മത്സ്യക്ഷാമം രൂക്ഷം: ലഭിക്കുന്നത് തീവിലയ്ക്ക്, സാധാരണക്കാരൻ വലയുന്നു!

● അയല, മത്തി എന്നിവയുൾപ്പെടെയുള്ള മീനുകൾക്ക് കിലോയ്ക്ക് 300 രൂപയിലധികമാണ് വില.
● ലഭ്യമായ മീനുകൾ പഴകിയതും ഐസ് ചേർത്തതുമാണ്.
● ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് ഈ പ്രതിസന്ധി വലിയ തിരിച്ചടിയാണ്.
● ശക്തമായ മഴയും കടലാക്രമണവും മത്സ്യബന്ധനത്തിന് തടസ്സമാകുന്നു.
കാസർകോട്: (KasargodVartha) തമിഴ്‌നാട്ടിൽ നിന്നും മറ്റ് ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയിരുന്ന ഐസ് ചേർത്ത മത്സ്യങ്ങളുടെ വരവ് നിലച്ചതോടെ കാസർകോട് വിപണിയിൽ മത്സ്യത്തിന് തീവില. ട്രോളിംഗ് നിരോധന കാലത്തും മത്സ്യബന്ധന തുറമുഖങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും ആവശ്യത്തിന് മത്സ്യം ലഭിച്ചിരുന്ന പതിവ് ഇത്തവണയില്ലെന്ന് മത്സ്യ വിൽപ്പന തൊഴിലാളികൾ പറയുന്നു.
മൊത്ത വ്യാപാരികൾ എവിടെനിന്നെങ്കിലും സംഘടിപ്പിച്ച് മാർക്കറ്റുകളിലെത്തിക്കുന്ന മീനുകൾക്ക് വൻ വിലയാണ് ഈടാക്കുന്നത്. നിലവിൽ അയല, മത്തി, മുള്ളൻ, ചെമ്മീൻ, പൊടിമീൻ, നത്തൽ എന്നിങ്ങനെ ആറ് ഇനം മത്സ്യങ്ങൾ മാത്രമാണ് വിപണിയിലുള്ളത്. ഇവയെല്ലാം പഴകിയതും ഐസ് ചേർത്തതുമാണ്. ഒന്നിനും 300 രൂപയിൽ കുറവില്ല എന്നതാണ് സ്ഥിതി.
വലിയ അയലയ്ക്ക് 500 രൂപ ഈടാക്കുമ്പോൾ ചെറുതിന് 300 രൂപയാണ് വില. ചെമ്മീനും 300 രൂപ മുതൽ 500 രൂപ വരെയാണ് വില. ശനിയാഴ്ച മാർക്കറ്റിൽ മത്തിക്ക് 300 രൂപയായിരുന്നു വില. മുട്ടയുള്ള മത്തിയായതിനാൽ ആവശ്യക്കാർ ഏറെയുണ്ടായിട്ടും വില മുന്നൂറിൽ തന്നെ തുടരുന്നു.
ട്രോളിംഗ് നിരോധന കാലത്ത് ചെറിയ വള്ളങ്ങളിലും തോണികളിലും ചവിട്ടു വലകളായും മീൻ പിടിച്ചിരുന്നുവെങ്കിലും, ഇത്തവണ ശക്തമായ മഴയും കടലേറ്റവും ഇതിന് തടസ്സമായി. ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് മത്സ്യ ചാകരയുടെ കാലമായിരുന്നു ഇത്. എന്നിട്ടും തൊഴിലാളികൾ കഷ്ടപ്പാടിലാണ്.
തീരദേശ മേഖല ഇപ്പോൾ പൂർണ്ണമായും നിശ്ചലമാണ്. രൂക്ഷമായ കടലാക്രമണമാണ് തീരദേശ മേഖല നേരിടുന്നത്. അതുകൊണ്ടുതന്നെ ചെറുതോണികളും വള്ളങ്ങളും കടലിലിറക്കാൻ കഴിയുന്നില്ല. ശക്തമായ മഴ തുടരുകയും ചെയ്യുന്നു. കാലാവസ്ഥ അനുകൂലമായാൽ വള്ളങ്ങൾ കടലിലിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Kasaragod faces severe fish shortage; prices soar above ₹300/kg due to ban and weather.
#FishShortage #Kasaragod #Kerala #SeafoodPrices #MonsoonImpact #FishermenCrisis