city-gold-ad-for-blogger

ചിറകുവിരിക്കാനൊരുങ്ങി കിദൂർ പക്ഷി സങ്കേതം; ആദ്യ പഠന പരിപാടി അടുത്ത ആഴ്ചയോടെ

 Image representing Kidur Bird Sanctuary in Kasaragod
Photo: Special Arrangement

● 152-ൽപരം വ്യത്യസ്ത ഇനങ്ങളിലുള്ള പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്
● ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ ഇടപെടൽ പദ്ധതിക്ക് വേഗത കൂട്ടി
● 40 പേർക്ക് താമസിക്കാവുന്ന ഡോർമിറ്ററി കെട്ടിടം സജ്ജമായി
● മുൻ മന്ത്രി ഇ ചന്ദ്രശേഖരനാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിച്ചത്
● ഡോർമിറ്ററിയുടെ ഉദ്ഘാടനം നിർവഹിച്ചത് എ കെ എം അഷ്റഫ് എംഎൽഎ

കുമ്പള: (KasargodVartha) ഏഴുവർഷത്തെ കാത്തിരിപ്പിന് വിരാമം. പക്ഷികളുടെ പറുദീസയായ കിദൂർ പക്ഷി ഗ്രാമം ഇനി കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ വിനോദസഞ്ചാര ടൂറിസം പ്രദേശമാവും. പദ്ധതി യാഥാർഥ്യമായതോടെ പക്ഷി ഗ്രാമത്തിലെ ആദ്യ പരിസ്ഥിതി പഠന പരിപാടി ഈ മാസാന്ത്യം നടക്കും. ഇതിനായുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നുവരുന്നു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ ഇടപെടലിലൂടെയാണ് പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങാനുള്ള വേഗത വന്നത്.

പക്ഷികളുടെ പറുദീസ

നൂറുകണക്കിന് പക്ഷി സ്നേഹികളും പ്രകൃതി സ്നേഹികളും എത്തുന്ന കുമ്പള ഗ്രാമപഞ്ചായത്തിലെ കിദൂർ 'പക്ഷി ഗ്രാമം' ടൂറിസം വികസനത്തിന്റെ പുതിയ വാതായനങ്ങളാണ് തുറന്നിടുന്നത്. പക്ഷി നിരീക്ഷകർക്കായി ഒട്ടേറെ പഠന പരിപാടികൾ നടക്കുന്ന ഇടമാണ് കിദൂര്‍. ഇതുവരെ ഇവിടെ 152-ൽപരം വ്യത്യസ്ത ഇനങ്ങളിലുള്ള പക്ഷികളെ കണ്ടെത്തിയിട്ടുമുണ്ട്.

2016-ലാണ് കിദൂരിലെ പക്ഷി നിരീക്ഷകൻ രാജു അപൂർവ ഇനം പക്ഷികളെ കണ്ടെത്തിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്. പിന്നീട് ഇത് ലോകത്തെ പക്ഷി നിരീക്ഷകരുടെ വെബ്സൈറ്റായ 'ഇബേഡിൽ' പ്രത്യക്ഷപ്പെട്ടു. 

പിന്നീടങ്ങോട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പക്ഷി നിരീക്ഷകരും ഗവേഷകരും വിദ്യാർഥികളും ഇവിടെ എത്താൻ തുടങ്ങി. ഇത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിലും പെട്ടു. അന്നത്തെ ജില്ലാ കളക്ടർ ഡി സജിത് ബാബു കിദൂരിൽ സന്ദർശനം നടത്തി പഠിക്കാൻ വിദഗ്ധ സമിതിയെ അയച്ചു. അതോടെ പക്ഷി ഗ്രാമം പദ്ധതി സജീവ ചർച്ചയായി.

പദ്ധതിയുടെ നാൾവഴികൾ

കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപയുടെ പദ്ധതിക്ക് 2019-ൽ തുടക്കമിട്ടു. 2021 ഫെബ്രുവരി 22-ന് ഇതിന്റെ നിർമാണോദ്ഘാടനം നടന്നു. അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്. നേരത്തെ 2.7 കോടി രൂപ പദ്ധതിക്ക് വകയിരുത്തിയിരുന്നുവെങ്കിലും പിന്നീട് സാമ്പത്തിക പ്രതിസന്ധി മൂലം തുക 60 ലക്ഷമായി ചുരുക്കുകയായിരുന്നു. 

മറ്റുള്ളവ ഘട്ടം ഘട്ടമായി നടപ്പിലാക്കാം എന്നായിരുന്നു സർക്കാരിന്റെ വാദം. ഈ ഫണ്ടിന്റെ അപര്യാപ്തതയും ലഭ്യതയും പദ്ധതി നീണ്ടുപോകാനും കാരണമായി. 2026 തുടക്കത്തിലാണ് പക്ഷി ഗ്രാമം പദ്ധതിയുടെ ഡോർമിറ്ററി കെട്ടിടം പൂർത്തിയായത്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായതോടെ 2026 മാർച്ച് 10-ന് ഇതിന്റെ ഉദ്ഘാടനവും നടന്നു. എ കെ എം അഷ്റഫ് എംഎൽഎയായിരുന്നു ഉദ്ഘാടകൻ.

സജ്ജമായി ഡോർമിറ്ററി സൗകര്യം

ഇപ്പോൾ കിദൂർ പക്ഷി ഗ്രാമത്തിൽ നിർമിച്ചിരിക്കുന്ന ഡോർമിറ്ററി കെട്ടിടത്തിൽ 40 പേർക്ക് താമസിക്കാവുന്ന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒപ്പം ശൗചാലയം, അടുക്കള, ഓഫീസ് മുറി, മീറ്റിങ് ഹാൾ തുടങ്ങിയ എല്ലാവിധ അത്യാവശ്യ സൗകര്യങ്ങളും ഡോർമിറ്ററിയിൽ ലഭ്യമാണ്. അടുത്ത ആഴ്ചയോടെ പക്ഷി നിരീക്ഷകർക്കും ഗവേഷകർക്കും വിനോദസഞ്ചാരികൾക്കും തുറന്നുകൊടുക്കുന്ന ഡോർമിറ്ററിയുടെ നടത്തിപ്പ് കരാറടിസ്ഥാനത്തിലാണ് നൽകിയിരിക്കുന്നത്. ഒരു വർഷത്തേക്കുള്ളതാണ് കരാർ.

കിദൂർ പക്ഷി സങ്കേതം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ രാഷ്ട്രീയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക

Article Summary: Kidur Bird Village in Kasaragod prepares for its first nature study program.

#KidurBirdSanctuary #KumblaNews #KasaragodTourism #eBirdKerala #BirdWatchingKasaragod #AKMAshrafMLA #LocalNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia