Perumbalam Bridge | ജലഗതാഗതത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞ ദ്വീപുകാര്‍ക്ക് ആശ്വാസം; പെരുമ്പളം പാലം യാഥാര്‍ഥ്യത്തിലേക്ക്
100 കോടി രൂപ മുടക്കിയാണ് നിര്‍മാണം.
1100 മീറ്ററാണ് നീളം.
2019 ലാണ് നിര്‍മാണത്തിന് അനുമതിയായത്.
ആലപ്പുഴ: (KasargodVartha) ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കേരളത്തിലെ കായല്‍ പ്രദേശങ്ങള്‍. ശാന്തമായ കായല്‍ യാത്രകള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കാവുന്നതാണ്. 'കിഴക്കിന്റെ വെനീസ്' എന്നറിയപ്പെടുന്ന ആലപ്പുഴയിലെ ഹൗസ്ബോട് ക്രൂയിസുകള്‍ക്ക് പ്രത്യേകിച്ചും ജനപ്രിയമാണ്. അവിടെ നിങ്ങള്‍ക്ക് പ്രകൃതിയെ അതിന്റെ ഏറ്റവും മികച്ച രൂപത്തില്‍ അനുഭവിക്കാന്‍ കഴിയും.
ഇവിടെ വേമ്പനാട്ട് കായലില്‍ ആലപ്പുഴ, എറണാകുളം തുടങ്ങിയ രണ്ട് ജില്ലകള്‍ക്ക് ഇടയിലായി അഞ്ച് കിലോമീറ്റര്‍ നീളവും രണ്ട് കിലോമീറ്റര്‍ വീതിയുമുള്ള സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ഒരു മനോഹര ദ്വീപാണ് പെരുമ്പളം. കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായതാണ് പെരുമ്പളം. പതിനായിരത്തില്‍ അധികമാണ് ഇവിടത്തെ ജനസംഖ്യ.
ചേര്‍ത്തല - അരൂക്കുറ്റി പാതയില്‍ ചേര്‍ത്തലയില്‍ നിന്നും 17 കിലോമീറ്ററും അരൂക്കുറ്റി നിന്നും ആറ് കിലോമീറ്ററും സഞ്ചരിച്ചാല്‍ പാണാവള്ളി ബോട് ജെട്ടിയില്‍ എത്താം. അവിടെനിന്നും ബോട് മാര്‍ഗം ദ്വീപില്‍ എത്തിച്ചേരാവുന്നതാണ്. പൂത്തോട്ടയില്‍ നിന്നും ബോട് മാര്‍ഗവും ദ്വീപിലെത്തിച്ചേരാം. കായലും വെള്ളവുമൊക്കെയായി മനോഹരമായ കാഴ്ചകള്‍ പങ്കിടാനും ഏത് ഭാഗത്തുനിന്നും നോക്കിയാലും കിടിലന്‍ സ്‌നാപും കിട്ടുന്ന മനോഹരമായ പ്രകൃതി ഗ്രാമമാണിത്. പെയിന്റിങ് പോലെ കൈത്തോടുകളില്‍ കെട്ടിയിട്ടിരിക്കുന്ന ചെറു വഞ്ചികളും ചാഞ്ഞു നില്‍ക്കുന്ന തെങ്ങുകളും ചീനവലകളും ഈ ഗ്രാമത്തെ കൂടുതല്‍ മനോഹരമാക്കുന്നു.
പ്രകൃതി ഒരുക്കി നല്‍കിയ സവിശേഷതകള്‍ നിറഞ്ഞ ഈ ദ്വീപിലേക്ക് പാലം വരുമ്പോള്‍ ടൂറിസം മേഖലയില്‍ ദ്വീപ് ഏറെ ശ്രദ്ധിക്കപ്പെടും. പരിസ്ഥിതിയെയും സംസ്‌കാരത്തെയും പൈതൃകത്തെയും സംരക്ഷിച്ച്, ദ്വീപിനെ മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള കണക്കുകൂട്ടലിലാണ് പഞ്ചായതും സര്‍കാരും. ദ്വീപ് നിവാസികളുടെ സഞ്ചാരപാത കൂറച്ചുകൂടി എളുമാക്കുന്നതിന്റെയും ഭാഗമായി ആരംഭിച്ച ആലപ്പുഴയിലെ പെരുമ്പളം യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയാണ്.
ബോടുകളുടെ സമയക്രമം അനുസരിച്ചു ജീവിതത്തിലെ സമയം ക്രമീകരിച്ച ദ്വീപ് ജനതയുടെ സ്വപ്‌നം കൂടിയാണ് ഈ പാലം കര തൊടുന്നതോടെ യാഥാര്‍ഥ്യമാകുന്നത്. ദ്വീപിലേക്കുള്ള പാലത്തിന്റെ 75.85 % ജോലികളും പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍, ഈ വര്‍ഷം അവസാനത്തോടെ പണികള്‍ തീരുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.
2019 ലാണ് നിര്‍മാണത്തിന് അനുമതിയായത്. പക്ഷേ നിര്‍മാണക്കരാറിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം രണ്ട് വര്‍ഷത്തോളം പണി തടസ്സപ്പെട്ടു. ഒടുവില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ജോലി ഏറ്റെടുക്കുകയായിരുന്നു. കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും നീളമേറിയ ഈ പാലത്തിന്റെ നിര്‍മാണം 100 കോടി രൂപ ചെലവിട്ടാണ് ഉണ്ടാക്കിത്. 1100 മീറ്ററാണ് നീളം. 300 മീറ്റര്‍ നീളം വരും അപ്രോച് റോഡിന്. പെരുമ്പളം ദ്വീപില്‍ നിന്ന് അരൂക്കുറ്റിയിലെ വടുതലയുമായിട്ടാണ് പാലം ബന്ധിപ്പിക്കുന്നത്.
ജലഗതാഗത വകുപ്പിന്റെ യാത്രാ ബോടിനെയും ജങ്കാറിനെയും ആശ്രയിച്ച് കരപറ്റിയവര്‍ക്ക് ഇനി തങ്ങളുടെ വാഹനങ്ങളില്‍ ദ്വീപില്‍ എത്താം. ആലപ്പുഴ ജില്ലയുടെ ഭാഗമാണെങ്കിലും കോട്ടയം, എറണാകുളം ജില്ലകളോട് തൊട്ട് ചേര്‍ന്നാണ് വേമ്പനാട് കായലിന് നടുവില്‍ ഈ ദ്വീപിന്റെ കിടപ്പ്. എന്നാല്‍ ഭൂമിശാസ്ത്രപരമായി കൊച്ചി നഗരത്തോടാണ് ദ്വീപിന് കൂടുതലടുപ്പം.
കൂടുതല്‍ സാധ്യതകള്‍
വിദേശ നിക്ഷേപമുള്ള കംപനി റിസോര്‍ട് പണിയാന്‍ എട്ട് ഏകര്‍ സ്ഥലം ദ്വീപില്‍ വാങ്ങിയിട്ടുണ്ട്. ഇതില്‍നിന്നുതന്നെ മനസിലാക്കം, എത്രമാത്രം ടൂറിസം സാധ്യതകളാണ് ഈ ദ്വീപിനെ തേടി എത്തുന്നതെന്ന്. സ്ഥല വില കുത്തനെ കയറി. പാലം യാഥാര്‍ഥ്യമായി ദ്വീപ് ടൂറിസം കേന്ദ്രം ആകുമ്പോള്‍ സ്ഥലത്തിന് ഇനിയും വില കൂടുമെന്നാണ് പ്രതീക്ഷ.
ദ്വീപിലെ ചരിത്ര ശേഷിപ്പുകളും സ്ഥലങ്ങളും
കാവുകളും കുളങ്ങളും ഒപ്പം ചരിത്ര ശേഷിപ്പുകളും നിലനില്‍ക്കുന്ന ദ്വീപിലെ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, വഞ്ചിപ്പുരകള്‍, പരമ്പരാഗത തൊഴില്‍ മേഖലകള്‍, നാടന്‍ കലകള്‍, ആഘോഷങ്ങള്‍, കൈത്തൊഴിലുകള്‍, പുരാതന നാലുകെട്ടുകള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളിലെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് സര്‍കാര്‍ പദ്ധതിയിടുന്നത്.
കായല്‍ ടൂറിസം
കായലിനെയും പ്രകൃതിയെയും മലിനമാകാത്ത തരത്തില്‍ വിനോദ സഞ്ചാരികള്‍ക്കായി പെഡല്‍ ബോട്, കയാകിങ്, ശിക്കാര വള്ളങ്ങള്‍ തുടങ്ങിയവ ഏര്‍പെടുത്തും. ചൂണ്ടയിട്ട് പിടിക്കുന്ന മീനുകളെ അപ്പോള്‍ തന്നെ നന്നാക്കി ഭക്ഷിക്കാന്‍ കഴിയുന്ന സംവിധാനങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. ഇതോടെ ദ്വീപ് ജനതയുടെ ജീവിത നിലവാരം തന്നെ മെച്ചപ്പെടുമെന്നുറപ്പ്.
പെരുമ്പളം കുടമ്പുളി
ഡെല്‍ഹിയില്‍ നടന്ന രാജ്യാന്തര വിപണന മേളയില്‍ സ്ഥാനം പിടിച്ചതാണ് പെരുമ്പളം കുടമ്പുളി. പാലം വന്ന് കൂടുതല്‍ ആളുകള്‍ ദ്വീപിലേക്ക് എത്തുന്നതോടെ ദ്വീപിലെ സ്വന്തം പെരുമ്പളം കുടമ്പുളി കായല്‍ കടന്ന് വിപണി കണ്ടെത്തും.
കറയും കയ്പ്പും ചവര്‍പ്പും ഇല്ലാത്ത പുളിക്ക് ഇപ്പോള്‍ തന്നെ ആവശ്യക്കാര്‍ ഏറെയാണ്. പുറം തോടിന് കട്ടിയുള്ളതും വലിയ ഇതളുകളും ഉപയോഗത്തില്‍ മൃദുവായിരിക്കുന്നതുമാണ് പെരുമ്പളം കുടമ്പുളിയുടെ പ്രത്യേകത. പാരമ്പര്യമായി കൃഷിയും വില്‍പനയുമുള്ള ദ്വീപ് നിവാസികള്‍ ഇവിടെയുണ്ട്. ഇവര്‍ക്ക് കുടമ്പുളിയുടെ മിച്ച വിപണി കണ്ടെത്താനും ഇതോടെ സാധിക്കും.
പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ആഭ്യന്തര - വിദേശ വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിക്കും. ഹോംസ്റ്റേ സൗകര്യം സജ്ജീകരിക്കുന്നതിനൊപ്പം കായല്‍ വിഭവങ്ങള്‍ കോര്‍ത്തിണക്കിയ നാടന്‍ വിഭവങ്ങള്‍ ഇവിടെ ഒരുക്കാനുള്ള സാധ്യതകളും സര്‍കാര്‍ പരിശോധിക്കുന്നു. എന്തായാലും ഒരു ചെറിയ ഭൂപ്രദേശത്ത് നിരവധി കാവുകളും ക്ഷേത്രങ്ങളും അപൂര്‍വ കൃഷികളും മീന്‍പിടുത്തവുമെല്ലാമായി അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് സഞ്ചാരികളെ കാത്ത് ചുറ്റിലും കിടപ്പുള്ളത്.