Collapsed | മഴയ്‌ക്കൊപ്പം കാറ്റും; കാസർകോട് നഗരത്തിൽ കൂറ്റൻ ഫ്‌ലക്‌സ് ബോർഡ് പൊട്ടിവീണു; ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുകൾ
കാസർകോട്: (KasargodVartha) ഞായറാഴ്ച വൈകുന്നേരം കാസർകോട് നഗരത്തിൽ മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റിൽ കൂറ്റൻ ഫ്‌ലക്‌സ് ബോർഡ് പൊട്ടിവീണു. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ബസുകൾ പ്രവേശിക്കുന്ന ഭാഗത്ത് സ്ഥാപിച്ചിരുന്ന ബോർഡാണ് പൊട്ടിവീണത്. ഞായറാഴ്ച ആയതുകൊണ്ട് ആളുകൾ കുറവായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ഫ്‌ലക്‌സ് ബോർഡിന് ബലം നൽകിയിരുന്ന ഇരുമ്പ് കമ്പികളും കോൺക്രീറ്റ് ഭാഗങ്ങളുമടക്കമുള്ളവയും താഴേക്ക് പതിച്ചു. ഇതിനടിയിൽ നിർത്തിയിട്ടിരുന്ന രണ്ട് ഇരുചക്ര വാഹങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി കേബിളുകളും പൊട്ടിവീണതിനാൽ ഇന്റർനെറ്റ് അടക്കമുള്ള സേവനങ്ങളും പലയിടത്തും തടസപ്പെട്ടു.
സംഭവത്തെ തുടർന്ന് അൽപനേരം ഗതാഗത തടസവുമുണ്ടായി. പൊലീസ് കേബിളുകളും മറ്റും റോഡിൽ നിന്ന് നീക്കിയാണ് ഗതാഗത തടസം നീക്കിയത്. വൈകുന്നേരം മുതൽ കാസർകോട് നഗരത്തിൽ ആകാശം മേഘാവൃതമായിരുന്നു.