Summer Rain | കാസർകോട്ട് ചിലയിടങ്ങളിൽ കനത്ത ഇടിയും മഴയും; കൊടും ചൂടിൽ കുളിരായി
വൈദ്യുതി ബന്ധം പലയിടത്തും വിഛേദിക്കപ്പെട്ടു
കാസർകോട്: (KasaragodVartha) ജില്ലയിൽ ചിലയിടങ്ങളിൽ കനത്ത ഇടിയും മഴയും. കടുത്ത വേനലിൽ മഴ കിട്ടിയത് നാടിന് കുളിരായി മാറി. മഴ അര മണിക്കൂറിലധികം നീണ്ടുനിന്നു. കരിഞ്ഞുണങ്ങിയ കാർഷിക വിളകൾക്കും മഴ അനുഗ്രഹമായി മാറി.
രാത്രി 7.30 മണിയോടെ തുടങ്ങിയ മഴ എട്ടു മണി വരെ നീണ്ടുനിന്നു. കനത്ത ഇടിമിന്നലിൽ വൈദ്യുതി ബന്ധം പലയിടത്തും വിഛേദിക്കപ്പെട്ടു. തൃക്കരിപ്പൂർ, പടന്ന, പിലിക്കോട്, കരിവെള്ളൂർ ഭാഗങ്ങളിൽ ശക്തമായ ഇടിയും മഴയുമാണ് ലഭിച്ചത്. കാലവർഷത്തിന് ശേഷം ഈ ഭാഗങ്ങളിൽ ഇതുവരെ മഴ ലഭിച്ചിരുന്നില്ല.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.