Heavy Rain | കേരളത്തില്‍ ജൂണ്‍ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
മറ്റ് ജില്ലകളില്‍ ഇടിയോടും മിന്നലോടും കൂടിയ മിതമായ മഴയ്ക്കും സാധ്യത.
കേരള തീരത്ത് ബുധനാഴ്ച രാത്രി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.
ബീചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
തിരുവനന്തപുരം: (KasargodVartha) കേരളത്തില്‍ ജൂണ്‍ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ച (05.06.2024) മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വ്യാപകമായി ഇടിയോടും മിന്നലോടും കൂടിയ മിതമായ മഴയ്ക്കും സാധ്യതയുണ്ട്.
പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനും തമിഴ്‌നാടിനും സമീപത്തായി ഒരു ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്ര തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. 24 മണിക്കൂറില്‍ 64.5 മിലിമീറ്ററില്‍ മുതല്‍ 115.5 മിലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരം, തെക്കന്‍ തമിഴ്‌നാട് തീരം, തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ വടക്കു ഭാഗങ്ങള്‍, മധ്യ ബംഗാള്‍ ഉള്‍കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മീന്‍പിടുത്തത്തിന് പോകുവാന്‍ പാടുള്ളതല്ല.
കേരള തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ 1.2 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ഇതിന്റെ വേഗത സെകന്‍ഡില്‍ 5 cm നും 40 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കന്‍ തമിഴ്‌നാട് തീരത്ത് ഇന്ന് (05062024) രാത്രി 11.30 വരെ 1.4 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ഇതിന്റെ വേഗത സെകന്‍ഡില്‍ 05 cm നും 55 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മീന്‍പിടുത്തത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മീന്‍പിടുത്ത യാനങ്ങള്‍ (ബോട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മീന്‍പിടുത്ത ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.