Tourism Development | കാസർകോട്ടും വരുന്നു ചില്ലുപാലം! ബാവിക്കര ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു; ടെൻഡർ പൂർത്തിയായി
● ബാവിക്കര ടൂറിസം പദ്ധതിയുടെ ടെണ്ടർ പൂർത്തിയായതായി എം.എൽ.എ അറിയിച്ചു
● രണ്ടാം ഘട്ടത്തിൽ ബാവിക്കരയിൽ നിന്ന് ചെമ്മനാട് പഞ്ചായത്തുമായി ബന്ധപ്പെടുത്തുന്ന തരത്തിൽ ഗ്ലാസ് ബ്രിഡ്ജും (ചില്ലുപാലം) വിഭാവനം ചെയ്തിട്ടുണ്ട്.
● നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച് ആറ് മാസത്തിനകം പൂർത്തീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
കാസർകോട്: (KasargodVartha) ജില്ലയിലെ ടൂറിസം വികസനത്തിന് വലിയൊരു നാഴികക്കല്ല് സൃഷ്ടിക്കുന്ന ബാവിക്കര ടൂറിസം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമാകും. ഉദുമ നിയോജക മണ്ഡലത്തിലെ മുളിയാർ പഞ്ചായത്തിലെ ബാവിക്കര കുടിവെള്ള പദ്ധതിയുടെ റഗുലേറ്റർ സൈറ്റുമായി ബന്ധപ്പെട്ട പ്രദേശത്താണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായി അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു.
സി എച്ച് കുഞ്ഞമ്പു എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി തുക അനുവദിച്ചിരുന്നു. 4.70 കോടി രൂപയ്ക്ക് തിരുവനന്തപുരത്തുള്ള ബാങ്കേഴ്സ് കണ്‍സ്ട്രക്ഷന്‍ ആണ് ടൂറിസം പദ്ധതിയുടെ പ്രവൃത്തി ടെണ്ടർ ഏറ്റെടുത്തിരിക്കുന്നത്. കാസർകോട് കലക്ടർ 2023 ൽ വിനോദസഞ്ചാര വകുപ്പിന് നൽകിയ 44.5 സെന്റ് പുഴ പുറമ്പോക്ക് ഭൂമിയും ഒരു വ്യക്തി സൗജന്യമായി വിട്ടുനൽകിയ അമ്പത് സെന്റോളം ഭൂമിയുമാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്.
ആദ്യ ഘട്ടത്തിൽ കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ, നടപ്പാത, ശൗചാലയങ്ങൾ, പാർക്കിംഗ് ഏരിയ, ബോട്ടിംഗ് തുടങ്ങിയവയാണ് നിർമ്മിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ബാവിക്കരയിൽ നിന്ന് ചെമ്മനാട് പഞ്ചായത്തുമായി ബന്ധപ്പെടുത്തുന്ന തരത്തിൽ ഗ്ലാസ് ബ്രിഡ്ജും (ചില്ലുപാലം) വിഭാവനം ചെയ്തിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ അക്രഡിറ്റഡ് ഏജൻസി ലിസ്റ്റിൽപ്പെട്ട ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ളത്. നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച് ആറ് മാസത്തിനകം പൂർത്തീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
#Kasaragod #TourismProject #Bakkivara #Development #Chillupalam #Kerala