പാതിവഴിയിലായ മഞ്ചേശ്വരം ഫിഷിങ് ഹാർബർ; സർക്കാരിൻ്റെ നൂറു ദിന പദ്ധതിയിൽ ഇടം പിടിക്കുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ
● 150 കോടി രൂപ ചെലവഴിച്ചാണ് ഹാർബർ നിർമാണം പൂർത്തീകരിച്ചത്
● ഹാർബറിലേക്ക് എത്താൻ അഴിമുഖത്തിന് കുറുകെ പാലം നിർമിക്കണം
● വാഹനങ്ങൾ നിലവിൽ ഇടുങ്ങിയതും തകർന്നതുമായ തീരദേശ റോഡിലൂടെയാണ് എത്തുന്നത്
● വിഷയം എ കെ എം അഷ്റഫ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ചു
മഞ്ചേശ്വരം: (KasargodVartha) കേരളത്തിലെ വൻകിട, ഇടത്തരം തുറമുഖങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ജലമാർഗമുള്ള ചരക്കുനീക്കം വർധിപ്പിക്കാൻ സമഗ്ര പദ്ധതിക്ക് സംസ്ഥാന സർക്കാർ ഒരുങ്ങുമ്പോൾ പാതിവഴിയിലായ മഞ്ചേശ്വരം തുറമുഖം പൂർണ തോതിൽ ഉപയോഗപ്രദമാക്കാൻ 'സമുദ്ര മിഷൻ' പദ്ധതിയിലൂടെ സർക്കാരിൻ്റെ നൂറു ദിന പദ്ധതികളിൽ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് ജനപ്രതിനിധികളും നാട്ടുകാരും. 150 കോടി രൂപ ചെലവഴിച്ചാണ് ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് മഞ്ചേശ്വരം ഫിഷിങ് ഹാർബർ നിർമാണം പൂർത്തീകരിച്ചത്. പിന്നീട് വന്ന ഇടത് സർക്കാർ 10 വർഷം ഇതിനെ തിരിഞ്ഞു നോക്കിയതുമില്ല.

പാലം അനിവാര്യം
മഞ്ചേശ്വരം കടപ്പുറത്തുനിന്ന് ഈ ഹാർബറിലെത്തണമെങ്കിൽ മഞ്ചേശ്വരം അഴിമുഖത്തിനും ഹാർബറിനും സമീപത്തായി പാലം നിർമിക്കേണ്ടതുണ്ട്. ഇത് നിർമിച്ചാലേ ഹാർബറിനെ പൂർണതോതിൽ ഉപയോഗപ്രദമാക്കാൻ കഴിയുകയുള്ളൂ. ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് നിയമസഭയിൽ പുതുക്കിയ ബഡ്ജറ്റിൽ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തിരുന്നു.

ഗതാഗത പ്രശ്നങ്ങൾ
ഇപ്പോൾ വാഹനങ്ങൾ മഞ്ചേശ്വരം ഹാർബറിൽ എത്തുന്നത് ഉപ്പള വഴിയുള്ള തീരദേശ റോഡിലൂടെയാണ്. ഇവിടെ പല ഭാഗത്തും ഇടുങ്ങിയ റോഡാണുള്ളത്. പോരാത്തതിന് റോഡുകളൊക്കെ കഴിഞ്ഞവർഷത്തെ കടലാക്രമണത്തിൽ തകർന്നു കിടക്കുന്നുമുണ്ട്. മഞ്ചേശ്വരം വഴിയാണ് ഹാർബറിലേക്ക് ചരക്ക് വണ്ടിയും മറ്റും എത്താൻ ഏറെ സഹായകമാവുക. ഇതിനടുത്തായിട്ടാണ് ഹാർബറിന് സമീപം അഴിമുഖത്തിന് കുറുകെ പാലം നിർമിക്കാൻ ആവശ്യം ഉയരുന്നത്. വിഷയം നേരിട്ട് മനസ്സിലാക്കുവാനും ഹാർബർ സന്ദർശിക്കാനും എ കെ എം അഷ്റഫ് എംഎൽഎ സംസ്ഥാന ഫിഷറീസ് മന്ത്രിയെ മഞ്ചേശ്വരത്തേക്ക് ക്ഷണിച്ചിട്ടുണ്ട്.

സർക്കാർ പിന്തുണ
അതിനിടെ കഴിഞ്ഞ ദിവസം നടന്ന എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ തുറമുഖ പദ്ധതികൾക്ക് കേന്ദ്രസർക്കാർ പിന്തുണ ഉറപ്പാക്കാൻ എംപിമാർ പ്രവർത്തിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. കേരളത്തിൽ 590 കിലോമീറ്റർ തീരദേശത്ത് വിഴിഞ്ഞം, കൊച്ചി അന്താരാഷ്ട്ര തുറമുഖങ്ങൾക്ക് പുറമെ നാല് ഇടത്തരം, 17 ചെറുകിട തുറമുഖങ്ങളുണ്ട്. ഇവ ബന്ധിപ്പിച്ച് ജലമാർഗം ചരക്കുനീക്കം വർധിപ്പിക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തെ വാണിജ്യ മേഖലയ്ക്ക് വലിയ കുതിപ്പും മുതൽക്കൂട്ടുമാകുമെന്ന് സർക്കാർ വ്യക്തമാക്കുന്നുമുണ്ട്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: The local residents and representatives are hopeful that the incomplete Manjeshwaram Fishing Harbour will be included in the state government's 100-day 'Samudra Mission' project. Although constructed at a cost of Rs 150 crore, a bridge across the Manjeshwaram estuary is essential for the harbor to be fully functional and accessible for freight transport.
#ManjeshwaramHarbour #KasaragodNews #KeralaPorts #SamudraMission #AKMAshraf #VDSatheeshan #KeralaDevelopment #AparnaNews






