Weather Update | അടുത്ത 4 ദിവസവും കാസർകോട്ട് ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥാ വകുപ്പ്; താപനില 36 ഡിഗ്രി വരെ ഉയരാൻ സാധ്യത; സാധാരണയെക്കാൾ 2 - 4 ഡിഗ്രി കൂടുതൽ
* ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത
* പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി വരെയെത്താം
കാസർകോട്: (KasargodVartha) സംസ്ഥാനത്ത് ചൂട് കനത്ത് ചുട്ടുപൊള്ളുന്ന കാലാവസ്ഥയായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ എട്ട് മുതൽ ഏപ്രിൽ 12 വരെ കാസർകോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ കൂടുതലാണിത്.
പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, കണ്ണൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരുമെന്നാണ് പ്രവചനം.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഏപ്രിൽ 12 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിന്റെ വേഗത സെകൻഡിൽ അഞ്ച് - 20 സെന്റി മീറ്ററുകൾക്കിടയിൽ ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) അറിയിച്ചിട്ടുണ്ട്.