Tourism | ടൂറിസത്തിന് വ്യവസായ പദവി: വ്യക്തിഗത ടൂറിസം സംരംഭങ്ങൾക്ക് പ്രോത്സാഹനമാകും, കാസർകോട് സാധ്യതകൾ ഏറെ

● ജില്ലാ തലത്തിൽ ടൂറിസം പദ്ധതിക്ക് വലിയ സാധ്യതകൾ.
● കാസർകോട്ട് ടൂറിസം പ്രദേശങ്ങൾ ഒട്ടനവധി ഉണ്ടെങ്കിലും ബേക്കൽ കോട്ടയും, റാണിപുരവുമാണ് സർക്കാർ അംഗീകാരമുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങൾ.
● പര്യാപ്തമായ ഫണ്ടില്ലാത്ത ടൂറിസം പദ്ധതികൾ, ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
● സർക്കാരിന്റെ പരിഗണനയിലിരിക്കുന്ന ടൂറിസം പ്രദേശങ്ങളും ജില്ലയിലുണ്ട്.
● ഇവിടെയാണ് വ്യക്തിഗത ടൂറിസം സംരംഭങ്ങൾക്ക് സാധ്യത തെളിയുന്നത്.
കാസർകോട്: (KasargodVartha) സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട ടൂറിസത്തിന് വ്യവസായ പദവി നൽകുന്നത് പരിഗണിക്കുമെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രഖ്യാപനം വ്യക്തിഗത ടൂറിസം സംരംഭകർക്ക് ഏറെ പ്രോത്സാഹനമാകും. ഇതിൽ ഏറ്റവും സാധ്യതയേറെ കാസർകോട് ജില്ലയിലാണ്.
ജില്ലയിൽ ടൂറിസം പ്രദേശങ്ങൾ ഒട്ടനവധി ഉണ്ടെങ്കിലും ബേക്കൽ കോട്ടയും, റാണിപുരവുമാണ് സർക്കാർ അംഗീകാരമുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങൾ. ചെറുതും വലുതുമായ ടൂറിസം പദ്ധതികൾ ജില്ലയിൽ ഏറെയുണ്ടെങ്കിലും ആവശ്യമായ ഫണ്ട് ലഭ്യമല്ലാത്തതിനാൽ പലതും അനിശ്ചിതത്വത്തിലാണ്. അതേസമയം, സർക്കാരിന്റെ പരിഗണനയിലിരിക്കുന്ന ടൂറിസം പ്രദേശങ്ങളും ജില്ലയിലുണ്ട്. ഇവിടെയാണ് വ്യക്തിഗത ടൂറിസം സംരംഭങ്ങൾക്ക് സാധ്യത തെളിയുന്നത്.
സർക്കാർ അംഗീകാരമില്ലാത്തതും, സ്വകാര്യ സംരംഭകർ രൂപപ്പെടുത്തിയെടുത്തതുമായ ടൂറിസം പ്രദേശങ്ങൾ ജില്ലയിൽ ഏറെയുണ്ട്. തളങ്കര ബീച്ച്, ചെമ്പരിക്ക ബീച്ച്, നെല്ലിക്കുന്ന് ബീച്ച്, മൊഗ്രാൽ തീരം എന്നിവ ഉദാഹരണങ്ങളാണ്. സർക്കാർ അംഗീകാരമില്ലെങ്കിലും ഒട്ടുമിക്ക ദിവസങ്ങളിലും സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടങ്ങളിൽ. ആവശ്യത്തിന് ഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്.
ഇപ്പോൾ ടൂറിസം വകുപ്പ് പറയുന്നതനുസരിച്ച് അടഞ്ഞുകിടക്കുന്ന വീടുകൾ താമസയോഗ്യമാക്കി സഞ്ചാരികൾക്ക് നൽകി വ്യക്തിഗത ടൂറിസം പ്രോത്സാഹിപ്പിക്കാൻ സർക്കാർ അനുമതി നൽകും. ഒപ്പം പാചക കൈപ്പുണ്യമുണ്ടെങ്കിൽ വിനോദസഞ്ചാരികൾ തേടിയെത്തും. ഇത് കുടുംബങ്ങൾക്ക് വലിയൊരു വരുമാനമാർഗമാവുമെന്ന് ടൂറിസം വകുപ്പ് കണക്കുകൂട്ടുന്നു.
ജില്ലയിലെ മനോഹരങ്ങളായ പുഴകളും, തീരങ്ങളും, വയലുകളും, കുന്നുകളും ഉപയോഗപ്പെടുത്തിയാൽ ടൂറിസം സാധ്യതകൾ വർധിക്കും. ഇവിടെ ഹോംസ്റ്റേകളും, നാടൻ ഭക്ഷണവുമാണ് ടൂറിസം വകുപ്പ് വ്യക്തിഗത ടൂറിസത്തിനായി മുന്നോട്ടുവെക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് വ്യക്തിഗത ടൂറിസം എങ്ങനെ നടപ്പിലാക്കാം എന്നത് സംബന്ധിച്ച് ടൂറിസം മിഷൻ രണ്ട് ദിവസത്തെ പരിശീലനം നൽകുന്നുണ്ട്.
ഈ മാസം 24, 25 തീയതികളിലായി കാഞ്ഞങ്ങാട് ബേക്കൽ ഇന്റർനാഷണൽ ഹോട്ടലിലാണ് പരിശീലനം. വ്യക്തിഗത ടൂറിസത്തിന് സർക്കാരിന്റെ അനുമതി എങ്ങനെ ലഭ്യമാക്കാം എന്നതും പരിശീലനത്തിൽ ടൂറിസം വകുപ്പ് ജില്ലാ കോഡിനേറ്റർമാർ വിശദീകരിക്കും. സംരംഭകർക്ക് 9847398283 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
The announcement of giving tourism an industrial status will significantly benefit personal tourism entrepreneurs, with Kasargod district having the highest potential.
#TourismNews #Kasaragod #PersonalTourism #TourismOpportunities #KeralaNews #IndustrialStatus