കാസർകോട് ശനിയാഴ്ച ഓറൻജ് ജാഗ്രത; ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സജ്ജമാകാൻ നിർദേശം
● പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, കോളജുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്
● മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും യാതൊരു മാറ്റവുമില്ല
● ദുരന്ത പ്രതികരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടം കർശന നിർദേശം നൽകി
● ജില്ലയിലെ ക്വാറികളുടെ പ്രവർത്തനവും മണ്ണ് നീക്കം ചെയ്യലും നിർത്തിവെക്കാൻ ഉത്തരവിട്ടു
കാസർകോട്: (KasargodVartha) കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച (2026 ഓഗസ്റ്റ് 8) അതിശക്തമായ മഴ മുന്നറിയിപ്പും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, കാസർകോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും മതപഠന കേന്ദ്രങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്നും, സ്കൂളുകളിൽ സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കാൻ പാടില്ലെന്നും കളക്ടർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും യാതൊരുവിധ മാറ്റവുമുണ്ടായിരിക്കുന്നതല്ലെന്നും കളക്ടർ വ്യക്തമാക്കി.
കർശന മുൻകരുതൽ നടപടികളുമായി ജില്ലാ ഭരണകൂടം
കാസർകോട് ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ദുരന്ത പ്രതികരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും മുൻകരുതലുകൾ എടുക്കാനും ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണൊലിപ്പ്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം. അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കാനും, നദികൾ, തോടുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുന്നത് കർശനമായി നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകളെയോ പൊലീസിനെയോ ബന്ധപ്പെടാം. ആവശ്യമെങ്കിൽ തഹസിൽദാർമാർ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാനും കളക്ടർ നിർദേശം നൽകി. അപകടസാധ്യതയുള്ള ജനവിഭാഗങ്ങളെയും ഉന്നതികളിൽ താമസിക്കുന്നവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
ഉരുൾപൊട്ടലിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും (ഫ്ലാഷ് ഫ്ലഡ്) സാധ്യതയുള്ള റോഡുകളിലൂടെയുള്ള അടിയന്തര സേവന വാഹനങ്ങൾ ഒഴികെയുള്ള മറ്റ് ഗതാഗതം തടയുന്നതിന് പൊലീസ് നടപടി സ്വീകരിക്കും. മലയോര ഗ്രാമങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ, പുഴയോയോരത്ത് താമസിക്കുന്നവർ എന്നിവർക്ക് കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നതിനും കളക്ടർ നിർദേശം നൽകി.
ആരോഗ്യ വകുപ്പും സജ്ജം
ജില്ലയിലെ എല്ലാ ആശുപത്രികളും സിഎച്ച്സി, പിഎച്ച്സികളും ആവശ്യത്തിന് ജീവനക്കാരെയും മരുന്നുകളും സജ്ജമാക്കി 24 മണിക്കൂറും പൂർണ്ണസജ്ജമായി പ്രവർത്തിക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഫീൽഡ് തല മെഡിക്കൽ ടീമുകളെ രൂപീകരിക്കുകയും പകർച്ചവ്യാധി പ്രതിരോധ നടപടികൾ ഉറപ്പാക്കുകയും ചെയ്യണം. ജില്ലയിലെ പ്രധാന നദികളിലെ ജലനിരപ്പ് ഓരോ മൂന്ന് മണിക്കൂറിലും ജലസേചന വകുപ്പ് കൃത്യമായി നിരീക്ഷിക്കേണ്ടതാണ്. വെള്ളപ്പൊക്ക സാധ്യതയുള്ളതും ഒഴിപ്പിക്കേണ്ടതുമായ പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൃത്യസമയത്ത് കൈമാറണമെന്നും കളക്ടർ നിർദേശിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക്
മലയോര റോഡുകളിലെ അരുവികൾക്കും തോടുകൾക്കും സമീപം വാഹനങ്ങൾ നിർത്തുന്നതും നദികളിൽ കുളിക്കുന്നതും വിനോദസഞ്ചാരികൾ ഒഴിവാക്കണം. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, മണ്ണ് നീക്കം ചെയ്യൽ തുടങ്ങിയ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ കളക്ടർ ഉത്തരവിട്ടു. ദേശീയപാത 66-ന്റെ നിർമ്മാണ പ്രദേശങ്ങളിൽ മണ്ണിടിച്ചിലോ വെള്ളക്കെട്ടോ ഉണ്ടാകുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകൾ അടിയന്തരമായി സ്വീകരിക്കണം.
കാലവർഷ-തുലാവർഷ മുന്നൊരുക്ക മാർഗ്ഗരേഖ ഓറഞ്ച് ബുക്ക് 2025 അനുസരിച്ച് ദുരന്ത ലഘൂകരണ പ്രതികരണ മാർഗ്ഗരേഖകൾ നടപ്പിലാക്കാൻ എല്ലാ വകുപ്പ് മേധാവികൾക്കും ജില്ലാ കളക്ടർ കർശന നിർദേശം നൽകിയിട്ടുണ്ട്. ദുരന്ത സാധ്യത സ്ഥലങ്ങളിൽ നിരന്തരം ജാഗ്രത പാലിക്കാൻ കളക്ടർ ആവശ്യപ്പെട്ടു. താലൂക്ക് കൺട്രോൾ റൂമുകളുടെ പ്രവർത്തനം 24 മണിക്കൂറും ഉറപ്പാക്കാൻ നിർദേശിച്ചു.
വെള്ളിയാഴ്ച മഴക്കെടുതികൾ
വെള്ളിയാഴ്ച അതിതീവ്ര മഴയിൽ നർക്കിലക്കാട് ചിറ്റാരിക്കാൽ റോഡിൽ കോട്ടമല എസ്റ്റേറ്റിന് സമീപത്ത് ഉരുൾപൊട്ടിയെങ്കിലും ആളപായമില്ല. ചിറ്റാരിക്കാൽ മാലോം മലയോര ഹൈവേയിൽ മണ്ണിടിഞ്ഞെങ്കിലും പിന്നീട് ഗതാഗത യോഗ്യമാക്കി. തെക്കിൽ ആലട്ടി റോഡിൽ കൊളത്തൂർ വില്ലേജ് പരിധിയിൽ ഹെയർപിൻ വളവിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണെങ്കിലും ഗതാഗത തടസ്സമില്ല.
കാറ്റ് മുന്നറിയിപ്പ്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളിയാഴ്ചയും (2026 ഓഗസ്റ്റ് 7) ശനിയാഴ്ചയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതായി ജില്ലാ കളക്ടർ പറഞ്ഞു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.
കാലാവസ്ഥാ മുന്നറിയിപ്പുകളുമായി ബന്ധപ്പെട്ട ഈ വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.
Article Summary: Kasaragod District Collector Arjun Pandian declared a holiday for all educational institutions on August 8, 2026, due to an orange alert for heavy rain, and ordered strict precautionary measures across the district.
#Kasaragod #OrangeAlert #HeavyRain #SchoolHoliday #KeralaWeather #ArjunPandianIAS #KasargodVartha #AparnaNews






