Closure | ഹില്‍ ടൂറിസം കേന്ദ്രമായ റാണിപുരത്ത് കാട്ടാനക്കൂട്ടമിറങ്ങി; കൊടുമുടിയിലേക്കുള്ള സഞ്ചാരികളുടെ മലകയറ്റം താല്‍ക്കാലികമായി നിരോധിച്ചു
റാണിപുരം: (KasargodVartha) ഹില്‍ ടൂറിസം (Hill Tourism) കേന്ദ്രത്തില്‍ കാട്ടാനക്കൂട്ടം (Wild Elephants) ഇറങ്ങിയതിനെ തുടര്‍ന്ന് കൊടുമുടിയിലേക്കുള്ള സഞ്ചാരികളുടെ മലകയറ്റം (Trekking) താല്‍ക്കാലികമായി നിരോധിച്ചു. മലമുകളില്‍ കാട്ടാനക്കൂട്ടമിറങ്ങിയതിന്റെ ദൃശ്യം ലഭിച്ചതോടെയാണ് വനംവകുപ്പിന്റെ ഈ തീരുമാനം.
വ്യാഴാഴ്ച രാവിലെയാണ് മലയുടെ താഴ്വാരങ്ങളിലായി വനംവകുപ്പ് വാചര്‍മാര്‍ കാട്ടാനക്കൂട്ടത്തെ കണ്ടത്. പിന്നീട് വൈകിട്ടും മൂന്നിലധികം കാട്ടാനകളുടെ വിഹാരം കണ്ടു.
ഹില്‍ ടോപിലേക്കുള്ള മലകയറ്റത്തില്‍ സഞ്ചാരികള്‍ ആദ്യം എത്തുന്ന പുല്‍മേടിന് സമീപത്തായാണ് വ്യാഴാഴ്ച വൈകിട്ട് കാട്ടാനക്കൂട്ടമിറങ്ങിയത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
മലമുകളില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ കര്‍ണാടക വനത്തിലേക്ക് കയറ്റാതെ സഞ്ചാരികളെ മലകയറ്റം തുടങ്ങുന്ന ഭാഗത്തേക്ക് പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നത് കൊണ്ടാണ് താല്‍കാലിക നിരോധനം ഏര്‍പെടുത്തിയത്.
വെള്ളിയാഴ്ച കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, വിശദപരിശോധന നടത്തിശേഷം മാത്രമേ സഞ്ചാരികളെ കൊടുമുടിയിലേക്ക് കയറ്റിവിടുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
മാസങ്ങളായി റാണിപുരത്തേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. പ്രകൃതിയുടെ വരദാനമായ റാണിപുരം സഞ്ചാരികള്‍ക്ക് വശ്യമായ അനുഭൂതിയാണ് പകരുന്നത്.