Changes | പുതിയ വർഷത്തിൽ കേരളത്തിലെ ട്രെയിൻ സമയക്രമത്തിൽ മാറ്റങ്ങൾ; ബുദ്ധിമുട്ടുകൾ ഉന്നയിച്ച് യാത്രക്കാർ
● പ്രധാന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം.
● ചില ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കും.
● യാത്രക്കാർ സമയക്രമത്തിലെ ബുദ്ധിമുട്ടുകൾ ഉന്നയിക്കുന്നു.
കാസർകോട്: (KasargodVartha) കേരളത്തിൽ ഓടുന്ന വിവിധ ട്രെയിനുകളുടെ സമയക്രമത്തിൽ ജനുവരി ഒന്ന് മുതൽ കാര്യമായ മാറ്റങ്ങൾ വന്നു. സ്ഥിരം യാത്രക്കാർ ഏറെ ആശ്രയിക്കുന്ന വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റങ്ങളുണ്ട്. പുതിയ വർഷത്തിൽ വിവിധ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മംഗ്ളുറു - തിരുവനന്തപുരം മലബാർ എക്സ്പ്രസിന്റെ വേഗത വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മാറ്റം വന്നതോടെ യാത്രാ സമയം ഏകദേശം അര മണിക്കൂർ ലാഭിക്കാം. തിരുവനന്തപുരത്ത് രാവിലെ 8.30നും എത്തും. ഇപ്പോൾ രാവിലെ ഒമ്പതിനാണ് തിരുവനന്തപുരത്ത് എത്തുന്നത്. അതുപോലെ, തിരുവനന്തപുരത്തുനിന്ന് മംഗ്ളൂറിലേക്ക് പോകുന്ന ഏറനാട് എക്സ്പ്രസ്സ് 3.35ന് പകരം 3.40നായിരിക്കും പുറപ്പെടുക.
തിരുവനന്തപുരത്തുനിന്ന് ഷൊർണൂരിലേക്ക് പുലർച്ചെ 5.25ന് പുറപ്പെട്ടിരുന്ന വേണാട് എക്സ്പ്രസ് ജനുവരി ഒന്ന് മുതൽ അഞ്ച് മിനിറ്റ് മുൻപ്, അതായത് 5.20ന് പുറപ്പെടും. ഈ ട്രെയിൻ 9.40ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തും. ഷൊർണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വേണാട് എക്സ്പ്രസ്സിന്റെ സമയക്രമത്തിലും മാറ്റമുണ്ട്.
തൂത്തുക്കുടിയിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്ന പാലരുവി എക്സ്പ്രസ്സിന്റെ സമയത്തിലും മാറ്റമുണ്ട്. നിലവിൽ കൊല്ലത്തുനിന്ന് 4.50ന് പുറപ്പെട്ടിരുന്ന ട്രെയിൻ ഇനി 4.35ന് പുറപ്പെടും. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഞ്ചിനാട് എക്സ്പ്രസ്സിന്റെ സമയത്തിലും മാറ്റമുണ്ട്. നിലവിൽ 5.05ന് പുറപ്പെട്ടിരുന്ന ട്രെയിൻ ഇനി അഞ്ച് മിനിറ്റ് വൈകി 5.10ന് മാത്രമേ പുറപ്പെടുകയുള്ളൂ.
പ്രധാന ട്രെയിനുകളിലെ സമയമാറ്റം
പുനലൂർ-നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ്സിന്റെ നമ്പർ 56705 ആയി മാറ്റി. ഈ ട്രെയിൻ ഇനി 11.35 ന് പകരം 11.40 നായിരിക്കും പുറപ്പെടുക. എറണാകുളം-കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ്സിന്റെ നമ്പർ 66304 ആയി മാറി, കൊല്ലത്ത് അഞ്ചുമിനിറ്റ് നേരത്തെ, വൈകിട്ട് 5.15 ന് എത്തും. നാഗർകോവിൽ-കൊച്ചുവേളി എക്സ്പ്രസ്സിന്റെ പുതിയ നമ്പർ 56305 ആണ്. ഈ ട്രെയിൻ നാഗർകോവിലിൽ നിന്ന് രാവിലെ 8.10 ന് പുറപ്പെട്ട് കൊച്ചുവേളിയിൽ 10.40 ന് എത്തും.
കൊച്ചുവേളി-നാഗർകോവിൽ പാസഞ്ചറിന്റെ പുതിയ നമ്പർ 56310 ആണ്. ഈ ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് 1.40 ന് പകരം 1.25 ന് പുറപ്പെടും. കൊല്ലം-ചെന്നൈ അനന്തപുരി എക്സ്പ്രസ് കൊല്ലത്തുനിന്ന് 2.40 ന് പകരം 2.55 ന് പുറപ്പെടും. ജാംനഗർ-തിരുനെൽവേലി എക്സ്പ്രസ് തിരുനെൽവേലിയിൽനിന്ന് 10.22 ന് പകരം 10.05 ന് പുറപ്പെടും. ജാംനഗർ-തിരുനെൽവേലി ദ്വൈവാര എക്സ്പ്രസ് തിരുനെൽവേലിയിൽനിന്ന് 6.30 ന് പകരം 6.20 ന് പുറപ്പെടും.
എറണാകുളം-ബിലാസ്പൂർ സൂപ്പർ എക്സ്പ്രസ് എറണാകുളത്തുനിന്ന് 8.30 ന് പകരം 8.40 ന് പുറപ്പെടും. എറണാകുളം-കൊല്ലം മെമു 6.05 ന് പകരം 6.10 ന് പുറപ്പെടുകയും കൊല്ലത്ത് 10 ന് പകരം 9.50 ന് എത്തുകയും ചെയ്യും. ബംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് 9.55 ന് പകരം 10 ന് പുറപ്പെടും. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് 5.25 ന് പകരം 5.20 ന് പുറപ്പെടും. തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസ് 3.35 ന് പകരം 3.40 ന് പുറപ്പെടും. പോർബന്തർ-തിരുവനന്തപുരം എക്സ്പ്രസ് മൂന്നിന് പകരം 2.50 ന് എത്തും. എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് 5.05 ന് പകരം 5.10 ന് പുറപ്പെടും.
യാത്രക്കാരുടെ പ്രതികരണവും ആവശ്യങ്ങളും
അതേസമയം പുതിയ സമയക്രമം യാത്ര കൂടുതൽ ദുഷ്കരമാക്കിയെന്ന് കാസർകോട്ടെ യാത്രക്കാർ ആരോപിക്കുന്നു. വൈകുന്നേരത്തെ കണ്ണൂർ സ്പെഷ്യൽ ട്രെയിനിന്റെ കുറ്റിപ്പുറം മുതൽ ഫറോഖ് വരെയുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയാൽ നിരവധി പേർക്ക് ഉപകാരപ്രദമാകുമായിരുന്നു എന്ന് യാത്രക്കാർ അഭിപ്രായപ്പെടുന്നു. നിലവിലെ സമയക്രമം ട്രെയിനുകൾ സ്ഥിരമായി വൈകുന്നതിന് കാരണമാകുന്നു എന്നും യാത്രക്കാർ പറയുന്നു.
ഉച്ചയ്ക്ക് 2:45 നും 5:00 നും ഇടയിലുള്ള ട്രെയിനുകളുടെ കുറവ് പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്. 2:05 ന് പുറപ്പെടുന്ന കണ്ണൂർ എക്സ്പ്രസ് മൂന്ന് മണിക്ക് പുറപ്പെടുന്ന രീതിയിൽ ക്രമീകരിക്കുകയാണെങ്കിൽ ചെറുവത്തൂർ വരെ പോകുന്ന യാത്രക്കാർക്ക് പ്രയോജനകരമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കാരണം, ഈ ട്രെയിൻ കണ്ണൂരിൽ നിന്ന് 5:30 ന് ചെറുവത്തൂർ പാസൻജർ ആയി പുറപ്പെടുന്ന ട്രെയിൻ കൂടിയാണ്. മൂന്ന് ട്രെയിനുകൾ അടുത്തടുത്ത സമയങ്ങളിൽ (ഉച്ചയ്ക്ക് 1:25, 2:05, 2:15) പുറപ്പെടുന്നതും തുടർന്ന് അഞ്ച് മണി വരെ ട്രെയിനുകൾ ഇല്ലാത്തതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
#KeralaTrains #TrainTimetable #RailwayChanges #VenadExpress #TravelKerala #IndianRailways#KeralaTrains #TrainTimetable #RailwayChanges #VenadExpress #TravelKerala #IndianRailways