കാസർകോടിന്റെ സ്വന്തം വെള്ളച്ചാട്ടം: നീലേശ്വരം മാനൂരിച്ചാൽ സഞ്ചാരികളെ മാടിവിളിക്കുന്നു!
● നീലേശ്വരം ചായ്യോത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
● കുട്ടികളോടും വളർത്തുനായ്ക്കളോടുമൊപ്പം ആളുകൾ എത്തുന്നു.
● മഴക്കാലത്ത് മാത്രം കാണാൻ കഴിയുന്ന വെള്ളച്ചാട്ടമാണിത്.
● ഒരേ സമയം കൂടുതൽ പേർക്ക് സുരക്ഷിതമായി കുളിക്കാം.
● അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കാം.
നീലേശ്വരം: (KasargodVartha) വെള്ളച്ചാട്ടത്തിൻ്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ കാസർകോട്ടുകാർക്ക് ഇനി മൂന്നാറിലേക്കോ ആതിരപ്പള്ളിയിലേക്കോ പോകേണ്ടതില്ല. നീലേശ്വരം ചായ്യോത്തുള്ള മാനൂരിച്ചാൽ വെള്ളച്ചാട്ടം ഇപ്പോൾ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു.
നയനമനോഹരമായ കാഴ്ചകളൊരുക്കി സഞ്ചാരികളുടെ മനം കുളിർപ്പിക്കുകയാണ് പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ ഈ വെള്ളച്ചാട്ടം. കിനാനൂർ-കരിന്തളം പഞ്ചായത്തിനും മടിക്കൈ ഗ്രാമപഞ്ചായത്തിനും അതിർത്തിയിലായി ചായ്യോത്തിനടുത്താണ് മാനൂരിച്ചാൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. നിരവധി അരുവികൾ സംഗമിച്ച് ഒഴുകിയെത്തുന്ന മാനൂരിച്ചാലിലാണ് അധികമാരും അറിയാതിരുന്ന ഈ വെള്ളച്ചാട്ടം ഒഴുകിപ്പരക്കുന്നത്.
ഒരു നാട്ടുകാരൻ ഇൻസ്റ്റഗ്രാമിൽ ഈ വെള്ളച്ചാട്ടത്തെക്കുറിച്ച് പോസ്റ്റിട്ടതോടെയാണ് ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചത്. നൂറുകണക്കിന് ആളുകളാണ് ഇവിടെ സമയം ചെലവഴിക്കാനെത്തുന്നത്. കുളിച്ച് ആർത്തുല്ലസിക്കാമെന്നതിനാൽ കുട്ടികളോടും വളർത്തുനായ്ക്കളോടുമൊപ്പം പോലും ആളുകൾ എത്തുന്നുണ്ട്. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലുമാണ് കൂടുതൽ പേർ എത്തുന്നത്.

മാനൂരിച്ചാലിൻ്റെ ദൃശ്യഭംഗി എത്ര കണ്ടാലും മതിവരില്ലെന്ന് സഞ്ചാരികൾ പറയുന്നു. പ്രകൃതിയൊരുക്കിയ ഈ വെള്ളച്ചാട്ടത്തിൻ്റെ സൗന്ദര്യം നുകരാൻ മാനൂരിച്ചാൽ സഞ്ചാരികളെ മാടിവിളിക്കുകയാണ്. മൺസൂൺ കാലത്ത് മാത്രം ദൃശ്യമാകുന്ന വെള്ളച്ചാട്ടമാണിത് എന്നൊരു പ്രത്യേകതയുമുണ്ട്.
കനത്ത മഴയിൽ പാറക്കെട്ടുകളിൽ നിന്ന് ഒഴുകിയെത്തുന്ന തെളിനീരിന്റെ സൗന്ദര്യം വേറെ തന്നെയാണെന്ന് സന്ദർശകർ സാക്ഷ്യപ്പെടുത്തുന്നു. വെള്ളച്ചാട്ടം ജനശ്രദ്ധയിൽ വന്നിട്ട് രണ്ടോ മൂന്നോ വർഷങ്ങളായെങ്കിലും സോഷ്യൽ മീഡിയ സജീവമായതോടെയാണ് ആളുകൾ കൂടുതലായി ഇവിടേക്ക് എത്താൻ തുടങ്ങിയതെന്ന് പ്രദേശവാസിയായ അജയൻ കാസർകോട് വാർത്തയോട് പറഞ്ഞു.
വിസ്തൃതിയിൽ പരന്നൊഴുകുന്നതിനാൽ ഒരേ സമയം കൂടുതൽ പേർക്ക് വെള്ളച്ചാട്ടത്തിന് കീഴെ നിന്ന് സുരക്ഷിതമായി കുളിക്കാം. നീലേശ്വരത്തുനിന്ന് വെള്ളരിക്കുണ്ട് - ചെറുപുഴ റൂട്ടിൽ എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ചായ്യോത്ത് എത്താം. അവിടെ നിന്ന് കാഞ്ഞിരപ്പൊയിൽ റൂട്ടിൽ രണ്ട് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാനൂരിച്ചാൽ വെള്ളച്ചാട്ടത്തിൻ്റെ മനോഹാരിതയിൽ അലിഞ്ഞുചേരാം.
റോഡരികിൽ ചെറിയ ദിശാബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ആളുകൾ പോയി തെളിഞ്ഞ വഴിയിലൂടെ ചെറിയ ഇറക്കമിറങ്ങിയാൽ വാഹനത്തിൽത്തന്നെ വെള്ളച്ചാട്ടത്തിനടുത്തെത്താം. കാട് മൂടിക്കിടന്ന ഈ പ്രദേശം അടുത്തിടെയാണ് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയത്.
കുടുംബത്തോടൊപ്പം വെള്ളച്ചാട്ടം കണ്ട് ആസ്വദിക്കാനും കുളിക്കാനും ധാരാളം പേരെത്തുന്നുണ്ട്. ഏകദേശം അര കിലോമീറ്റർ റോഡ് വൃത്തിയാക്കി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചാൽ മൺസൂൺ കാലത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാനൂരിച്ചാലിനെ മാറ്റാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
ഈ മഴക്കാലത്ത് മാനൂരിച്ചാൽ വെള്ളച്ചാട്ടം സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Manoori Chal waterfall in Kasaragod, Kerala, is becoming a popular monsoon tourist spot.
#ManooriChal #KasaragodTourism #WaterfallKerala #Nileshwaram #MonsoonTravel #KeralaTourism






