അരമങ്ങാനത്ത് മഴയിൽ ഓടിട്ട വീട് പൂർണമായും തകർന്നു; രണ്ട് സ്ത്രീകൾക്ക് പരിക്ക്; ഉദുമ എംഎൽഎ കെ നീലകണ്ഠൻ സ്ഥലം സന്ദർശിച്ചു
● കാറ്റിൽ വീട് തകർന്നുവീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു
● ഉദുമ എംഎൽഎ കെ നീലകണ്ഠൻ സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചു
● ചെമ്മനാട് പഞ്ചായത്ത് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം പരിശോധിച്ചു
കാസർകോട്: (KasargodVartha) അരമങ്ങാനത്ത് പെയ്ത ശക്തമായ മഴയിൽ ഓടിട്ട വീട് പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന ചോയിച്ചി, മാധവി എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. തകർന്ന വീട് ഉദുമ എംഎൽഎ കെ നീലകണ്ഠൻ സന്ദർശിച്ചു. അധികൃതരുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കാൻ അദ്ദേഹം നിർദേശം നൽകി.
അപകടം ഞായറാഴ്ച
ചെമ്മനാട് അരമങ്ങാനം ഉലൂജി യങ് ബ്രദേഴ്സ് ക്ലബിന് സമീപത്തെ ചോയിച്ചിയുടെ വീടാണ് ഞായറാഴ്ച ഉച്ചയോടെ തകർന്നു വീണത്. വീട് തകർന്ന് പരിക്കേറ്റ ചോയിച്ചി (88), മരുമകൾ മാധവി (65) എന്നിവർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കുതിർന്നിരുന്ന വീട് ഞായറാഴ്ച ഉച്ചയോടെ വീശിയടിച്ച കാറ്റിൽ നിലംപൊത്തുകയായിരുന്നുവെന്ന് വാർഡ് അംഗം ഹസ്സൻകുട്ടി കട്ടക്കാൽ പറഞ്ഞു.
സുരക്ഷിതരാകാൻ കഴിയാതെ വീട്ടുകാർ
പ്രായാധിക്യം മൂലം കാഴ്ചപരിമിതിയുളളയാളാണ് ചോയിച്ചി. വിവിധ രോഗങ്ങൾക്ക് ചികിത്സയിലുള്ള മാധവിയും ഓടിരക്ഷപ്പെടാൻ പ്രയാസമുള്ളയാളാണ്. ഇരുവരും വീടിനുള്ളിൽ ഉണ്ടായിരിക്കുമ്പോഴാണ് മേൽക്കൂര പൂർണമായും തകർന്നു വീണത്.
എംഎൽഎയോടൊപ്പം ഡിസിസി ജനറൽ സെക്രട്ടറി എം കുഞ്ഞമ്പു നമ്പ്യാർ, അബ്ദുൽസലാം പാലക്കുന്ന്, ശിഹാബ് മാങ്ങാട്, കരീം കളനാട് എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു. ചെമ്മനാട് പഞ്ചായത്ത് അധികൃതരും റവന്യൂ അധികൃതരും സ്ഥലം സന്ദർശിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: An old house collapsed in Aramanganam, Kasaragod, due to heavy rain and strong winds on Sunday, leaving two women, Choichi (88) and Madhavi (65), injured.
#Kasaragod #HouseCollapse #HeavyRain #UduhmaMLA #KeralaNews #Aramanganam #AparnaNews






