Alert | കഴിഞ്ഞ 72 മണിക്കൂറിൽ കാസർകോട്ട് പെയ്‌തത് പെരുംമഴ; പലയിടത്തും ലഭിച്ചത് 200 മില്ലിമീറ്ററിനു മുകളിൽ
തീവ്രമഴ ലഭിക്കുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്
കാസർകോട്: (KasaragodVartha) കഴിഞ്ഞ 72 മണിക്കൂറിൽ കാസർകോട്ട് പെയ്‌തത് പെരുംമഴ. പല പ്രദേശങ്ങളിലും 200 മില്ലിമീറ്ററിനു മുകളിൽ മഴ പെയ്തിട്ടുണ്ട്. പാണത്തൂർ, പടിയത്തടുക്ക, ഷേണി, പൈക്ക, വെള്ളരിക്കുണ്ട് എന്നീ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചു. പാണത്തൂര്‍ പ്രദേശത്ത് 305, അഡൂര്‍ വില്ലേജിലെ പടിയത്തടുക്ക പ്രദേശത്ത് 240.2, ഷേണി പ്രദേശത്ത് 216.2, പൈക്ക പ്രദേശത്ത് 212, വെള്ളരിക്കുണ്ട് പ്രദേശത്ത് 236.5 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി.
ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ, വരും മണിക്കൂറുകളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തീവ്രമഴ ലഭിക്കുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ പാണത്തൂര്‍, പടിയത്തടുക്ക, ഷേണി, പൈക്ക, വെള്ളരിക്കുണ്ട് എന്നീ പ്രദേശങ്ങളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതർ അറിയിച്ചു.
കൂടാതെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍ വില്ലേജിലെ പാലച്ചാല്‍, കോട്ടക്കുന്ന്, മാലോത്ത് വില്ലേജിലെ മഞ്ചുച്ചാല്‍, ചെത്തിപ്പുഴത്തറ്റ്, നമ്പ്യാര്‍മല, കാട്ടാന്‍കവല, വെസ്റ്റ് എളേരി വില്ലേജിലെ മുത്തപ്പന്‍പ്പാറ, കോട്ടമല, മുടന്തന്‍പ്പാറ, ചിറ്റാരിക്കല്‍ വില്ലേജിലെ മണ്ഡപം, ഗോക്കടവ്, അറക്കത്തട്ട്, ബേളൂര്‍ വില്ലേജിലെ നായ്കയം, നരയാര്‍, പടിമരുത്, കള്ളാര്‍ വില്ലേജിലെ നീലിമല, പെരിങ്കയം, പനത്തടി വില്ലേജിലെ കമ്മാടി, കല്ലപ്പള്ളി, പുളിങ്കുച്ചി, റാണിപുരം, കടിക്കല്‍, ഓട്ടമല, തുമ്പോഡി, പെരുത്തടി, തായന്നൂര്‍ കുളിയാര്‍ എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഗതാഗതം നിരോധിച്ചു
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ദേശീയപാതയുടെ ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ഭാഗങ്ങളിൽ ഗതാഗതം നിരോധിച്ചു. ജില്ലാ കലക്ടറാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. ജൂലൈ 31 വൈകുന്നേരം ആറ് മണി മുതൽ ഓഗസ്റ്റ് ഒന്നിന് രാവിലെ ഏഴ് മണി വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.