ഒ ഐ ഒ പി ജനമുന്നേറ്റ യാത്ര മാർച് എട്ടിന് കാസർകോട്ട് നിന്ന് ആരംഭിക്കും; 60 വയസ് കഴിഞ്ഞവര്‍ക്ക് പ്രതിമാസം ചുരുങ്ങിയത് 10,000 രൂപ പെന്‍ഷനായി ലഭിക്കണമെന്ന് നേതാക്കൾ
Mar 5, 2021, 16:42 IST
കാസർകോട്: (www.kasargodvartha.com 05.03.2021) തുല്യനീതി തുല്യ പെന്‍ഷന്‍ (ഒ ഐ ഒ പി) കൂട്ടായ്മ സംഘടിപ്പിക്കുന്ന ജനമുന്നേറ്റ യാത്ര മാർച് എട്ടിന് കാസർകോട്ട് നിന്ന് ആരംഭിക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണിക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംസ്ഥാന സെക്രടറി പി എം കെ ബാവ ഉദ്‌ഘാടനം നിര്‍വഹിക്കും. കണ്ണൂര്‍, വയനാട് ജില്ലകളിലൂടെയുള്ള പ്രയാണത്തിനു ശേഷം യാത്ര മാര്‍ച് 13 ന് ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് മുതലക്കുളം മൈതാനത്ത് സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് വിനോദ് കെ ജോസ് ഉദ്‌ഘാടനം ചെയ്യും.
60 വയസ് കഴിഞ്ഞവര്‍ക്ക് പ്രതിമാസം ഏറ്റവും ചുരുങ്ങിയത് 10,000 രൂപ പെന്‍ഷനായി ലഭിക്കേണ്ടത് മനുഷ്യത്വം മരവിക്കാത്ത പരിഷ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് നേതാക്കൾ പറഞ്ഞു. തുല്യ നീതിയും തുല്യ പെന്‍ഷനും നമ്മുടെ അവകാശമാണ്. കേവലം 3% വരുന്ന ഉദ്യോഗസ്ഥര്‍ക്ക് അമിതമായ പെന്‍ഷന്‍ സംഘടിച്ചു നേടാമെങ്കില്‍ 97 ശതമാനം വരുന്ന മറ്റുള്ളവർക്കും നേടാൻ സാധിക്കും. ന്യായമായ പെന്‍ഷന്‍ ഔദാര്യമല്ല അത് അവകാശമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
പെൻഷനിലൂടെ വൃദ്ധസദനങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന സാഹചര്യങ്ങൾ ഇല്ലാതെയാവും. ഈ പണം വിപണിയിൽ ചെലവഴിക്കുന്നത് മൂലം നികുതി വരുമാനം വർധിക്കും. ജനോപകാരപ്രദമല്ലാത്ത ബോര്‍ഡുകളും കോര്‍പറേഷനുകളും പിരിച്ചു വിടണം. എല്ലാ ക്ഷേമനിധികളും ഒരു ഓഫീസിനു കീഴില്‍ കൊണ്ടുവണം. പെട്രോളിയം ഉല്‍പങ്ങളുടെ വിലവര്‍ധനവ് നിയന്ത്രിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രടറി അനൂപ് കീനേരി, ജില്ലാ പ്രസിഡണ്ട് മനോജ് പൂച്ചക്കാട്, സംസ്ഥാന കമിറ്റി അംഗം ബാലചന്ദ്രന്‍ എറുവാട്, ജില്ലാ സെക്രടറി ഗോപിനാഥന്‍ മുതിരക്കാല്‍, പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ എ വി സുരേഷ്, ജില്ലാ ട്രഷറര്‍ മുസ്തഫ മൊഗ്രാല്‍ സംബന്ധിച്ചു.
< !- START disable copy paste -->