കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും അഭിനയവുമെല്ലാം സ്വയം നിർവഹിച്ച് കോവിഡ് പശ്ചാത്തലത്തില്‍ ആറാം ക്ലാസുകാരിയുടെ ഷോര്‍ട് ഫിലിം
Jan 12, 2021, 15:44 IST
കാസര്‍കോട്: (www.kasargodvartha.com 12.01.2021) കോവിഡ് പശ്ചാത്തലത്തില്‍ ആറാം ക്ലാസുകാരി ഏകാംഗ ഷോര്‍ട് ഫിലിം ഒരുക്കി. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും അഭിനയവുമെല്ലാം ഈ കൊച്ചു മിടുക്കി തന്നെ.
ചെറുവത്തൂര്‍ വലിയ പൊയില്‍ സ്വദേശിയായ ബിനോയുടെയും സജ്‌ന ബിനോയിയുടെയും ഏക മകളായ ധനലക്ഷ്മി സി ബിനോയിയാണ് ഏകാംഗ ഷോര്‍ട് ഫിലിം ഒരുക്കിയത്. കാസര്‍കോട് പ്രസ് ക്ലബ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രമുഖ സിനിമ സംവിധായകന്‍ ഫാറൂഖ് അബ്ദുര്‍ റഹ് മാന്‍ ഷോര്‍ട് ഫിലിം പ്രകാശനം നിര്‍വഹിച്ചു.
അമ്മ സജ്‌ന ബിനോയി, അമ്മുമ്മ ഭാര്‍ഗവി, കലാക്ഷേത കലാസാഹിത്യ അകാദെമി ജില്ലാ പ്രസിഡണ്ട് അഴകേശന്‍ തുരുത്തി, പ്രസ് ക്ലബ് മുന്‍ പ്രസിഡണ്ട് സണ്ണി ജോസഫ് എന്നിവര്‍ പങ്കെടുത്തു. കോവിഡിന്റെ വരവും അത് നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റവും തനിമയോടെ ഈ കൊച്ചു സിനിമ പറയുന്നു.
ഓരോ തലമുറകളിലും പെട്ടവര്‍ക്ക് ലോക്ഡൗണ്‍ എങ്ങിനെ അനുഭവപ്പെട്ടെന്നും ഷോര്‍ട് മുവി വരച്ചുകാട്ടുന്നുണ്ട്. സര്‍കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ക്വാറന്റീൻ ലംഘിച്ച് തോന്നിയത് പോലെ നടന്നത് മൂലം ഉണ്ടാവുന്ന ദുരന്തവും സിനിമ പറയുന്നു.
കോവിഡിനെ അകറ്റാന്‍ സാമൂഹ്യ അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കാനും ഓര്‍മപ്പെടുത്തിയാണ് സിനിമ അവസാനിക്കുന്നത്. പുതിയ പുതിയ പകര്‍ച്ചവ്യാധികള്‍ ലോകത്താകെ ഭീഷണി ഉയര്‍ത്തി അതിവേഗം പടര്‍ന്ന് പിടിക്കുന്ന പുതിയ കാലത്ത് ആരോഗ്യ പ്രവത്തകരുടെ നിര്‍ദേശങ്ങള്‍ക്ക് ജീവനോളം വിലയുണ്ടെന്ന സന്ദേശമാണ് ധനലക്ഷ്മി തന്റെ സിനിമയിലൂടെ പകര്‍ന്നു നല്‍കുന്നത്.
വലിയപൊയില്‍ നാലിലാംകണ്ടം ജി യു പി സ്‌കൂളിലെ ആറാം തരം വിദ്യാത്ഥിനിയാണ് ധനലക്ഷ്മി. ഷോര്‍ട് മൂവിയുടെ നിര്‍മാണം കെ രവീന്ദ്രന്‍ നായരാണ്. ക്യാമറ രാഹുല്‍ ലൂമിയര്‍, സുനില്‍ പാര്‍വതി, എഡിറ്റിംഗ് വിനീഷ് - റെയിന്‍ബോ, റെകോര്‍ഡിംഗ് പയ്യന്നൂര്‍ വൈറ്റ് ലാൻഡ് സ്റ്റുഡിയോ. നേരത്തെ കോവിഡ് പ്രമേയമാക്കി പുറത്തിറക്കിയ വീഡിയോ ആല്‍ബം ശ്രദ്ധേയമായിരുന്നു. ജന്മനാ രോഗിയായി പിറന്ന കുഞ്ഞനുജത്തിയുടെ അകാലത്തിലുള്ള മരണം ഉണ്ടാക്കിയ വേദനയില്‍ സ്വന്തമായി എഴുതി അവതരിപ്പിച്ച് വീഡിയോ ആലപിച്ച് ആല്‍ബവും നേരത്തെ പുറത്തിറക്കിയിരുന്നു.
Keywords: Short-film, Film, Story, Video, Kasaragod,news,Kerala,COVID-19,Cheruvathur,Short film by a sixth grader with story, Dhanalakshmi C Binoy, Athijeevanam, screenplay, dialogues, direction and acting.