സാധനം വാങ്ങാൻ ഇറങ്ങി, ട്രെയിൻ വിട്ടു; കുടുംബം ചങ്ങല വലിച്ചതോടെ കാസർകോട്ട് ഗരീബ് രഥ് പിടിച്ചിട്ടത് 20 മിനുട്ട്
● മുംബൈയിൽ നിന്നും കൊച്ചുവേളിയിലേക്ക് പോകുന്ന ട്രെയിനിലെ യാത്രക്കാരാണ് അപായ ചങ്ങല വലിച്ചത്.
● തൃശൂർ സ്വദേശിയായ യാത്രക്കാരൻ പ്ലാറ്റ്ഫോമിലെ കടയിൽ നിന്ന് വെള്ളം വാങ്ങാൻ ഇറങ്ങിയതായിരുന്നു.
● ഇദ്ദേഹം തിരിച്ചെത്തുന്നതിന് മുൻപേ ട്രെയിൻ നീങ്ങിയതോടെ കുടുംബാംഗങ്ങൾ ചങ്ങല വലിക്കുകയായിരുന്നു.
● ട്രെയിൻ പെട്ടെന്ന് നിന്നതോടെ അപകടം പിണഞ്ഞുവെന്ന് കരുതി ആർപിഎഫും ഉദ്യോഗസ്ഥരും ഓടിയെത്തി.
● സംഭവം മൂലം മറ്റ് യാത്രക്കാരും സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അൽപനേരം പരിഭ്രാന്തിയിലായി.
● അനാവശ്യമായി അപായ ചങ്ങല വലിക്കുന്നത് ശിക്ഷാർഹമാണെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകി.
കാസർകോട്: (KasargodVartha) റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ പ്ലാറ്റ്ഫോമിലെ കടയിൽ നിന്ന് സാധനം വാങ്ങാൻ ഇറങ്ങിയ യാത്രക്കാരൻ തിരിച്ചുകയറും മുമ്പ് വണ്ടി വിട്ടു. ഇതേ തുടർന്ന് ട്രെയിനിനകത്തുണ്ടായിരുന്ന കുടുംബാംഗങ്ങൾ അപായ ചങ്ങല വലിച്ചത് സ്റ്റേഷനിൽ അൽപനേരം പരിഭ്രാന്തി സൃഷ്ടിച്ചു. ചൊവ്വാഴ്ച (10.02.2026) രാവിലെ 10.30 മണിയോടെ കാസർകോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
യാത്ര തടസ്സപ്പെട്ടത് 20 മിനുട്ട്
മുംബൈയിൽ നിന്നും കൊച്ചുവേളിയിലേക്ക് പോകുന്ന ഗരീബ് രഥ് ട്രെയിനാണ് ചങ്ങല വലിച്ച് നിർത്തിയത്. തൃശൂർ സ്വദേശിയായ യാത്രക്കാരനാണ് വെള്ളം വാങ്ങാനായി പുറത്തിറങ്ങിയത്. എന്നാൽ ഇദ്ദേഹം തിരിച്ചെത്തുന്നതിന് മുൻപേ ട്രെയിൻ നീങ്ങിത്തുടങ്ങി. ഇതോടെ പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ചങ്ങല വലിക്കുകയായിരുന്നു. ഇത് കാരണം 20 മിനുട്ട് നേരം ട്രെയിൻ കാസർകോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിർത്തിയിടേണ്ടി വന്നു.

അധികൃതരുടെ ഇടപെടൽ
ട്രെയിൻ പെട്ടെന്ന് നിന്നതോടെ എന്തോ അപകടം പിണഞ്ഞുവെന്ന് സംശയിച്ച് ആർപിഎഫും റെയിൽവേ പോലീസും ടിടിഇമാരും അടക്കമുള്ളവർ ഓടിയെത്തി. തുടർന്നാണ് സ്റ്റാളിൽ നിന്നും സാധനം വാങ്ങാനിറങ്ങിയ യാത്രക്കാരൻ കയറുന്നതിന് മുമ്പ് ട്രെയിൻ വിട്ടതിനാലാണ് ചങ്ങല വലിച്ചതെന്ന് കുടുംബം അറിയിച്ചത്. അപകടമൊന്നും സംഭവിച്ചില്ലെന്ന് അറിഞ്ഞതോടെയാണ് ഉദ്യോഗസ്ഥർക്കും സഹയാത്രക്കാർക്കും ശ്വാസം നേരെ വീണത്.
എന്നാൽ, കൃത്യമായ കാരണമില്ലാതെ ചങ്ങല വലിച്ച് ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയതിന് റെയിൽവേ നിയമപ്രകാരം യാത്രക്കാർക്ക് പിഴയിട്ടതായി അധികൃതർ അറിയിച്ചു.
ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; അനാവശ്യമായി ചങ്ങല വലിച്ചാൽ പണി കിട്ടും. കൂടുതല്‍ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.
Article Summary: Passengers pulled the emergency chain of Garib Rath Express at Kasaragod station after a family member failed to board in time. Railway authorities fined them for the delay.
#Kasaragod #RailwayNews #GaribRath #RPF #TrainDelay #TravelAlert #KeralaNews






