Private train | ഗോവ, മുംബൈ, അയോധ്യ... സന്ദർശിക്കണോ? കേരളത്തിലെ ആദ്യത്തെ സ്വകാര്യ ട്രെയിന്‍ വരുന്നു; സർവീസ് ജൂൺ മുതൽ; കാസർകോട്ട് നിന്നും വണ്ടി കയറാം; വിശദാംശങ്ങൾ ഇതാ
കാസർകോട്: (KasaragodVartha) കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ഗോവ, മുംബൈ, അയോധ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആദ്യമായി സ്വകാര്യ ട്രെയിനിൽ യാത്ര ചെയ്യാം. കൊച്ചി ആസ്ഥാനമായുള്ള പ്രിൻസി വേൾഡ് ട്രാവൽ ലിമിറ്റഡുമായി സഹകരിച്ച് ചെന്നൈ ആസ്ഥാനമായുള്ള ടൂർ ഓപറേറ്ററായ എസ്ആർഎംപിആർ ഗ്ലോബൽ റെയിൽവേസാണ് ഈ സൗകര്യം ആരംഭിക്കുന്നത്. മുംബൈ, ഗോവ, അയോധ്യ എന്നിവിടങ്ങളിലേക്ക് ട്രെയിൻ സർവീസ് നടത്തും.
ജൂൺ നാലിന് തിരുവനന്തപുരത്ത് നിന്ന് ഗോവയിലെ മഡ്ഗാവിലേക്കാണ് ഉദ്ഘാടന യാത്ര. നാല് ദിവസത്തെ ടൂർ പാകേജ് മൂന്ന് വിഭാഗങ്ങളിലായി ലഭ്യമാണ്: 2-ടയർ എസി ഒരാൾക്ക് 16,400 രൂപ, 3-ടയർ എസി ഒരാൾക്ക് 15,150 രൂപ, നോൺ എസി സ്ലീപർ 13,999 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഭക്ഷണം, വൈഫൈ സൗകര്യം, ജിപിഎസ് ട്രാകിംഗ് സംവിധാനം എന്നിവ നൽകും. സ്റ്റാർ ഹോടെൽ താമസം, ഭക്ഷണം, സ്ഥലങ്ങൾ സന്ദർശിക്കൽ എന്നിവ ടൂർ പാകേജിൻ്റെ ഭാഗമായിരിക്കും.
അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ടികറ്റ് വേണ്ട. പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്. 750 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനില്‍ രണ്ട് സ്ലീപര്‍ ക്ലാസ്, 11 തേര്‍ഡ് എ സി, 2 സെകന്‍ഡ് എ സി എന്നിങ്ങനെയാണ് കോചുകൾ. മെഡികല്‍ സ്റ്റാഫ് ഉള്‍പെടെ 60 ജീവനക്കാരുമുണ്ടാവും.
മുൻകൂട്ടി ബുക് ചെയ്ത യാത്രക്കാർക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ സ്റ്റേഷനുകളിൽ നിന്ന് ട്രെയിനിൽ കയറാം. നേരത്തെ, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ഇത്തരം സ്വകാര്യ ട്രെയിൻ ടൂറുകൾ ആരംഭിച്ചിരുന്നു. എന്നാൽ കേരളത്തിൽ ഇത് ആദ്യമാണ്. ജൂണ്‍ മുതല്‍ പ്രതിമാസം ഓരോ ട്രിപ് വീതമായിരിക്കും ഉണ്ടാകുക. ബന്ധപ്പെടാവുന്ന നമ്പർ: 8089021114, 8089031114, 8089041114.