Travel | സമൃദ്ധമായ വനങ്ങൾ, പർവതങ്ങൾ, മഴ, സുരക്ഷിതമായ ഭാവി; ഭൂട്ടാന്റെ അപാര സൗന്ദര്യങ്ങൾ
● ഭൂട്ടാന്റെ ആകെ വിസ്തീർണ്ണം 38,394 ച.കി.മീറ്റർ ആണ്.
● ഭൂട്ടാനിലെ 54% ഭൂമി വനങ്ങളാൽ നിറഞ്ഞിരിക്കുന്നു.
കൊടക്കാട് നാരായണൻ
ഭൂട്ടാൻ ഡയറി - 2
(KasargodVartha) രാഷ്ട്രീയവും സംസ്കാരവും വികസനവും ടൂറിസവും കൃഷിയും തുടങ്ങി ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും പ്രകൃതി സംരക്ഷണം ഉരകല്ലായി സ്വീകരിച്ച് മുന്നോട്ട് പോകുന്ന ഭൂട്ടാൻ്റെ ഭൂപ്രകൃതി സ്വർഗ്ഗത്തെക്കാൾ സുന്ദരമാണ്. ഉത്തര അക്ഷാംശം 26.5 ഡിഗ്രി ക്കും 28.5 ഡിഗ്രിക്കും പൂർവ രേഖാംശം 88.5 ഡിഗ്രിക്കും 92.5 ഡിഗ്രിക്കും ഇടയിലാണ് ഭൂഗോളത്തിൽ ഭൂട്ടാൻ്റെ സ്ഥാനം.
അതിർത്തി രാജ്യങ്ങൾ: ഹിമാലയൻ താഴ് വരയിലുള്ള ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പർവ്വത പ്രദേശങ്ങളാണ്.ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ നേപ്പാളിനു വളരെയടുത്ത് കിഴക്കു ഭാഗത്താണ് ഭൂട്ടാൻ്റെ സ്ഥാനം. പടിഞ്ഞാറെ അതിരിലുള്ള സിക്കിമും പശ്ചിമബംഗാളിന്റെ വടക്കേ അറ്റവുമാണ് ഭൂട്ടാനെ നേപ്പാളിൽ നിന്നും വേർതിരിക്കുന്നത്. തെക്കു ഭാഗത്ത് പശ്ചിമബംഗാളും അസമും അരുണാചൽ പ്രദേശുമാണ് അതിർത്തികൾ. ചൈനയാണ് ഭൂട്ടാൻ്റെ വടക്കുഭാഗത്ത്.
ആകെ വിസ്തീർണ്ണം: 38, 394 ച.കി.മീറ്റർ. കിഴക്ക് പടിഞ്ഞാറ് നീളം: 470 കി.മീ. വടക്ക് - തെക്ക് വീതി: 150-270 കി.മീ. ഏറ്റവും ഉയരം കൂടിയ കൊടുമുടി: ഗാങ് കർ പൂർണൽ ( 7570 മീറ്റർ). മറ്റു കൊടുമുടികൾ: ഗുലക്കാങ് (7553 മീറ്റർ), ജോമോൾ ഹാരി (7326 മീറ്റർ), മാലക്കാങ് (7150 മീറ്റർ) തർപലിംഗ് (7054 മീറ്റർ) എന്നിവയാണ് പ്രധാനപ്പെട്ട കൊടുമുടികൾ. ഭൂട്ടാനിലെ മലനിരകൾ ട്രക്കിംഗ് ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളാണ് :
തിംഫു പർവത നിരകൾ (പാരോ- പുനാക്ക റൂട്ട്), പാരോ - തിംഫു ട്രക്ക് പാത് (പാരോ തിംഫുറൂട്ട് ) , ജ മോൽ ഹരി (പാരോ - ജമോൽ ഹരി റൂട്ട് ), ഷോമൻ ട്രക്ക് (പാരോ -ലുനാന റൂട്ട്), ഗാംഗ് ടെ ട്രക്ക് ( ഗാംഗ് ടെ- വാങ്ടു റൂട്ട്) നഗാല തൗസൻ്റ് ലെയ്ക്ക് ട്രക്ക് ( തിംഫു - നഗാല റൂട്ട് ) എന്നിവയാണവ. ഇതിനു പുറമെ ഹിമാലയ പർവത ശ്രേണി, ഭൂട്ടാൻ ഹിമ നിരകൾ, കാഞ്ചൻ ഗംഗ, എന്നീ മലനിരകളും സാഹസിക സഞ്ചാരികളുടെ പറുദീസയാണ്.
നദികൾ: ഭൂട്ടാൻ ഭാഷയായ ദ്സോങ്കയിൽ നദികളെ വിളിക്കുന്നത് ചു എന്നാണ്. പ്രധാന നദികൾ: വാങ് ചു, പുനാട് സാങ് ചു, മാ ങ്ദെ ചു, സങ്കോഷ് ചു, ആമോസ് ചു, ചുക്ക ചു, കുറിച്ചു....... രാജ്യത്തിൻ്റെ റവന്യൂ വരുമാനത്തിൽ സിംഹഭാഗവും ലഭിക്കുന്നത് ജല വൈദ്യുത പദ്ധതികളിലൂടെയാണ്. രാജ്യത്തിൻ്റെ ആവശ്യം കഴിഞ്ഞ് മിച്ചമായ വൈദ്യുതി ഇന്ത്യയ്ക്കും ബംഗ്ലാദേശിനും വില്പന നടത്തുന്നു.
ഈ നദികളിൽ നിർമ്മിച്ച ജലവൈദ്യുത പദ്ധതികളുടെ പേരും ഉല്പാദനവും സംബന്ധിച്ച വിവരങ്ങൾ (മെഗാവാട്ടിൽ): ടാറ്റ ഹൈഡ്രോ ഇലക്ട്രിക്കൽ പ്രൊജക്റ്റ് (1020), ചുക്ക HEP (336), കുറിച്ചു (60), മാങ്‌ഡെച്ചു HEP (720 ) പുനാട് സാങ് ചു HEP (1200), പുനാട് സാങ് ചു- II HEP(1020) നിർമ്മാണം പുരോഗമിക്കുന്ന പദ്ധതികൾ : സാൻകേഷ് HEP (2560) അമേച്ചു HEP (600),വാങ്ച്ചു HEP (800).
വൈദ്യുത പദ്ധതികൾ സാമ്പത്തിക സ്രോതസ് എന്നതിലുപരി ജലസേചനം, ഭക്ഷ്യ സുരക്ഷ , തൊഴിൽ സംരംഭങ്ങൾ എന്നീ ഘടകങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്നു. സുസ്ഥിര വികസനത്തിനും പരിസ്ഥിതി സൗഹൃദ രാഷ്ട്രത്തിൻ്റെ നില നില്പിനും ആണവ - താപ വൈദ്യുത നിലയങ്ങളെക്കാൾ നല്ലത് ഹൈഡ്രോ ഇലക്ട്രിക് പവർ ആണെങ്കിലും സമ്പന്നമായ ജൈവ വൈവിധ്യത്തെ നശിപ്പിക്കുന്നതിൽ ഇത്തരം പദ്ധതികൾ കാരണമാകുന്നുണ്ടെന്നത് രാജ്യം നേരിടുന്ന ഭീഷണി തന്നെയാണ്.
പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കൽ, സ്വാഭാവിക കാലാവസ്ഥയിൽ വരുത്തുന്ന പ്രതികൂലമായ മാറ്റങ്ങൾ, സാങ്കേതിക പ്രശ്നങ്ങൾ എന്നിവയെയും അഭിമുഖീകരിക്കാതെ രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയില്ല. ഇതിനു പുറമെയുള്ള ജല സ്രോതസ്സുകളായ നാംസോ , സ്നോ റോൾപാ, എന്നീ രണ്ടു തടാകങ്ങൾ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടിയാണ്.
മഴ..... മഴ....
ഭൂമിശാസ്ത്രപരമായി ഭൂട്ടാനെ മൂന്നു മേഖലകളായി തിരിച്ചിരിക്കുന്നു. തെക്കുഭാഗത്ത് ഇന്ത്യൻ സമതലത്തിൽ നിന്നു തുടങ്ങുന്നതും അമ്പതു കിലോമീറ്റർ വരെ വീതിയുള്ളതുമായ ആദ്യഭാഗം കുന്നും മലയും നിറഞ്ഞതാണ്. ഈ കുന്നുകൾ ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാലവർഷക്കാറ്റിനെ തടഞ്ഞുനിർത്തുന്നതു കൊണ്ട് ഈ പ്രദേശത്ത് ധാരാളം മഴ പെയ്യുന്നു. വർഷത്തിൽ 5000 മി.മീറ്റർ മുതൽ 7500 മി.മീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഭൂട്ടാനിലുണ്ട്.
ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഫോൺ സോളിംഗിലെ സാംത് സെയിലാണ് (ശരാശരി 3000 mm). ശരാശരി ഒരു മണിക്കൂറിൽ 285.4 മി.മീ. മഴയാണ് വർഷത്തിലെ 217 ദിവസങ്ങളിൽ ഇവിടെ ലഭിക്കുന്നത്. തിംഫു, പുനാക്ക, വാങ് ഡ്യൂ ഭാഗങ്ങളിൽ (1500-2000 mm) വടക്കൻ ഭൂട്ടാനിലാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ മഴ ലഭിക്കുന്നതത്രെ. ജൂൺ മാസത്തിലാണ് വാർഷിക പാതത്തിൻ്റെ വലിയ അളവും ലഭിക്കുന്നത്. ജൂലൈ - ആഗസ്ത് മാസത്തിലും മഴ ലഭിക്കും.
ജൂൺ - സെപ്തംബർ വരെ ലഭിക്കുന്ന മൺസൂൺ മഴയിലൂടെയാണ് വാർഷിക മഴ ലഭ്യതയുടെ 70-80 % വും ലഭിക്കുന്നത്. ഏപ്രിൽ - മെയിലെ പ്രീ മൺസൂണിൽ 10-20 % വും പോസ്റ്റ് മൺസൂണിലൂടെ (ഒക്ടോബർ - നവമ്പർ) 5-10% വും മഴ ലഭിക്കും. മഞ്ഞു പാതത്തിലൂടെ ലഭിക്കുന്നത് പ്രതിവർഷ ജല ലഭ്യതയുടെ 5% മാത്രം.
65 കിലോമീറ്റർ വീതിയിൽ നീണ്ടുകിടക്കുന്ന മധ്യമേഖലയിൽ കൂടുതൽ ഉയരമുള്ള മലകളുണ്ട് (1100 മീറ്റർ മുതൽ 3000 മീറ്റർ വരെ). ഈ മലനിരകൾക്കിടയിലുള്ള താഴ് വര പ്രദേശങ്ങളിൽ ആണ് വീടുകളും കച്ചവട സ്ഥാപനങ്ങളും സർക്കാർ ആശുപത്രികളും സ്കൂളുകളും ഭരണ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത്.
വർഷത്തിൽ 1100 സെൻറീമീറ്റർ മുതൽ 1600 സെൻറീമീറ്റർ വരെ മഴ ലഭിക്കുന്ന ഇവിടെയാണ് ഭൂട്ടാനിലെ കൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്. ബ്ലാക്ക് മൗണ്ട്യനിലെ 2700 മീറ്റർ വരെ ഉയരത്തിൽ നിന്ന് ഉത്ഭവിക്കുന്ന മോങ്ച്ചു, ഗ്രാൻ്റ് മോങ്ച്ചു നദികൾ ഒഴുകുന്നത് ഈ മേഖലയിലൂടെയാണ്. മധ്യ പൂർവ പ്രദേശങ്ങൾ സമശീതോഷ്ണ മേഖലയാണ്. ശിവാലിക് മലനിരകൾക്ക് തെക്കുഭാഗം ഏക്കൽ മലനിരകളാണ്. ഇവിടെ 64%വും വനഭൂമിയാണ്. പർവതപ്രദേശങ്ങളിൽ ധ്രുവസമാനമായ കാലാവസ്ഥയാണ്. തെക്കു ഭാഗത്ത് ഉഷ്ണമേഖലയാണ്.
വനവും പരിസ്ഥിതിയും
ഭൂട്ടാൻ്റെ ആകെ വിസ്തൃതിയുടെ 54% വും വനങ്ങളാണ്. 3.8മില്യൺ ഹെക്ടർ. 2030 ഓടെ ഇത് 60% ആക്കാനുള്ള ഒരുക്കത്തിലാണ് ഭൂട്ടാൻ ഭരണകൂടം. ഉഷ്ണമേഖലാ വനങ്ങൾ (20%), ഉപ ഉഷ്ണ മേഖല വനങ്ങൾ (30%), താപീയ വനങ്ങൾ (25 %), ആൽപൈൻ മരങ്ങൾ (15%), മുള സസ്യങ്ങൾ (10 %) എന്നിങ്ങനെയാണ് വനവിസ്തൃതിയുടെ സ്ഥിതി വിവര കണക്കുകൾ. 200 വർഗത്തിൽ പെട്ട വൻമരങ്ങളും 400 വർഗത്തിലുള്ള ഓർക്കിഡുകളും 50 വർഗത്തിലുള്ള ഗുൽ മോഹർ സസ്യങളും അത്യന്തം പ്രധാനപ്പെട്ട സസ്യങ്ങളും അപൂർവ ഔഷധ സസ്യങ്ങളും ഭൂട്ടാൻ വനങ്ങളെ വേറിട്ടതാക്കുന്നു.
വനസംരക്ഷണം
വന സംരക്ഷണം രാജ്യത്തിൻ്റെ പ്രധാന കർമ്മ പദ്ധതിയായതു കൊണ്ടും നിയമപാലനത്തിൽ യാതൊരു വിട്ടു വീഴ്ചയും അനുവദിക്കാത്തതു കൊണ്ടുമാണ് സമ്പന്നമായ വന വിസ്തൃതി സുസ്ഥിരമായി നിലനിർത്താൻ ഭൂട്ടാന് സാധിക്കുന്നത്. താഴെ തട്ട് മുതൽ ഉന്നത ഭരണ സംവിധാനം വരെ ഇക്കാര്യത്തിൽ കാണിക്കുന്ന ജാഗ്രത ലോകത്തിനു തന്നെ മാതൃകയാണ്. 16 നാഷണൽ പാർക്കുകൾ, 8 വന്യ മൃഗ സങ്കേതങ്ങൾ, 9 സംരക്ഷിത വനങ്ങൾ, എന്നിവയെല്ലാം വന പാലനത്തിൻ്റെ കാവൽക്കാരാണ്. 2016 ലെ നാഷണൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ആക്ട് ആണ് രാജ്യം വനസംരക്ഷണത്തിനായി നടപ്പിലാക്കിയ നിരവധി നടപടികളിൽ അവസാനത്തേത്.
1995 ലെ ഫോറസ്റ്റ് ആൻ്റ് നേച്ചർ കൺസർവേഷൻ ആക്ട്, 2019 ലെ സുസ്ഥിര ടൂറിസം നയം എന്നിവയും ഈ രംഗത്തെ നാഴിക കല്ലുകളാണ്. ഡബ്ല്യുഡബ്ല്യുഎഫ്, യുഎൻഡിപി, ആർബിഐടി, ഐയുസിഎൻ, ജിഇഎഫ് തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളുമായും ഭൂട്ടാൻ വനസംരക്ഷണ പദ്ധതികളിൽ കൈകോർത്തിട്ടുണ്ട്. ഈ രംഗത്തെ ഏറ്റവും ശ്ലാഘനീയമായ നീക്കം രാജ്യത്തെ 4000 പ്രാദേശിക വന സംര ക്ഷണസേനകളാണ്. 10000 ഹെക്ടർ വനഭൂമി ഇവരുടെ കൈകളിൽ ഭദ്രമാണ്.
വനത്തിൻ്റെ ഗുണഭോക്താക്കൾ തന്നെ അതിൻ്റെ കാവൽക്കാരായി മാറുന്നു എന്നത് മാത്രം മതി സുസ്ഥിര വികസന നയത്തിൽ ഭൂട്ടാൻ കൈവരിച്ച മേൽക്കോയ്മ കണ്ടെത്താൻ. വനേതര സസ്യങ്ങളുടെ പാരമ്പര്യ പരിപാലനം, ഇക്കോ ടൂറിസം, പക്ഷി നിരീക്ഷണം, ട്രക്കിംഗ്, മരവിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചെറുകിട സംരംഭങ്ങൾ, മണ്ണു സംരക്ഷണ പ്രൊജക്ടുകൾ, കാർബൺ നെഗറ്റീവിലെത്തി നിൽക്കുന്ന ഹരിത വൽകരണം തുടങ്ങി ഭൂട്ടാൻ വനമേഖലയെ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ഭരണ കൂടത്തിൻ്റെ എല്ലാ പദ്ധതികൾക്കും ജനങ്ങളുടെ പൂർണ സഹകരണം ഉണ്ട്.
(തുടരും)
#Bhutan #Conservation #Nature #SustainableTourism #Hydropower #Biodiversity