Emergency Actions | കനത്ത മഴ: കാസർകോട്ട് വിദ്യാർഥികൾ വീട്ടിലെത്തുന്നുവെന്ന് ഉറപ്പാക്കാൻ അടിയന്തര നടപടിയുമായി ജില്ലാ ഭരണകൂടം
● എല്ലാ വില്ലേജ് ഓഫീസർമാർക്കും സ്‌കൂളുകൾ സന്ദർശിക്കാനും നിർദേശം.
● പൊലീസ്, ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടു.
കാസർകോട്: (KasargodVartha) ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ കെ ഇമ്പശേഖർ നിർദേശിച്ചു. തിങ്കളാഴ്ച ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസർമാരും തങ്ങളുടെ വില്ലേജ് പരിധിയിലെ എല്ലാ സ്‌കൂളുകളും സന്ദർശിച്ച് പ്രധാനാധ്യാപകരുമായി ബന്ധപ്പെട്ട് കുട്ടികൾ സുരക്ഷിതമായി വീടുകളിൽ തിരിച്ചെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് കലക്ടർ അറിയിച്ചു .
അതാത് താലൂക് തഹസീൽദാർമാർ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. അടിയന്തിര ഘട്ടത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, ഫയർ സ്റ്റേഷൻ ഓഫീസർമാർ എന്നിവർ ജാഗ്രത പുലർത്തേണ്ടതും, ആവശ്യമായ തുടർനടപടികൾ സ്വീകരിക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
ജില്ലാതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്, മഞ്ചേശ്വരം താലൂക്കിൽ എഡിഎം, കാസർകോട് താലൂക്കിൽ ആർ ഡി ഒ, കാഞ്ഞങ്ങാട് താലൂക്കിൽ എൻഡോസൾഫാൻ സെൽ ഡെപ്യൂട്ടി കലക്ടർ, വെള്ളരിക്കുണ്ട് താലൂക്കിൽ കാഞ്ഞങ്ങാട് സബ് കലക്ടർ എന്നിവരെ ചുമതലപ്പെടുത്തി.
#Kasaragod, #HeavyRain, #StudentSafety, #RedAlert, #EmergencyMeasures, #DistrictAdministration