Fastag | ഫാസ്റ്റ് ടാഗ്: ടോൾ ബൂത്തുകളിലെ പുതിയ നിയമം വാഹന ഉടമകൾക്ക് ഇരുട്ടടിയാവുന്നു; ബാലൻസില്ലെങ്കിൽ പിഴയും

● ടോൾ പ്ലാസയിൽ എത്തുന്നതിന് 70 മിനിറ്റ് മുൻപ് ബാലൻസ് ഉറപ്പാക്കണം.
● ഫെബ്രുവരി 17 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്.
● കാലതാമസം ഒഴിവാക്കാനാണ് പുതിയ നിയമം എന്നാണ് അധികൃതർ പറയുന്നത്.
എം എം മുഹ്‌സിൻ
കൊച്ചി: (KasargodVartha) ടോൾ ബൂത്തുകളിൽ എത്തുന്നതിനുമുമ്പ് 'ഫാസ്റ്റ് ടാഗി'ൽ ബാലൻസില്ലെങ്കിൽ റീചാർജ് ചെയ്യാൻ കഴിയില്ല. വാഹനം കടന്നു പോകണമെങ്കിൽ ഇരട്ടി പിഴ കൂടി പ്രാബല്യത്തിൽ വരുത്തി കൊണ്ടാണ് നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നടപടി. ഫാസ്റ്റ് ടാഗ് ബാലൻസ് നിയമങ്ങളിൽ പുതിയ മാറ്റങ്ങൾ വരുത്തി കൊണ്ടുള്ള പെട്ടെന്നുള്ള ഉത്തരവ് വാഹന ഉടമകൾക്ക് ഇരുട്ടടിയായി. ബാലൻസ് ഇല്ലാതെ ടോൾ ബൂത്തിൽ എത്തിയാൽ ഇടപാട് നിരസിക്കപ്പെടും എന്നു മാത്രമല്ല, ഇരട്ടി പിഴയും ചുമത്തിയായിരിക്കും വാഹനങ്ങൾ കടത്തിവിടുക. ഫെബ്രുവരി 17 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്.
ടോൾ കടന്നുപോകുന്നതിന് 60 മിനിറ്റ് മുൻപ് വരെ ഫാസ്റ്റ് ടാഗ് പ്രവർത്തനരഹിതമായിരിക്കുകയും, ടോൾ കടന്നുപോയതിന് ശേഷം 10 മിനിറ്റിനുള്ളിൽ പ്രവർത്തനക്ഷമമാകാതിരിക്കുകയും ചെയ്താൽ പണം ഇടപാട് റദ്ദാക്കും. കുറഞ്ഞ ബാലൻസ്, പണം നൽകാൻ വൈകുക, അല്ലെങ്കിൽ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെട്ട ഫാസ്റ്റ് ടാഗ് എന്നിവയുള്ള ഉപയോക്താക്കൾക്ക് അധിക പിഴ ഈടാക്കും. വാഹനം ടോൾ കടന്നുപോയതിന് ശേഷം 15 മിനിറ്റിനുള്ളിൽ പണം നൽകിയില്ലെങ്കിൽ, വൈകിയ പണമിടപാടിന് കൂടുതൽ ചാർജ് ഈടാക്കാം. ഫാസ്റ്റ് ടാഗ് മുൻപേ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ, ടോൾ പ്ലാസയിൽ വെച്ച് റീചാർജ് ചെയ്യാൻ ശ്രമിച്ചാൽ പണം സ്വീകരിക്കില്ല, മാത്രമല്ല ഇരട്ടി ടോൾ നൽകേണ്ടിവരും.
രാജ്യത്തുള്ള മുഴുവൻ ടോൾ ബൂത്ത് പിരിവിനെതിരെ വ്യാപകമായ പരാതി ഉയർന്നു വരുന്നതിനിടയിലാണ് ടോൾ ബൂത്തിൽ വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ കൊള്ളയെന്നാണ് ആക്ഷേപം. പുതിയ മാറ്റങ്ങൾ പ്രകാരം ഇനിമുതൽ ഫാസ്റ്റ് ടാഗ് ബാലൻസ് എഴുപത് മിനിറ്റ് മുമ്പ് ഉറപ്പുവരുത്തണം. ഈ നടപടിയെ നാഷണൽ ഹൈവേ അതോറിറ്റിയും പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. ഘട്ടം ഘട്ടമായി ടോൾ പിരിവുകൾ നിർത്തലാക്കുമെന്ന കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുടെ പ്രസ്താവനയ്ക്ക് ശേഷവും അന്യായമായ ടോൾ പിരിവുകൾ വിവിധ സ്ഥലങ്ങളിൽ നടക്കുന്നുണ്ട്.
അതേസമയം വാഹനങ്ങൾ ടോൾ പ്ലാസ കടന്നുപോകുന്ന ന്യായമായ സമയത്തിനുള്ളിൽ ഫാസ്റ്റ് ടാഗ് ഇടപാടുകൾ നേരാം വണ്ണം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, അതുവഴി ഇടപാടുകളുടെ കാലതാമസം മൂലം വാഹന ഉടമകൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമാണ് പുതിയ പരിഷ്കരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, ഈ നിയമം വാഹന ഉടമകൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിമർശനം.
ഈ വാർത്ത എല്ലാവർക്കും ഉപകാരപ്രദമായെന്ന് കരുതുന്നു. ഇതുപോലുള്ള കൂടുതൽ വാർത്തകൾക്കായി ഷെയർ ചെയ്യുകയും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്യുക.
New Fastag rules at toll booths impose double penalties for vehicles with insufficient balance. The regulations, implemented by NPCI, require users to ensure balance 70 minutes before toll passage, sparking criticism from vehicle owners.
#Fastag, #TollBooth, #Penalty, #VehicleOwners, #India, #Travel