീരത്ത് രൂപപ്പെട്ട ന്യൂനമർദവുമാണ് മഴ കനക്കാൻ കാരണം.
വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും, വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും റെഡ് അലർട്ടാണ്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിതീവ്ര മഴ എന്ന് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.
അതേസമയം, ചൊവ്വാഴ്ചയും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലും, ശനിയാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.
ചൊവ്വാഴ്ചയും ബുധനാഴ്ചയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ടാണ്.
അടുത്ത ഒരു മണിക്കൂറിനുള്ളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ചൊവ്വാഴ്ചയും ബുധനാഴ്ചയും കൊങ്കൺ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും, ഇന്ന് തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യപടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
തെക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടലിന്റെ ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, കൊങ്കൺ തീരം, ഗോവ തീരം, തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, മാലിദ്വീപ് പ്രദേശം, ആന്ധ്രാപ്രദേശ് തീരം, ഒഡീഷ തീരം, പശ്ചിമ ബംഗാൾ തീരം, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
ഈ മഴ മുന്നറിയിപ്പ് എല്ലാവരിലേക്കും എത്തിക്കുക, നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Summary: Kerala to experience heavy rainfall for next five days, with red, orange, and yellow alerts issued. Fishing ban in coastal areas.
#KeralaRains, #RedAlert, #WeatherWarning, #MonsoonKerala, #HeavyRain, #KeralaFloods