Nohkalikai Falls | പ്രശസ്തമായ നോഹ്കലികായ് വെള്ളച്ചാട്ടത്തില്‍ നിന്നുള്ള ചിത്രങ്ങളുമായി പ്രണവ് മോഹന്‍ലാല്‍
*ത്‌ലായ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന മനോഹരമായ മൂന്നുതട്ട് വെള്ളച്ചാട്ടം കാണാം.
*മണ്‍സൂണ്‍ കാലമാണ് നോഹ്കലികായ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.
*വെള്ളത്തിന്റെ ഒഴുക്ക് കുറവായ ഒക്ടോബര്‍ മുതല്‍ മാര്‍ച് വരെയുള്ള സമയത്തേ ട്രെകിങ് നടത്താനാവൂ.
ഷിലോങ്: (KasargodVartha) വടക്കുകിഴക്കന്‍ ഇന്‍ഡ്യയിലെ ഒരു കുന്നിന്‍ പ്രദേശ സംസ്ഥാനമാണ് മേഘാലയ. ഷിലോങ് ആണ് തലസ്ഥാനം. സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഷിലോങ് കുന്ന്. ഷിലോങിന്റെ പരിസരത്തായി അനേകം വെള്ളച്ചാട്ടങ്ങള്‍ ഉണ്ട്.
പേര് പോലെതന്നെ അന്വര്‍ഥമാക്കുന്നതാണ് ഇവിടത്തെ ഭൂപ്രകൃതിയും. 'മേഘങ്ങളുടെ ആലയം' എന്ന അര്‍ഥത്തിലാണ് ഈ സംസ്ഥാനത്തിന് മേഘാലയ എന്ന പേര് ലഭിച്ചത്. ശരിക്കുമൊരു മേഘഭവനം. നോക്കിനില്‍ക്കേ കറുത്ത മേഘങ്ങള്‍ ഉരുണ്ടു കൂടി ചിലപ്പോള്‍ കനപ്പെട്ടും, ചിലപ്പോള്‍ ചിണുങ്ങിയും നനയിച്ച് കളയുന്ന ശരിക്കും അവിസ്മരണീയമായൊരു അനുഭൂതിയാണ് ഇവിടെനിന്ന് സഞ്ചാരികള്‍ക്ക് ലഭിക്കുക.
ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മൗസിന്റമും ചിറാപുഞ്ചിയുമെല്ലാം മേഘാലയത്തിലാണ്. നിരവധി മലകളും കുന്നുകളും പുഴകളും തടാകങ്ങളുമെല്ലാം കൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇവിടെ കേരളത്തിലെ കാലാവസ്ഥയോട് കൂടുതല്‍ സാമ്യം പുലര്‍ത്തുന്നുണ്ട്.
ഡബിള്‍ ഡെകര്‍ റൂട് ബ്രിഡ്ജ് ഉള്ള നോങ്ഗ്രിയാറ്റ് ഗ്രാമം, സെവന്‍ സിസ്റ്റേഴ്സ് വെള്ളച്ചാട്ടം, ഡെയ്ന്‍ത്ലെന്‍ വെള്ളച്ചാട്ടം, മാവ്സ്മൈ, അര്‍വാ ഗുഹകള്‍, തങ്ഖരംഗ് പാര്‍ക് തുടങ്ങിയവയാണ് ഇവിടെ അടുത്ത കാണാനുള്ള മറ്റ് സുന്ദരകാഴ്ചകള്‍.
ഇപ്പോഴിതാ, സിനിമാ കുടുംബത്തില്‍നിന്നായിട്ടും താരജാഡകളേതുമില്ലാതെ യാത്രകളെ ഉറ്റ കൂട്ടുകാരനാക്കിയ നടന്‍ പ്രണവ് മോഹന്‍ലാല്‍ ഇക്കുറി മേഘാലയയിലെ നോഹ്കലികായ് വെള്ളച്ചാട്ടം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഓരോ സിനിമകളുടെയും ഇടവേളകളിലാണ് താരം പുതിയ സ്ഥലങ്ങള്‍ ആസ്വദിക്കാന്‍ വെച്ചുപിടിക്കുന്നത്.
ഇന്‍ഡ്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ് നോഹ്കലികായ് വെള്ളച്ചാട്ടം. പ്രധാന പട്ടണമായ ചിറാപുഞ്ചിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ 340 മീറ്റര്‍ (1,115 അടി) ഉയരമുള്ള നോഹ്കലികായ് വെള്ളച്ചാട്ടം പട്ടണത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.
നഗരമധ്യത്തില്‍ നിന്ന് ഉയര്‍ന്ന ടേബിള്‍ ലാന്‍ഡിലൂടെയുള്ള ചെറിയ ഡ്രൈവ് വ്യൂ പോയിന്റിലേക്കാണ് പോകുന്നത്. ഇവിടെ വാഹനം നിര്‍ത്തുകയും വ്യൂ പോയിന്റുകളില്‍ നിന്ന് ചിത്രങ്ങള്‍ എടുക്കുകയും ചെയ്യാം. ഇവിടെയുള്ള വ്യൂവിങ് ഗാലറി വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ച നല്‍കുന്നു. മേഘാലയയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഇവിടെനിന്നുള്ള ഒട്ടേറെ ചിത്രങ്ങള്‍ പ്രണവ് പങ്കുവച്ചു കഴിഞ്ഞു.
വെള്ളച്ചാട്ടത്തിന്റെ മുകളിലേക്കും താഴ്ഭാഗത്തേക്കും ട്രെകിങ് ഉണ്ട്. പരന്ന തുറസ്സായ പുല്‍മേടുകള്‍ക്കിടയിലൂടെയും ഹരിത വനങ്ങള്‍ക്കിടയിലൂടെയും മുകളിലേക്കുള്ള യാത്ര ഏകദേശം രണ്ട് മണിക്കൂര്‍ എടുക്കും. തിരിച്ചും രണ്ട് മണിക്കൂര്‍തന്നെ വേണം. കൂറ്റന്‍ പാറകളും ജലാശയങ്ങളും അരുവികളുമെല്ലാം താണ്ടിയുള്ള ട്രെകിങ്ങാണിത്. പാറക്കെട്ടുകളില്‍ കയറ്റവും ഇറക്കവും സുഗമമാക്കാനും കയറ്റം കുറയ്ക്കാനും സമീപവാസികള്‍ നിരവധി തടി ഏണികള്‍ സ്ഥാപിച്ചിട്ടുണ്ട്.
നൊഹ്കലികായ് വെള്ളച്ചാട്ടത്തിന്റെ മുഖത്തേക്കുള്ള വഴിയില്‍, ത്‌ലായ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന മനോഹരമായ മൂന്നുതട്ട് വെള്ളച്ചാട്ടം കാണാം. പാലുപോലെ വെളുത്ത വെള്ളം പാറകളിലൂടെ ഒഴുകുന്ന കാഴ്ച സ്വര്‍ഗീയ അനുഭൂതി നല്‍കും. ത്‌ലായ് വെള്ളച്ചാട്ടത്തില്‍നിന്ന് നദീതടത്തിലൂടെ 30 മിനിറ്റ് കൂടി നടന്നാല്‍ നോഹ്കലികായുടെ അടുത്ത് എത്താം. താരതമ്യേന ചെറിയ പീഠഭൂമിയുടെ കൊടുമുടിയില്‍ ശേഖരിക്കപ്പെടുന്ന മഴവെള്ളമാണ് നൊഹ്കലികായ് വെള്ളച്ചാട്ടമായി ഒഴുകുന്നത്.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള വരണ്ട സീസണ്‍ ഒഴികെയുള്ള സമയങ്ങളില്‍ ഇവിടെ സമൃദ്ധമായി വെള്ളമുണ്ടാകും. വെള്ളച്ചാട്ടത്തിനുതാഴെ അസാധാരണമായ പച്ച നിറത്തിലുള്ള മനോഹരമായ ഒരു കുളവുമുണ്ട്. മണ്‍സൂണ്‍ കാലമാണ് നോഹ്കലികായ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. എന്നിരുന്നാലും വെള്ളത്തിന്റെ ഒഴുക്ക് കുറവായ ഒക്ടോബര്‍ മുതല്‍ മാര്‍ച് വരെയുള്ള സമയത്തേ ട്രെകിങ് നടത്താനാവൂ. നേരത്തെ ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കുകയും ചെയ്യും.