ജനറൽ മാനേജർമാർ വന്നുപോകുമ്പോഴും റെയിൽ യാത്രാദുരിതത്തിന് പരിഹാരമാവുന്നില്ല; പ്രതിഷേധം ശക്തമാവുന്നു
● രാവിലെയും വൈകുന്നേരങ്ങളിലുമാണ് ട്രെയിനുകളിൽ ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുന്നത്.
● കണ്ണൂർ-മംഗളൂരു പാസഞ്ചർ ട്രെയിനിലാണ് വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും ദുരിതമനുഭവിക്കുന്നത്.
● ട്രെയിനുകളിൽ കോച്ചുകൾ കുറയ്ക്കാൻ റെയിൽവേ ശ്രമിക്കുന്നതായി യാത്രക്കാർ ആരോപിക്കുന്നു.
● അധിക കോച്ചുകൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യാത്രക്കാർ സമരപരിപാടികൾക്ക് ഒരുങ്ങുന്നു.
കാസർകോട്: (KasargodVartha) മാറി, മാറി വരുന്ന പാലക്കാട് ഡിവിഷൻ റെയിൽവേ ജനറൽ മാനേജരും ഉദ്യോഗസ്ഥരും റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുമ്പോഴും മലബാറിലെ ട്രെയിനുകളിലെ യാത്രാദുരിതത്തിന് പരിഹാരമാവുന്നില്ല. ട്രെയിനുകളിൽ കയറിപ്പറ്റാൻ ഇടമില്ലാതെ ടിക്കറ്റ് എടുത്തവർക്ക് മടങ്ങി പോകേണ്ട അവസ്ഥയാനുള്ളത്. തിങ്ങിനിറഞ്ഞ കമ്പാർട്ട്മെൻ്റുകളിലേക്ക് എങ്ങനെയെങ്കിലും കയറി പറ്റാനുള്ള യാത്രക്കാരുടെ ശ്രമത്തെ റെയിൽവേ പോലീസ് അപകടം മണത്തറിഞ്ഞ് തടയുന്നത് യാത്രക്കാരും പോലീസും തമ്മിലുള്ള വാഗ്വാദത്തിനും കാരണമാവുന്നുണ്ട്.
കാസർകോട് നിന്ന് കോഴിക്കോട് ഭാഗത്തേക്കും തിരിച്ചും ചുരുക്കം ചില ട്രെയിനുകൾ മാത്രമാണുള്ളത്. രാവിലെയും വൈകുന്നേരങ്ങളിലുമാണ് വലിയ തോതിലുള്ള തിരക്ക് ഈ സമയങ്ങളിൽ അനുഭവപ്പെടുന്നത്. സൂചി കുത്താൻ പോലും ഇടമില്ലാത്ത രീതിയിലാണ് തിരക്ക് അനുഭവപ്പെടുന്നതും. സ്ത്രീകളും, കുട്ടികളും, രോഗികളുമടക്കമുള്ള യാത്രക്കാർക്കാണ് ദുരിതമേറെയും. സർക്കാർ ജീവനക്കാരും ആശ്രയിക്കുന്നത് ഇത്തരം ട്രെയിനുകളെയാണ്. എന്നാൽ ട്രെയിനുകളിൽ കോച്ചുകൾ കൂട്ടേണ്ട അവസ്ഥയിൽ കോച്ചുകൾ കുറയ്ക്കാനാണ് റെയിൽവേ ശ്രമിക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഇത് യാത്ര ദുരിതത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നുമുണ്ട്.

കണ്ണൂർ മുതൽ കാസർകോട് വരെയുള്ള സർക്കാർ ഉദ്യോഗസ്ഥരും, വിദ്യാർത്ഥികളും, മറ്റ് യാത്രക്കാരും പ്രധാനമായും ആശ്രയിക്കുന്ന കണ്ണൂർ-മംഗളൂരു പാസഞ്ചർ ട്രെയിനിൽ കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയിലാണ് യാത്രക്കാർ യാത്ര ചെയ്യുന്നത്. ശ്വാസം മുട്ടി നിന്നാണ് പെൺകുട്ടികൾ അടക്കമുള്ളവർ ട്രെയിനിൽ യാത്ര ചെയ്യുന്നത്. ഇതുമൂലം ബോധരഹിതരായി വീഴുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
യാത്രക്കാരും, പാസഞ്ചേഴ്സ് അസോസിയേഷനും, വ്യാപാരികളും, വിദ്യാർത്ഥികളും, സന്നദ്ധ സംഘടനകളുമൊക്കെ ഈ വിഷയം ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രി അടക്കമുള്ള ജനപ്രതിനിധികൾക്കും, റെയിൽവേ ഉദ്യോഗസ്ഥർക്കും നിരന്തരമായി പരാതികൾ നൽകി വരുന്നുണ്ട്. ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിക്കുന്നതിനോ, ഈ സമയങ്ങളിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കുന്നതിനോ യാതൊരു നടപടിയും റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. എന്നാൽ പാലക്കാട് ഡിവിഷനിൽ മാറിമാറി വരുന്ന ജനറൽ മാനേജർ അടക്കമുള്ള ഉദ്യോഗസ്ഥർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് മടങ്ങിപ്പോകുന്നുമുണ്ട്.
വിഷയം വലിയ പ്രതിഷേധത്തിന് കാരണമായ സാഹചര്യത്തിൽ യാത്രക്കാർ സംഘടിച്ച് പ്രതിഷേധ സമര പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിന് പാസഞ്ചേഴ്സ് അസോസിയേഷൻ്റെയും സന്നദ്ധ സംഘടനകളുടെയും പിന്തുണയുമുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: Rail travel misery persists in Malabar due to extreme overcrowding; passengers plan protests.
#MalabarRail #TrainMisery #RailwayProtest #Overcrowding #PalakkadDivision #KeralaRail






