Tourism Department | നിസാര കാരണങ്ങളുടെ പേരില്‍ വര്‍ഷങ്ങളോളം പദ്ധതികള്‍ വൈകിപ്പിക്കുന്നതില്‍ കര്‍ശന നടപടിയുമായി ടൂറിസം വകുപ്പ്; വര്‍കിങ് ഗ്രൂപുകളില്‍ അവതരിപ്പിച്ച് കോടികളുടെ ഭരണാനുമതി വാങ്ങി, വിഹിതം കൈപ്പറ്റിയശേഷം മരവിപ്പിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്തവയെക്കുറിച്ച് അന്വേഷണം
തിരുവനന്തപുരം: (www.kasargodvartha.com) ഭരണാനുമതി ലഭിച്ച് 10 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്ത 100 ലേറെ പദ്ധതികള്‍ ടൂറിസം വകുപ്പിലുണ്ടെന്ന് പ്രാഥമിക കണക്കെടുപ്പ്. നിസാര കാരണങ്ങളുടെ പേരില്‍ വര്‍ഷങ്ങളോളം ടൂറിസം പദ്ധതികള്‍ വൈകിപ്പിക്കുന്നതില്‍ അന്വേഷിച്ച് കര്‍ശന നടപടിയെടുക്കുമെന്ന് ടൂറിസം വകുപ്പ്.
പ്രായോഗികമല്ലാത്ത പദ്ധതികള്‍ വേണ്ടത്ര പഠനം നടത്താതെ പ്രായോഗികമെന്ന് വരുത്തിത്തീര്‍ത്ത് ഭരണാനുമതി നേടിയെടുത്ത ഒട്ടേറെ കേസുകള്‍ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഇത്തരത്തില്‍ പദ്ധതികളുടെ പേരില്‍ നടന്ന തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ തീരുമാനം. ചില പ്രത്യേക ഏജന്‍സികള്‍ക്ക് സ്ഥിരമായി പദ്ധതി നടത്തിപ്പു ലഭിക്കുന്നതിനെക്കുറിച്ചും അന്വേഷിക്കും.
വര്‍കിങ് ഗ്രൂപുകളില്‍ അവതരിപ്പിച്ച് കോടികളുടെ ഭരണാനുമതി വാങ്ങിയെടുക്കുകയും പദ്ധതി വിഹിതം കൈപ്പറ്റുകയും ചെയ്തശേഷം മരവിപ്പിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്ത പദ്ധതികളെക്കുറിച്ചാണ് അന്വേഷണം. പല പദ്ധതികളിലും കരാര്‍ ഏജന്‍സികള്‍ക്ക് മുന്‍കൂര്‍ തുക നല്‍കിയശേഷമാണ് ഉപേക്ഷിച്ചത്. നടക്കാത്ത പദ്ധതികളുടെ പേരില്‍ ഏജന്‍സികള്‍ക്ക് നല്‍കിയ മുന്‍കൂര്‍ തുക തിരിച്ചുപിടിക്കാന്‍ നടപടിയെടുത്തില്ല. ഈ തുക തിരിച്ചുപിടിക്കുകയും അന്വേഷണത്തിന്റെ ലക്ഷ്യമാണ്.
സാധ്യത കൃത്യമായി പരിശോധിക്കാതെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗന്‍സിലുകള്‍ (ഡിടിപിസി) പദ്ധതികള്‍ രൂപീകരിക്കുകയും വര്‍കിങ് ഗ്രൂപ് അംഗീകാരം നേടിയെടുക്കുകയുമായിരുന്നു. അനുമതി ലഭിച്ച മുഴുവന്‍ പദ്ധതികള്‍ക്കും കരാര്‍ നല്‍കി മുന്‍കൂര്‍ തുക കൈമാറിയശേഷം ഏതെങ്കിലും ചില പദ്ധതികള്‍ മാത്രം നടപ്പാക്കിയ ഡിടിപിസികളുണ്ടെന്ന് കണ്ടെത്തല്‍.
സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ഡിടിപിസി സെക്രടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ സമയപരിധിയിലും പദ്ധതി പൂര്‍ത്തീകരിക്കാത്തവര്‍ക്കെതിരെയാണ് അന്വേഷണം. ഉദ്ഘാടനം കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷന്‍ എടുക്കാതെ ഉപയോഗശൂന്യമായിട്ടിരിക്കുന്ന കെട്ടിടങ്ങളുണ്ട്. വരുമാനമുണ്ടാക്കാന്‍ കഴിയാത്തതുമൂലം കനത്ത നഷ്ടമാണ് ഈ വഴിക്കുണ്ടാകുന്നത്. ഇവയുടെയെല്ലാം എണ്ണമെടുക്കാന്‍ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
Keywords: News, Kerala, State, Top-Headlines, Thiruvananthapuram, Tourism, Fraud in tourism department