city-gold-ad-for-blogger

മഴക്കെടുതിയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; 6 പേർ മരിച്ചു, 4 പേരെ കാണാതായി; 6 ജില്ലകളിൽ ഓറഞ്ച് ജാഗ്രത, ഇടുക്കിയിൽ രാത്രിയാത്രാ നിരോധനം

Image Representing Heavy rain batters Kerala: 6 dead and 4 missing in landslides and flash floods; Orange alert in 6 districts
Representational Image Generated by Meta AI

● കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായത്
● പൂക്കോട്ടുംപാടം കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിച്ചു, നാലുപേർക്കായി തെരച്ചിൽ തുടരുന്നു
● മൂന്നാർ കൊട്ടാക്കമ്പൂരിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു
● വേലത്തുശ്ശേരിയിൽ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരിയായ ചെന്നൈ സ്വദേശിനി മരിച്ചു

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് മഴ ശക്തമായതോടെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ. വിവിധയിടങ്ങളിൽ ഒഴുക്കിൽപ്പെട്ടും മണ്ണിടിഞ്ഞും ആറുപേർ മരിക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തു. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അപകടങ്ങളുണ്ടായത്.

കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ: 2 മരണം, 4 പേരെ കാണാതായി

മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിൽ 2026 സെപ്റ്റംബർ 20 ഞായറാഴ്ച വൈകീട്ട് അഞ്ചോടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് രണ്ടുപേർ മരിച്ചു. ഒരു സ്ത്രീയടക്കം നാലുപേരെ ഒഴുക്കിൽപ്പെട്ട് കാണാതായിട്ടുണ്ട്.

മങ്ങാടൻ ബസ് ഉടമ കോട്ടക്കൽ മങ്ങാടൻ ഹമീദിൻ്റെ മകൻ അനസ് (31) ആണ് മരിച്ച ഒരാൾ. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. കരുവാരക്കുണ്ട് സ്വദേശി റഹീം (35), വണ്ടൂർ സ്വദേശി സജാദ് (23), വണ്ടൂർ ചെട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടികെ കോളനി വെളുത്തേടത്ത് സഞ്ജയ്ദാസിൻ്റെ ഭാര്യ സജിത എന്നിവരെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

മൂന്നാറിലും പൂഞ്ഞാറിലും മണ്ണിടിച്ചിൽ

2026 സെപ്റ്റംബർ 20 ഞായറാഴ്ച വൈകിട്ട് നാലരയോടെ മൂന്നാർ കൊട്ടാക്കമ്പൂർ അമ്മൻകോവിൽ ഭാഗത്തെ കൃഷിസ്ഥലത്തെ ഷെഡ്ഡിലേക്ക് മഴവെള്ളപ്പാച്ചിലിനൊപ്പം മണ്ണിടിഞ്ഞുവീണ് കൊട്ടാക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണൻ (50), ചിന്നു (36) എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണൻ്റെ ഭാര്യ മാരിയമ്മ (46)യെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈരാറ്റുപേട്ട-വാഗമൺ റോഡിൽ വേലത്തുശ്ശേരിയിൽ ഞായറാഴ്ച വൈകിട്ട് അഞ്ചോടെ പുരയിടത്തിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ചെന്നൈ സ്വദേശിനി സംഗീതാ അരുൾ ലാൽ (35) മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവതിക്കും പരിക്കേറ്റു.

പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളത്ത് ഉറവപ്ലാവിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ചേലകാട്ട് വീട്ടിൽ ജോസഫ് (അപ്പച്ചൻ-80) മരിച്ചു. മണ്ണിനടിയിൽപ്പെട്ട കുടുംബാംഗങ്ങളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ പരിക്കുകളോടെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കിയിൽ രാത്രിയാത്രാ നിരോധനം

ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ വൈകിട്ട് ഏഴ് മുതൽ രാവിലെ ആറ് വരെ രാത്രിയാത്രകൾ ജില്ലാ ഭരണകൂടം പൂർണമായി നിരോധിച്ചു. ജില്ലയിലെ സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം നൽകി. മൂന്നാറിൽ പഴയ മൂന്നാറിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. വാഹനങ്ങൾ സിഎസ്ഐ പള്ളിക്ക് സമീപത്തുനിന്നും ഗ്യാപ്പ് റോഡിൽ പ്രവേശിച്ച ശേഷം പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്നുവേണം മൂന്നാർ ടൗണിൽ എത്തേണ്ടത്.

അടിമാലി പഴമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ മരങ്ങൾ കടപുഴകി വീണു. നേര്യമംഗലം - വാളറ റോഡിൽ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റില്‍ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Six dead and four missing in Kerala rain; Orange alert in six districts.

#KeralaRain #MonsoonAlert #FlashFloods #LandslideKerala #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia