കാസർകോട്ട് 95 ശതമാനം കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതി ജൂൺ 15 മുതൽ
● ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, സിറ്റി, ടൗൺ ടു ടൗൺ സർവീസുകൾ പദ്ധതിയിൽ ഉൾപ്പെടും.
● മംഗലാപുരം, സുള്ള്യ തുടങ്ങിയ അന്തർസംസ്ഥാന സർവീസുകൾക്കും സൗജന്യം ബാധകം.
● ഫാസ്റ്റ് പാസഞ്ചറിന് മുകളിലുള്ള സൂപ്പർ ഫാസ്റ്റ്, എസി, ദീർഘദൂര സർവീസുകൾക്ക് സൗജന്യമില്ല.
● വനിതകളുടെ യാത്രാചെലവ് കുറയ്ക്കാനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
കുഞ്ഞികണ്ണൻ മുട്ടത്ത്
കാസർകോട്: (KasargodVartha) സംസ്ഥാന സർക്കാരിൻ്റെ വനിതകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയുടെ ഭാഗമായി കാസർകോട്ട് സർവീസ് നടത്തുന്ന ഭൂരിഭാഗം കെഎസ്ആർടിസി ബസുകളിലും ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ജില്ലയിൽ ഓടുന്ന 95 ശതമാനം കെഎസ്ആർടിസി ബസുകളിലും ഈ ആനുകൂല്യം ലഭ്യമാകുമെന്ന് കെഎസ്ആർടിസി അധികൃതർ കാസർകോട് വാർത്തയോട് പറഞ്ഞു
128 ബസുകളിൽ ആനുകൂല്യം ലഭിക്കും
കാഞ്ഞങ്ങാട്, കാസർകോട് ഡിപ്പോകളിൽ നിന്ന് സർവീസ് നടത്തുന്ന ആകെ 128 ബസുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. ഇതിൽ സാധാരണ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, സിറ്റി, ടൗൺ ടു ടൗൺ വിഭാഗങ്ങളിലെ ബസുകളിലാണ് സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യമായി യാത്ര ചെയ്യാൻ കഴിയുക.
മംഗ്ളൂരു, സുള്ള്യ ഉൾപ്പെടെയുള്ള അന്തർസംസ്ഥാന സർവീസുകളിലും യാത്രാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. അതിനാൽ തന്നെ കാസർകോട് ജില്ലയിൽ നിന്ന് കർണാടകയിലേക്കുള്ള നിരവധി യാത്രക്കാർക്കും ഇത് വലിയ ആശ്വാസമായി മാറും.
തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ ഡിപ്പോകളിൽ നിന്നും മംഗളൂരിലേക്ക് സർവ്വീസ് നടത്തുന്ന ബസുകളും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം.
സൂപ്പർ ക്ലാസ് സർവീസുകളിൽ ഇളവില്ല
അതേസമയം ഫാസ്റ്റ് പാസഞ്ചറിനും മുകളിലുള്ള സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, ഡീലക്സ്, ലോ ഫ്ലോർ, എസി, ദീർഘദൂര സർവീസുകൾ എന്നിവയിൽ സൗജന്യ യാത്രാ സൗകര്യം ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഈ വിഭാഗങ്ങളിലെ ബസുകളിൽ നിലവിലെ യാത്രാ നിരക്ക് തന്നെ തുടരും.
ആയിരങ്ങൾക്ക് ആശ്വാസമാകും
സ്ത്രീകളുടെ യാത്രാചെലവ് കുറയ്ക്കുന്നതിനും പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ നടപ്പാക്കുന്ന 'പ്രിയദർശിനി' പദ്ധതിയിലൂടെ ജില്ലയിലെ ആയിരക്കണക്കിന് സ്ത്രീകൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് തൊഴിൽ, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി ദിവസേന യാത്ര ചെയ്യുന്നവർക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും.
യാത്രാസൗജന്യവുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും അറിയിപ്പുകളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Women in Kasaragod can travel for free on 95% of KSRTC buses, including 128 services from the Kasaragod and Kanhangad depots to Mangaluru and Sullia, starting June 15 under the 'Priyadarshini' scheme.
#KSRTC #PriyadarshiniScheme #FreeTravelForWomen #KasaragodNews #MangaluruRoute #MalayalamNews #KeralaTransport






