Announcement | ബേക്കൽ കോട്ടയിൽ പ്രഭാത സവാരി അനുവദിച്ച് കേന്ദ്ര പുരാവസ്തു വകുപ്പ്
● രാവിലെ 6 മുതൽ 7.30 വരെ പ്രഭാത സവാരിക്ക് അനുമതി.
● രാവിലെ 7.30ന് ശേഷം കോട്ടയിൽ പ്രവേശിക്കുന്നവർക്ക് പ്രത്യേകം ഫീസ് അടയ്ക്കണം.
ബേക്കൽ: (KasargodVartha) ബേക്കൽ കോട്ടയിൽ പ്രഭാത സവാരിക്ക് കേന്ദ്ര പുരാവസ്തു വകുപ്പ് അനുമതി നൽകി. പാസ് കരസ്ഥമാക്കുന്നവർക്ക് കോട്ടയിൽ പ്രഭാത സവാരി ചെയ്യാം. പ്രതിമാസം 50 രൂപ നിരക്കിൽ കുറഞ്ഞത് ആറ് മാസത്തെ ഫീസായ 300 രൂപ അടച്ചാൽ പാസ് ലഭിക്കും. പാസ് ലഭിക്കാൻ ആധാർ കാർഡിന്റെ പകർപ്പും ഫോടോയും നൽകണം.
പാസ് ഉള്ളവർക്ക് മാത്രമേ പ്രഭാത സവാരിക്കായി കോട്ടയിൽ പ്രവേശനം അനുവദിക്കൂ. ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് കേന്ദ്ര പുരാവസ്തു വകുപ്പിന് നൽകിയ കത്ത് ആർകിയോളജി സൂപ്രണ്ട് കെ രാമകൃഷ്ണ റെഡ്ഡി അനുഭാവപൂർവം പരിഗണിക്കുകയും കേന്ദ്രത്തിൻ്റെ അനുമതിക്കായി അയക്കുകയുമായിരുന്നു.
പുതിയ സമയക്രമം പ്രകാരം, രാവിലെ 6.30 മുതലാണ് കോട്ടയിൽ സന്ദർശന സമയം. എന്നാൽ രാവിലെ 6 മുതൽ 7.30 വരെ പ്രഭാത സവാരിക്ക് അനുമതിയുണ്ട്. 7.30ന് ശേഷം കോട്ടയിൽ തങ്ങുന്നവർ പ്രതിദിന പ്രവേശന ടിക്കറ്റ് ചാർജായ 25 രൂപ അധികം അടയ്ക്കേണ്ടി വരും.
#BekalFort #MorningWalks #Tourism #Kerala #Passes #Archaeology