15 മിനിറ്റ് യാത്രയ്ക്ക് രണ്ടര മണിക്കൂർ; ടൂറിസം സീസൺ എത്തിയിട്ടും ഗതാഗതക്കുരുക്ക് പരിഹരിക്കാതെ മൂന്നാർ, സന്ദർശനം മതിയാക്കി മടങ്ങി സഞ്ചാരികൾ
● മൂന്നാർ-അടിമാലി റൂട്ടിലെ രണ്ടാം മൈലിൽ ഗതാഗതം നിരോധിച്ചതാണ് പ്രതിസന്ധിക്ക് കാരണം
● വാഹനങ്ങൾ ഇപ്പോൾ ഇരുട്ടുകാനം, തോക്കുപാറ, ആനച്ചാൽ വഴിയാണ് വഴിതിരിച്ചുവിടുന്നത്
● തോക്കുപാറ, ആനച്ചാൽ എന്നിവിടങ്ങളിലെ എസ് വളവുകളിൽ വലിയ ബസുകൾ കുടുങ്ങുന്നു
● റോഡിലെ കുരുക്ക് കാരണം നാട്ടുകാർക്ക് വീടുകളിൽ നിന്ന് വാഹനം പുറത്തിറക്കാനാകുന്നില്ല
ഇടുക്കി: (KasargodVartha) ടൂറിസം സീസൺ എത്തിയിട്ടും ഗതാഗതക്കുരുക്ക് പരിഹരിക്കാതെ മൂന്നാർ. ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീളുന്നതോടെ വിനോദ സഞ്ചാരികൾ സന്ദർശനം മതിയാക്കി മടങ്ങുകയാണ്. ആനച്ചാലിലെ വളവിൽ വാഹനങ്ങൾ പെടുന്നത് പതിവായതോടെ, 15 മിനിറ്റിൽ തീർക്കേണ്ട യാത്ര രണ്ടര മണിക്കൂർ കൊണ്ട് തീർക്കുന്ന സ്ഥിതിയാണ് ശനി, ഞായർ ദിവസങ്ങളിൽ സഞ്ചാരികൾക്ക് അനുഭവപ്പെടുന്നത്.
വലിയ വാഹനങ്ങൾ റോഡിൽ മണിക്കൂറുകളോളം കിടക്കുന്ന സാഹചര്യത്തിൽ വീട്ടിൽനിന്ന് വാഹനം പുറത്തെടുക്കാനാവാതെ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. ഗതാഗതക്കുരുക്കും സഞ്ചാരികളുടെ മടക്കയാത്രയും വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചു കഴിയുന്ന പ്രദേശത്തെ ചെറുകിട വ്യാപാരികളെയും റിസോർട്ട് ഉടമകളെയും ബാധിക്കുന്നുണ്ട്.
മണ്ണിടിച്ചിലും ദേശീയപാതയിലെ നിരോധനവും
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ-അടിമാലി റൂട്ടിലെ രണ്ടാം മൈലിൽ റോഡ് വീതികൂട്ടൽ ജോലികൾക്കിടെ തുടർച്ചയായ മണ്ണിടിച്ചിലിനെത്തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഇതിലെയുള്ള ഗതാഗതം നിരോധിച്ചതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. റോഡിലെ ജോലി പുരോഗമിക്കുന്നുണ്ടെങ്കിലും അപകടസാധ്യത കണക്കിലെടുത്താണ് അധികൃതർ ഗതാഗതം നിരോധിച്ചത്.
ഇതിനാൽ മുഴുവൻ വാഹനങ്ങളും മൂന്നാർ-അടിമാലി യാത്രയ്ക്ക് ഇരുട്ടുകാനം, തോക്കുപാറ, ആനച്ചാൽ വഴിയുള്ള ചെറിയ പാതയിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്. മുന്നറിയിപ്പുകളില്ലാതെ ഗതാഗതം ചെറിയ പാതകളിലേക്ക് വഴിതിരിച്ചുവിട്ടത് വിനോദസഞ്ചാരികളെ വലയ്ക്കുന്നുണ്ട്.
വളവുകളിൽ കുരുങ്ങി വലിയ ബസുകൾ
മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ് ഇരുട്ടുകാനം മുതൽ രണ്ടാം മൈൽ വരെയുള്ള ഭാഗത്ത് കഴിഞ്ഞ ഒരുമാസമായി അനുഭവപ്പെടുന്നത്. തോക്കുപാറ, ആനച്ചാൽ എന്നിവിടങ്ങളിലെ 2 എസ് വളവുകളിൽ വലിയ ബസുകൾ കുടുങ്ങുന്നത് പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിന് കാരണമാകുന്നു. ഇടുങ്ങിയ റോഡുകളിലൂടെയുള്ള വലിയ ടൂറിസ്റ്റ് ബസുകളുടെ യാത്രയ്ക്ക് പ്രത്യേക സമയക്രമം ഏർപ്പെടുത്താനോ, ഗതാഗതം നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഒരുക്കാനോ അധികൃതർ തയ്യാറായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Severe traffic jams in Munnar due to traffic restrictions on Kochi-Dhanushkodi National Highway forcing tourists to return.
#MunnarNews #KeralaTourism #TrafficJam #IdukkiNews #MunnarTourism #NationalHighway #MalayalamNews #TravelAlert #RenuNews








