Foriegn Trip | ആദ്യമായി വിദേശത്തേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുകയാണൊ? അന്താരാഷ്ട്ര യാത്ര എങ്ങനെ ആസൂത്രണം ചെയ്യാമെന്ന് അറിയാം
പാസ്‌പോര്‍ടിനും വിസയ്ക്കും അപേക്ഷിക്കുക.
ബാഗുകളും രേഖകളും പാക് ചെയ്യുക.
ഫ്‌ലൈറ്റുകളും താമസവും ബുക് ചെയ്യുക.
ന്യൂഡെല്‍ഹി: (KasargodVartha) യാത്രകള്‍ ഇഷ്ടപ്പെടാത്ത മനുഷ്യര്‍ ഉണ്ടാവില്ല. ലോകം ചുറ്റി കറങ്ങി, ഓരോ വ്യത്യസ്ത രുചികളും ജീവിതശൈലികളും മനുഷ്യരെയും ഭൂപ്രകൃതി ഭംഗിയും അറിയാനും അനുഭവിക്കാനും യാത്രകളിലൂടെ സാധിക്കും. അവിസ്മരണീയവും ആവേശകരവുമായ സന്തോഷം നല്‍കാന്‍ ഓരോ യാത്രകളും തുടക്കമാകുന്നു. ഇന്‍ഡ്യയില്‍ നിന്ന് വിദേശത്തേക്കുള്ള ആദ്യ സ്വപ്ന യാത്ര യാഥാര്‍ഥ്യമാക്കാന്‍ നിങ്ങളെ സഹായിക്കുന്ന അഞ്ച് ഘട്ടങ്ങള്‍ അറിയാം.
1. ലക്ഷ്യസ്ഥാനവും ദൈര്‍ഘ്യവും തിരഞ്ഞെടുക്കുക: ആദ്യ അന്താരാഷ്ട്ര യാത്രയ്ക്കായി എവിടേക്ക് പോകണമെന്നും എത്ര സമയം താമസിക്കണമെന്നും തീരുമാനിക്കുന്നതാണ് ആദ്യപടി. കയ്യിലുള്ള ബജറ്റ്, താല്‍പര്യങ്ങള്‍, വിസ ആവശ്യകതകള്‍, കാലാവസ്ഥ, സുരക്ഷ മുതലായവ പോലുള്ളവ യാത്ര ആസ്വദിക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ടവയാണ്. ഇതിനായി Skyscanner, TripAdvisor, Lonely Planet പോലുള്ള ഓണ്‍ലൈന്‍ ടൂളുകള്‍ ഉപയോഗിക്കാം.
അല്ലെങ്കില്‍ ഒരു വ്യക്തിഗത യാത്രാ വിദഗ്ധനെ നിയമിക്കാം. വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങള്‍ താരതമ്യം ചെയ്യുന്നതിനും സ്വപ്ന അവധിക്കാലത്തിനായി ഫ്‌ലൈറ്റുകള്‍, ഹോടെലുകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ മികച്ച ഡീലുകള്‍ കണ്ടെത്താനും പ്രചോദനത്തിനുമുള്ള നുറുങ്ങുകള്‍ക്കുമായി യാത്രാ ബ്ലോഗുകള്‍, മാഗസിനുകള്‍, പുസ്തകങ്ങള്‍ മുതലായവയും പരിശോധിക്കാം.
2. പാസ്‌പോര്‍ടിനും വിസയ്ക്കും അപേക്ഷിക്കുക: ലക്ഷ്യസ്ഥാനം ഉറപ്പിച്ചുകഴിഞ്ഞാല്‍, അടുത്തഘട്ടം പാസ്പോര്‍ടും വിസയും റെഡി ആക്കുക എന്നതാണ്. പാസ്പോര്‍ടും വിസയും കൈവശം ഇല്ലെങ്കില്‍ അവയ്ക്ക് അപേക്ഷിക്കുക. അന്താരാഷ്ട്ര യാത്രകള്‍ക്ക് ഐഡന്റിറ്റിയും ദേശീയതയും തെളിയിക്കുന്ന പാസ്പോര്‍ട് നിര്‍ബന്ധിത രേഖയാണ്.
ഒരു പ്രത്യേക കാലയളവിനും ഉദ്ദേശ്യത്തിനും വേണ്ടി അവിടെ പ്രവേശിക്കാനും താമസിക്കാനും അനുവദിക്കുന്നതിമായി വിദേശ രാജ്യം നല്‍കുന്ന അനുമതിയാണ് വിസ. ഇന്‍ഡ്യന്‍ പൗരന്മാര്‍ക്കായി വിവിധ രാജ്യങ്ങള്‍ക്ക് വ്യത്യസ്ത വിസ നയങ്ങളും നടപടിക്രമങ്ങളും ഉണ്ട്. ചില രാജ്യങ്ങള്‍ വിസ ഓണ്‍ അറൈവല്‍ അല്ലെങ്കില്‍ ഇ-വിസ വാഗ്ദാനം ചെയ്യുന്നു, മറ്റുള്ളവ ഇന്‍ഡ്യയിലെ എംബസി വഴിയോ കോണ്‍സുലേറ്റ് വഴിയോ മുന്‍കൂട്ടി അപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നു. യാത്രയ്ക്കിടെ എല്ലാ സമയത്തും പാസ്പോര്‍ടിന്റെയും വിസയുടെയും പകര്‍പുകള്‍ കൈവശം സൂക്ഷിക്കണം.
3. ഫ്‌ലൈറ്റുകളും താമസവും ബുക് ചെയ്യുക: മികച്ച വിലയും ലഭ്യതയും കിട്ടുന്നതിനനുസരിച്ച് എത്രയും വേഗം ഫ്‌ലൈറ്റുകള്‍ ബുക് ചെയ്യണം. ഫ്‌ലൈറ്റുകള്‍ താരതമ്യം ചെയ്യാനും ബുക് ചെയ്യാനും MakeMyTrip, Cleartrip, Goibibo തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാം. വിവിധ എയര്‍ലൈനുകളില്‍ നിന്നും ട്രാവല്‍ ഏജന്റുമാരില്‍ നിന്നും ബുക് ചെയ്യുന്നതിന് മുമ്പ് ഫ്‌ലൈറ്റുകളുടെ ബാഗേജ് അലവന്‍സ്, റദ്ദാക്കല്‍ നയം, ട്രാന്‍സിറ്റ് സമയം മുതലായവയും പരിശോധിക്കണം.
ബഡ്ജറ്റ്, മുന്‍ഗണന, ലൊകേഷന്‍ എന്നിവയ്ക്ക് അനുസൃതമായി താമസസ്ഥലം ബുക് ചെയ്യണം, ഹോടെലുകള്‍, ഹോസ്റ്റലുകള്‍, ഹോംസ്റ്റേകള്‍ മുതലായവ താരതമ്യം ചെയ്യാനും ബുക് ചെയ്യാനും Booking.com, Airbnb, Agoda തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാം.
4. യാത്രയും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുക: നാലാമത്തെ ഘട്ടമാണ് യാത്രയും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുകയെന്നത്. ലക്ഷ്യസ്ഥാനത്തെ രാജ്യത്തിന്റെ ആകര്‍ഷണങ്ങള്‍, സംസ്‌കാരം, പാചകരീതി, ഉത്സവങ്ങള്‍ മുതലായവയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയും അവിടെ കാണാനും ചെയ്യാനും ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയും വേണം.
വഴിയില്‍ യാത്രയ്ക്ക് മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യാത്രാ പദ്ധതിയെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് പരിചയമുള്ളവരോട് ചോദിച്ച് കൂടുതല്‍ മനസിലാക്കണം. ലക്ഷ്യസ്ഥാനത്തെ രാജ്യത്തിന്റെ പ്രാദേശിക ആചാരങ്ങളെയും നിയമങ്ങളെയും നിങ്ങള്‍ മാനിക്കുകയും കുറ്റകരമോ നിയമവിരുദ്ധമോ ആയ പെരുമാറ്റം ഒഴിവാക്കുകയും വേണം.
5. ബാഗുകളും രേഖകളും പാക് ചെയ്യുക: ആദ്യ അന്താരാഷ്ട്ര യാത്രയ്ക്കായി ബാഗുകളും രേഖകളും പാക് ചെയ്യുക എന്നതാണ് അവസാന ഘട്ടം. യാത്രയുടെ കാലാവസ്ഥ, ദൈര്‍ഘ്യം, പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കനുസരിച്ച് ഭാരം കുറഞ്ഞതും എന്നാല്‍ അത്യാവശ്യം വേണ്ടുന്ന വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്നതുമായ ബാഗ് പാക് ചെയ്യണം. പോകുന്ന എയര്‍ലൈനിന്റെയും ലക്ഷ്യസ്ഥാനത്തിന്റെയും ലഗേജ് നിയമങ്ങളും പാലിക്കണം. രാജ്യം, നിരോധിതമോ നിയന്ത്രിതമോ ആയ സാധനങ്ങള്‍ ബാഗില്‍ ഉള്‍പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തണം.
പാസ്പോര്‍ട്, വിസ, ഫ്‌ലൈറ്റ് ടികറ്റുകള്‍, ഹോടെല്‍ ബുകിംഗുകള്‍, യാത്രാ പ്രിന്റൗടുകള്‍, ഇന്‍ഷുറന്‍സ് പോളിസി, എമര്‍ജന്‍സി കോണ്‍ടാക്റ്റുകള്‍ തുടങ്ങി യാത്രയ്ക്ക് ആവശ്യമായ എല്ലാ രേഖകളും എടുത്തിരിക്കണം.