Experience | കുറഞ്ഞ ചിലവിൽ പോയി വരാം ഭൂട്ടാനിലേക്ക് ഒരു സവാരി ഗിരി ഗിരി; സാഹസികം നിറഞ്ഞ ടൈഗേർസ് നെസ്റ്റ് മൊണാസ്ട്രിയിലേക്കുള്ള കാൽനടയാത്ര

● ടൈഗർസ് നെസ്റ്റ് 10,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
● ഗുരു പദ്മസംഭവ ധ്യാനം ചെയ്തിരുന്നത് ഈ മൊണാസ്ട്രിയിലാണ്.
● മൊണാസ്ട്രിയിലേക്കുള്ള യാത്ര ഒരു സാഹസിക അനുഭവമാണ്.
കൊടക്കാട് നാരായണൻ
ഭൂട്ടാൻ ഡയറി 5
(KasargodVartha) പിണറായിയിലുള്ള സവാരി ട്രാവൽസ് ഭൂട്ടാനിലേക്ക് യാത്ര ഒരുക്കുന്ന കാര്യം മേലാങ്കോട്ടെ സ്കൂൾ ജീവിതത്തിൽ സഹപ്രവർത്തകനും റിട്ടയർമെൻ്റിനു ശേഷം യാത്രയെ പ്രണയിക്കുന്ന രാജകുമാരൻ പി.കെ. ആലയിയിൽ നിന്നാണ് അറിഞ്ഞത്. ശാസ്ത്ര സാഹിത്യ പരിഷത്തിൽ എൻ്റെ സഹവർത്തകനായ പെരിയയിലെ മാധവൻ നമ്പ്യാർ കൂടി ഉണ്ടെന്നറിഞ്ഞതോടെ രണ്ടാമതൊന്നാലോചിച്ചില്ല. എളുപ്പത്തിൽ കുറഞ്ഞ ചെലവിൽ എത്താവുന്ന രാജ്യങ്ങളിലൊന്നായ ഭൂട്ടാൻ സന്ദർശിക്കാൻ പിന്നെന്ത് ചിന്തിക്കാൻ അല്ലേ?
കാഞ്ഞങ്ങാട് നിന്ന് കൊച്ചിയിലേക്കും തിരിച്ചും ട്രെയിൻ ടിക്കറ്റ് സവാരി തന്നെ ബുക്ക് ചെയ്തു.
ഭൂട്ടാൻ യാത്രാ കുടുംബത്തിൽ 19 പേരാണുള്ളത്. സംഘത്തിലെ മിക്കവാറും അംഗങ്ങളെ ട്രെയിനിൽ വെച്ചും മറ്റുള്ള സുഹൃത്തുക്കളെ വിമാനത്താവളത്തിൽ വെച്ചും പരിചയപ്പെട്ടു. ചിരകാല സുഹൃത്തുക്കൾ മാത്രമല്ല അടുത്ത ബന്ധുക്കൾ വരെ സംഘത്തിലുള്ള വിവരം അറിയാൻ കൊച്ചി മഹാരാജ്യത്തിലെത്തേണ്ടി വന്നു! ടൂർ മാനേജർ റെജിൻ മിടുക്കനാണ്. മലേഷ്യൻ യാത്രയിൽ ഒന്നിച്ചുണ്ടായിരുന്നു. വിമാനത്താവളത്തിൽ വെൽക്കം പ്രസൻ്റേഷനായി എല്ലാവർക്കും ഒരു തൊപ്പി. നീല നിറമുള്ള ക്യാപ്പിൽ വെള്ളയിൽ സവാരി എന്നെഴുതിയിട്ടുണ്ട്. സംഘത്തെ പെട്ടെന്ന് തിരിച്ചറിയാനുള്ള ബാഡ്ജ്.
സെപ്തംബർ 18 ന് രാത്രി 9 മണിക്ക് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ 11.30ന് ബാംഗ്ലൂരിൽ എത്തി. ബാംഗ്ലൂരിൽ നിന്നും രാവിലെ 05.05നാണ് ബാഗ് ദോഗ്രാ ഫ്ലൈറ്റ്. സുവർണ നഗരിയുടെ തലയെടുപ്പോടെ സുന്ദരിയായ വിമാനത്താവളത്തിൽ അഞ്ചര മണിക്കൂർ സുഖ വാസം. ഉറങ്ങാനുള്ള ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. കുട്ടികളെ പോലെ മൊബൈൽ കളിപ്പാട്ടമാക്കി സമയം പോക്കി. പുലർച്ചെ 5.05 മണിക്ക് പറന്നുയർന്ന വിമാനം രാവിലെ 9 മണിയോടെ ബാഗ് ദോഗ്രയിൽ ഇറങ്ങി.
ഇടത്തരം വിമാനത്താവളമാണ്. അവിടെ ടൂർ ഏജൻ്റ് മലയാളിയായ രാജീവൻ ടാക്സിയുമായി നമ്മളെ കാത്തു നിൽക്കുന്നുണ്ട്. ഭൂട്ടാൻ അതിർത്തിയായ ജെയ് ഗോണിലേക്ക് 162 കിലോമീറ്റർ യാത്ര. പശ്ചിമ ബംഗാളിലെ കാർഷിക ഗ്രാമത്തെ മുറിച്ച് പോകുന്ന സിലിഗുരി 31 എ ദേശീയ പാതയിലൂടെ അഞ്ചര മണിക്കൂർ സഞ്ചാരം . ഇന്ത്യൻ സമയം വൈകീട്ട് 3 മണിയോടെ ഇന്ത്യ –ഭൂട്ടാൻ അതിർത്തി ഗ്രാമമായ ജയ്ഗോണിൽ എത്തി. അവിടെ സമയം വൈകീട്ട് 3.30 മണി. താൽക്കാലിക ട്രാവൽ പെർമിറ്റ് എടുത്ത് വൈകുന്നേരത്തോടു കൂടി ഭൂട്ടാൻ ബോർഡറായ ഫുവാണ്ട് ഷോളിങ്ങിൽ എത്തി.
ഇന്ത്യക്കാർക്ക് ഭൂട്ടാനിൽ കടക്കാൻ വിസയോ പാസ്പോർട്ടോ ആവശ്യമില്ല. തിരഞ്ഞെടുപ്പ് തിരിച്ചറിയിൽ കാർഡ് കാണിച്ചാൽ ജയ്ഗോണിലെ ഭൂട്ടാൻ എംബസിയിൽ നിന്ന് ട്രാവൽ പെർമിറ്റ് ലഭിക്കും. ഇന്ത്യക്കാർക്ക് ഇതിന് പ്രത്യേക ഫീസില്ല. തിംഫു കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ നഗരമാണ് ഫുവാണ്ട് ഷോളിങ്ങ്. ചുഖ ജില്ലയുടെ തലസ്ഥാനവും. ഇന്ത്യ - ഭൂട്ടാൻ വ്യാപാരത്തിൻ്റെ സിരാ കേന്ദ്രമാണ് ഈ പട്ടണം. ഭൂട്ടാൻ്റെ സാമ്പത്തിക സ്രോതസ്സും ഈ നഗര റാണി തന്നെ. രാത്രി ഭക്ഷണവും താമസവും ഫുവാണ്ട് ഷോളിങ്ങിലെ ഓർക്കിഡ് ഹോട്ടലിൽ.
സെപ്തംബർ 20 ന് പ്രഭാത ഭക്ഷണത്തിനു ശേഷം ടൂറിസ്റ്റ് പെർമിറ്റ് എടുക്കാൻ ഭൂട്ടാൻ ഇമിഗ്രേഷൻ ഗേറ്റിലെത്തി. ഒരാൾക്ക് 1600 രൂപ വെച്ച് 3 ദിവസത്തേക്ക് 4800 രൂപ വീതം അടച്ചാണ് ടൂറിസ്റ്റ് പെർമിറ്റ് നേടുന്നത്. ഭൂട്ടാൻ ടൂറിസ്റ്റ് ഗൈഡ് നിർബന്ധമാണ്. പേമ വാങ് ചുക്ക് ആണ് നമ്മുടെ ഗൈഡ്. പെർമിറ്റ് ലഭിക്കാൻ അഞ്ചു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നു. നമുക്ക് ശേഷം വന്ന നിരവധി ടീമുകൾ നടപടി ക്രമങ്ങളൊക്കെ പൂർത്തിയാക്കി പോകുന്നത് നോക്കി നിൽക്കാനും വേണ്ടേ ഒരു ഭാഗ്യം! ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിൽ ടൂർ ഓപ്പറേറ്റർക്ക് സംഭവിച്ച വീഴ്ചകൊണ്ട് വീണു കിട്ടിയ സമയം ഡ്രൈവർ സന്തോഷിനോട് ഭൂട്ടാൻ വിശേഷങ്ങൾ ശേഖരിക്കാൻ ഫലപ്രദമായി ഉപയോഗിച്ചു.
പെർമിറ്റ് എടുത്തതിനു ശേഷം ചരിത്ര നഗരിയായ പാരോവിലേക്ക് 160 കി. മീറ്റർ യാത്ര. കുത്തനെയുള്ള മലകൾ തുരന്ന് നിർമിച്ച ജയ്ഗോൺ–തിമ്പു റോഡിലൂടെയുള്ള യാത്ര മനോഹരമായ ഒരനുഭവമാണ്. വിമാനത്തിൽ നേരിട്ട് പാരോയിൽ എത്തുന്നവർക്ക് ട്രക്കിംഗ് സമാനമായ ഈ യാത്ര നഷ്ടമാകും. ഇന്ത്യൻ രൂപ ഭൂട്ടാനിൽ എവിടെയും സ്വീകരിക്കപ്പെടുമെന്നതിനാൽ കറൻസി എക്സ്ചെയ്ഞ്ചിനെപ്പറ്റി നമുക്ക് ഒരു ആശങ്കയും വേണ്ടി വന്നില്ല. മൊണാസ്ട്രികളിലും കാര്യാലയങ്ങളിലുമൊക്കെ പ്രവേശനം സൗജന്യമാണ്. ചില മ്യൂസിയങ്ങളിൽ മാത്രമാണ് പ്രവേശന ഫീസുള്ളത്. അതാകട്ടെ സവാരി വഹിക്കുമെന്ന കരാറുമുണ്ട്.
താമസവും ഭക്ഷണവും എല്ലാം പാക്കേജിൽ ഉൾപ്പെട്ടതു കൊണ്ട് അതെക്കുറിച്ചും വേവലാതി വേണ്ട. ഭൂട്ടാനിൽ താമസവും ഭക്ഷണവും പൊതുവെ ചെലവേറിയതല്ല. ഹിമാലയത്തിന്റെ പള്ളയിൽ കിടക്കുന്ന ഭൂട്ടാനിൽ ദിവസം മുഴുവൻ തണുപ്പു ആണെന്നായിരുന്നു യാത്രയ്ക്കു മുൻപ് കിട്ടിയ വിവരം. പക്ഷെ നഗരങ്ങളിൽ സാമാന്യം നല്ല ചൂടായിരുന്നു. പക്ഷെ യാത്രയിൽ നട്ടുച്ചയ്ക്കു പോലും തണുത്ത കാറ്റിന്റെ തലോടൽ ചൂടിനെ ശമിപ്പിച്ചു. തണുപ്പുകാലവസ്ത്രം കരുതിയിരുന്നെങ്കിലും ഉപയോഗിക്കേണ്ടി വന്നില്ല.
എന്താണ് ഭൂട്ടാനിൽ ഇത്ര കാണാനുള്ളത്?
എന്താണ് ഭൂട്ടാനിൽ കാണാനുള്ളതെന്ന ചോദിക്കുന്നവരോട് ഒറ്റ ഉത്തരം മാത്രം: സന്തോഷത്തിൻ്റെ കുഞ്ഞൻ രാജ്യത്തിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളോടൊപ്പം ജനങ്ങളുടെ ജീവിതം അനുഭവിച്ചറിയുകയാണ് പ്രധാനം. അതു കൊണ്ടാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ ഭൂട്ടാൻ സന്ദർശിക്കണമെന്ന് പറയുന്നത്.
സവാരിക്കൊപ്പം ഭൂട്ടാനിലേക്ക് പുറപ്പെടുമ്പോൾ തന്നെ ടൈഗേഴ്സ് നെസ്റ്റ് മൊണാസ്ട്രിയെപ്പറ്റി കേട്ടിരുന്നു. എമിഗ്രേഷൻ സെൻ്ററിലെ കാത്തിരിപ്പിനിടയിൽ ഡ്രൈവർ സന്തോഷ് വാങ് ചുക്കിനോടും ഗൈഡ് പേമയോടും ടൈ ഗേഴ്സ് നെസ്റ്റിനെക്കുറിച്ച് കൂടുതൽ ചോദിച്ച് അറിഞ്ഞു. യാത്രികർക്ക് മറക്കാൻ കഴിയാത്ത ഒരു ട്രെക്കിങ് അനുഭവം കൂടിയാണ് ടൈഗേഴ്സ് നെസ്റ്റ്. വഴിയിലെ കാഴ്ചകളെല്ലാം അതിമനോഹരം.
1600-കളിലാണ് മൊണാസ്ട്രിയുടെ നിർമാണം നടന്നതെന്ന് കരുതുന്നു. നാല് ക്ഷേത്ര കെട്ടിടങ്ങളും ഒമ്പത് വിശുദ്ധ ഗുഹകളും ഉൾക്കൊള്ളുന്നതാണ് പറോ തക്ത്സാങ് അഥവാ ടൈഗേഴ്സ് നെസ്റ്റ്. കാലത്തിന്റെ പ്രവാഹത്തിൽ ടൈഗേഴ്സ് നെസ്റ്റിൻ്റെ രൂപത്തിലും ഭാവത്തിലും നിരവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. 1998-ലുണ്ടായ തീപ്പിടിത്തത്തിലൂടെയാണ് ക്ഷേത്രത്തിന് വലിയ കേടു പാടുകൾ സംഭവിച്ചത്. പലവട്ടം പുതുക്കിപ്പണിതിട്ടുള്ള രൂപമാണ് ഞങ്ങൾക്ക് കാണാൻ കഴിയുകയെന്ന് പേമു വാങ് ചുക്ക് പറഞ്ഞു.
ഗൈഡ് പറഞ്ഞു: ‘'ഭൂട്ടാനിൽ വന്നിട്ട് ടൈഗേഴ്സ് നെസ്റ്റിൽ പോകാതെ മടങ്ങരുത്. പക്ഷെ അവിടേക്കുള്ള യാത്ര ബുദ്ധിമുട്ടേറിയതാണ്'. ചെങ്കുത്തായ മലകയറാൻ കഴിയുമോ എന്ന ആശങ്ക കാരണം സംഘത്തിലെ ആറു പേർ ടൈഗേർസ് നെസ്റ്റിലേക്ക് 'ചേക്കാറാനുള്ള' തീവ്രശ്രമത്തിൽ നിന്ന് അപ്പോൾ തന്നെ പിൻമാറി. ഇതു മൂലം ഉണ്ടായ നഷ്ടത്തിൽ നിന്ന് ഇപ്പോഴും അവർ മോചിതരായിട്ടില്ല പോലും. 'രണ്ടാം ബുദ്ധനെ’ കാണുമ്പോൾ അത്ര നേരത്തെക്ക് എല്ലാ പ്രയാസങ്ങളും നിങ്ങൾ മറന്നുപോകും', പേമയുടെ വാക്ക് അടയാള വാക്യമായി സ്വീകരിച്ച് ഞങ്ങൾ യാത്ര തുടങ്ങി.
യാത്ര തുടങ്ങുന്നതിന് മുമ്പ് ടൈഗേർസ് നെസ്റ്റിനെ കുറിച്ച് അല്പം കൂടി. വിശുദ്ധ ഗുഹകളിൽ എല്ലാത്തിലും സഞ്ചാരികൾക്ക് പ്രവേശനമില്ല. ചിലത് മതപരമായ ചടങ്ങുകൾക്കായി പ്രത്യേക മുഹൂർത്തങ്ങളിൽ മാത്രമേ തുറക്കൂ. ഭൂട്ടാനിലെ എല്ലാ സോങ്ങുകളും പോലെ നെയ് വിളക്കിന്റെയും കുന്തിരിക്കത്തിന്റെയും ഗന്ധം നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷം. വിഹാരത്തിലെ കെട്ടിടങ്ങൾക്കെല്ലാം സമാന ഭാവമാണ്. സ്വർണശില്പങ്ങൾ നിരവധി കാണാം. മഠത്തിനുള്ളിൽ ഫോട്ടോഗ്രാഫി അനുവദനീയമല്ല. അതുകൊണ്ടുതന്നെ നേരിട്ടെത്തി അനുഭവിക്കണം ഈ ബുദ്ധഭവനം. ജീവിതത്തിലൊരിക്കലെങ്കിലും ടൈഗേഴ്സ് നെസ്റ്റ് സന്ദർശിക്കണമെന്നത് വ്രതമായി കൊണ്ടുനടക്കുന്നവരാണ് എല്ലാ ഭൂട്ടാനികളും. അവരുടെ വിശുദ്ധമായ പുണ്യ സ്ഥലം.
സാഹസിക യാത്ര ആരംഭിക്കുന്നതിന് മുമ്പ്, ആശ്രമത്തെക്കുറിച്ച് ഇത്തിരി വിവരങ്ങൾ കൂടി. സമുദ്രനിരപ്പിൽ നിന്ന് 10,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാരോ തക്ത്സാങ് അഥവാ ടൈഗേഴ്സ് നെസ്റ്റ് ഒരു സന്യാസി ആശ്രമം എന്നതിലുപരി പുരാണങ്ങളിലും ഇതിഹാസങ്ങളിലും നിറഞ്ഞുനിൽക്കുന്ന തീർഥാടന കേന്ദ്രം കൂടിയാണ്.
കഥ ഇങ്ങനെ
പണ്ടു പണ്ട്, 1200 വർഷം മുമ്പ് ഇന്ത്യയിൽ നിന്ന് ഗുരു പദ്മ സംഭവ ( ഗുരു റിംപോച്ചി) എന്ന ആചാര്യൻ ഹിമാലയൻ രാജ്യങ്ങളിലാകെ ബുദ്ധ മതസന്ദേശവുമായി ചുറ്റി സഞ്ചരിച്ചു. ‘താമരയിതളിൽ നിന്ന് പിറന്നവൻ’ എന്നാണ് ബുദ്ധമതാനുയായികൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ബുദ്ധ സന്ദേശവുമായി ടിബറ്റിൽ എത്തിയ അദ്ദേഹത്തിന് അവിടെ വലിയ എതിർപ്പുകൾ നേരിടേണ്ടി വന്നു. പക്ഷേ, അവിടെ അതിസുന്ദരിയായ ഒരു രാജകുമാരി അദ്ദേഹ ത്തിന്റെ ശിഷ്യയും ജീവിതപങ്കാളിയുമായി. ടിബറ്റൻ ബുദ്ധിസ ത്തിന്റെ മാതാവായി അറിയപ്പെടുന്ന യേഷേ സൊഗ്യാൽ രാജകുമാരിയായിരുന്നു അത്. തിബത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഗുരുപദ്മസംഭവയെ രക്ഷിച്ച് ഭൂട്ടാനിലെത്തിച്ചത് ആ രാജകുമാരിയാണത്രെ.
എങ്ങനെയെന്നോ? ആത്മീയശക്തി കൊണ്ട് രാജകുമാരിയൊരു പെൺകടുവയായി മാറി! പിന്നെ പദ്മസംഭവയെ പുറത്തിരുത്തി തിബത്തിൽ നിന്ന് ഭൂട്ടാനിലെ ഈ മലമുകളിലേക്ക് ആ പെൺകടുവ പറന്നുവന്നത്രെ! "ടൈഗേർസ് നെസ്റ്റ്" എന്ന് പേര് വരാൻ കാരണം ഇതാണെന്നാണ് വിശ്വാസം.
ഈ മലമുകളിലെ പുലി മടകളിലൊന്നിലാണ് പദ്മസംഭവ പിന്നീട് ഏകാന്ത ധ്യാന ത്തിൽ മുഴുകിയത്. മൂന്നു വർഷവും മൂന്നു മാസവും മൂന്നു ദിവസവും മൂന്നു മണിക്കൂറും നീണ്ട അഗാധധ്യാനം. ഹിമാല യൻ നാടുകളിലാകെ ബുദ്ധമതത്തിന്റെ പരമകാരുണ്യം പരത്താൻ അദ്ദേഹത്തെ പ്രാപ്തമാക്കിയ ധ്യാനമായിരുന്നു അത്. ലോകം പിന്നീട് അദ്ദേഹത്തെ ‘രണ്ടാം ബുദ്ധൻ’ എന്നു വിളിച്ചു.
കുത്തനെയുള്ള കയറ്റം കയറി വേണം ഇവിടെയെത്താൻ. മൊണാസ്ട്രിയിലേക്കുള്ള സന്ദർശനത്തിനു ഒരു ദിവസം മുഴുവൻ എടുക്കും. യാത്ര ബുദ്ധിമുട്ടേറിയതാണെങ്കിലും ഭൂട്ടാനിലെത്തുന്നവർ ടൈഗർ നെസ്റ്റ് കാണാതെ മടങ്ങില്ല. കാലാവസ്ഥ മാറുന്നതിനനുസരിച്ചു ഭൂട്ടാനിലെ കാഴ്ചകളിലും വ്യത്യസങ്ങളുണ്ടാകും. ഓരോ സീസണുകളിലും അവിടുത്തെ കാഴ്ചകൾ സഞ്ചാരികൾക്ക് വേറിട്ട അനുഭവം സമ്മാനിക്കുമത്രെ! വർഷം മുഴുവൻ ആഘോഷങ്ങൾ നീണ്ടു നിൽക്കുന്ന രാജ്യമാണ് ഭൂട്ടാൻ. അതുകൊണ്ടു തന്നെ ഉത്സവകാലങ്ങൾ യാത്രകൾക്കായി തെരെഞ്ഞെടുക്കുന്നവരുമുണ്ട്.
പ്രസിദ്ധമായ പാരോ നഗരത്തിന്റെ താഴ്‍വാരത്തു നിന്നാണ് ടൈഗേഴ്സ് നെസ്റ്റിലേക്കുള്ള മലകയറ്റം തുടങ്ങുന്നത്. പത്തു കിലോമീറ്റർ ദുർഘടമായ കാട്ടുവഴികളിലൂടെ കുത്തനെ കയറി വേണം ലക്ഷ്യത്തിലെത്താൻ. 3 മണിക്കൂർ മൊനാസ്ട്രിയിലേക്കും തിരിച്ചിറങ്ങാൻ മറ്റൊരു മൂന്നു മണിക്കൂറും. മഴ ചതിച്ചാൽ ചിലപ്പോൾ ഏഴു മണിക്കൂർ വരെ വേണ്ടി വരും. 600 രൂപ കൊടുത്താൽ കഴുതപ്പുറത്തു കയറ്റി മലമുകളിൽ എത്തിക്കുന്ന സംഘങ്ങളുണ്ട്. പക്ഷേ, തിരിച്ചു നടന്നിറങ്ങണം. നൂറു മടങ്ങ് കുതിര ശക്തിയുണ്ടെന്ന് ഗൈഡ് വിശേഷിപ്പിച്ച നമ്മൾ പതിമൂന്നംഗ സംഘം കാൽ നടയായി തന്നെ മല കയറാൻ തീരുമാനിച്ചു. പലവട്ടം മലകയറി ക്ഷീണിതരായി നിൽക്കുന്ന കഴുതകളുടെ ദൈന്യത കണ്ടാൽ തന്നെ കാൽനട യാത്ര തന്നെ സുഖപ്രദം എന്നു തീരുമാനിച്ചു പോകും.
മല കയറുമ്പോൾ ഊന്നി നടക്കാനുള്ള വടി 100 രൂപയ്ക്കു സ്റ്റാർട്ടിംഗ് ബേസിൽ നിന്നു വാങ്ങി. തിരിച്ചു കൊടുത്തില്ലെങ്കിൽ 200 രൂപ കൂടി വടിയുടെ വിലയായി കൊടുക്കണം. തികച്ചും ദുർഘടമായ വഴിയിലൂടെ കയറുമ്പോൾ ക്ഷീണിച്ചാൽ ഇരിക്കാൻ അങ്ങിങ്ങായി ചില തണകൾ ഉള്ളതല്ലാതെ മറ്റു വിശ്രമ കേന്ദ്രങ്ങൾ ഒന്നുമില്ല . മല കയറിത്തുട ങ്ങിയപ്പോഴാണ് മനസ്സിലായത്, പലയിടത്തും നടന്നു പോകാനുള്ള വഴി തന്നെയില്ല. നടന്നു കയറാവുന്ന വഴികൾ വളഞ്ഞു ചുറ്റി ദൈർഘ്യം കൂടിയ വയാണ്. കുറുക്കു വഴികളുണ്ട്, പക്ഷേ മണ്ണിലൂടെ അള്ളിപ്പി ടിച്ചു കയറണം. ഇരുവശവും കൊടുംവനമാണ്. ഏകദേശം 11:30 ന് ഞങ്ങൾ മല കയറാൻ തുടങ്ങിയപ്പോൾ കൊടും വയലിനെ തണുപ്പിച്ച് കോട മഞ്ഞ് വീഴുന്നുണ്ടായിരുന്നു.
ആവേശത്തോടെ ഞങ്ങൾ മുന്നോട്ടുനീങ്ങി. രാവിലെ 7 മണിക്ക് മല കയറിയവർ മടങ്ങി വരുന്നത് തുടക്കത്തിൽ തന്നെ കണ്ടു. ടൈഗർ നെസ്റ്റ് സന്ദർശിക്കുന്നവർ രാവിലെ 8 മണിക്ക് മുമ്പായി ബേസ് ലെയിനിലെത്തി. അറുപതിലെത്തിയവർക്ക് മലകയറ്റം അത്ര എളുപ്പമല്ലെന്ന് അറിയാമായിരുന്നിട്ടും എന്റെ സുഹൃത്ത് റിട്ട. കേരള ഗ്രാമീൺ ബാങ്ക് മാനേജർ പ്രവീൺ കുമാർ വെള്ളിക്കോത്തും ഒരടി പിന്നോട്ടുവെക്കുന്ന ലക്ഷണം കാണുന്നില്ല. അങ്ങനെ പർവതത്തിന്റെ അടിവാരത്ത് നിന്ന് മെല്ലെയെങ്കിലും ഉറച്ച ചുവടുകളോടെ ആവേശം ചോർന്നു പോകാതെ ഞാനും യാത്ര തുടങ്ങി. പാതയോരത്ത് വീശുന്ന പലവർണ പതാകകളും പർവതങ്ങളുടെയും താഴ വാരങ്ങളുടെയും അതിശയക്കാഴ്ചകളുമായിരുന്നു ഞങ്ങളെ വരവേറ്റത്.
പ്രകൃതിയുടെ അഞ്ച് ഘടകങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ച് നിറങ്ങളിലാണ് ലങ് ധാർ എന്ന ഈ പതാകകൾ. പൈൻ വനത്തിലൂടെയുള്ള യാത്രയിലത്രയും ഭൂട്ടാനിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായ, ഭൂട്ടാന്റെ രത്നം എന്നറിയപ്പെടുന്ന ടൈഗേഴ്സ് നെസ്റ്റിലെത്താനുള്ള ആവേശമായിരുന്നു ഞങ്ങളെ നയിച്ചത്. ഇളകിയ മണ്ണിലോ ചെളിയിലോ ചവിട്ടാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് സാവകാശമായിരുന്നു ഞങ്ങളുടെ യാത്ര. ഏകദേശം രണ്ടര മണിക്കൂർ നടന്ന് ഞങ്ങൾ ഒരു കോഫീ ഷോപ്പിലെത്തി. ദുർഘടമായ പാതയുടെ ഏതാണ്ട് പാതിവഴിയിലാണ് ഭൂട്ടാൻ വിനോദ സഞ്ചാര വകുപ്പിൻ്റെ ഈ ലഘു ഭക്ഷണ ശാല. നമുക്ക് ഇവിടെ വിശ്രമിക്കാനും വയറും മനസ്സും നിറച്ച് യാത്ര തുടരാനും കഴിയും. കീശ കാലിയാകുമെന്നു മാത്രം!
പ്രകൃതി ഭംഗി തുളുമ്പി നിൽക്കുന്ന മലനിരകളുടെ ഫോട്ടോ മൊബൈലിൽ പകർത്തി ഞങ്ങൾ യാത്രയായി.
കാട്ടരുവികളിൽ നിന്ന് ഒഴുകി വരുന്ന തെളിനീരു കൈക്കുമ്പിളിൽ നിറച്ച് കുടിക്കുമ്പോൾ ഹായ്! എന്തൊരാശ്വാസം. മരു പച്ച പോലെ ഇടയ്ക്ക് ജംഢ പോലെ തോന്നിക്കുന്ന തണകൾ കാണാം. അല്പ സമയം അവിടെ ഇരുന്നു. മന്ദ മാരുതൻ്റെ തലോടലേല്ക്കുമ്പോൾ ലഭിച്ച സുഖം മാത്രം മതി മലകയറ്റത്തെ അവിസ്മരണീയമായ അനുഭവമാക്കാൻ. അംബര ചുംബികളായ മലനിരകൾ കാണുമ്പോൾ യാത്രക്കാർക്ക് കാവൽക്കാരായി നിൽക്കുന്നതാണോ എന്ന് തോന്നിപ്പോകും. പേമു എന്ന വഴികാട്ടിയുടെ പിന്തുണയാണ് യഥാർഥത്തിൽ സംഘത്തെ പിന്മാറാതെ മുന്നോട്ടേക്ക് തന്നെ നയിച്ചത്.
യാത്ര തുടങ്ങി അധികം കഴിയും മുമ്പ് തന്നെ തിരിച്ചു പോകുന്ന സംഘത്തെ കണ്ടുമുട്ടിയപ്പോൾ ഉള്ള ആവേശം പകുതിയും നിലം കുത്തി. എന്റെ സഹയാത്രികർ പലരും ഏറെ മുന്നിലെത്തിയപ്പോൾ പിന്നിലായ എന്നെ കൈ പിടിച്ചും തോൾ സഞ്ചിയും കുപ്പി വെള്ളവും തോളിലിട്ടും പേമു ചേർത്തു പിടിച്ചു. ലക്ഷ്യത്തിലെത്തിച്ചേ അടങ്ങൂ എന്ന പേമുവിൻ്റെ ദൃഢ നിശ്ചയത്തിനു മുന്നിൽ തോറ്റു കൊടുക്കല്ലാതെ മറ്റു വഴികളില്ല. തെളിഞ്ഞ ഇംഗ്ലീഷിലാണ് പേമുവിന്റെ സംസാരം. പത്തു കൊല്ലത്തെ പരിചയക്കാരനെ പോലെയാണ് ഭൂട്ടാൻ്റെ ചരിത്രവും പൈതൃകവും ഒരു വീട്ടു കാര്യം പോലെ അദ്ദേഹം പറഞ്ഞു തന്നത്.
‘ക്ഷേത്രത്തിലേക്കുള്ള പടവുകൾ കയറുമ്പോൾ സൂക്ഷിക്കണം. പാറക്കെട്ടിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച ഒരു വിദേശി കഴിഞ്ഞവർഷം താഴേക്കു വീണു. ഇതുവരെ ശരീരം കിട്ടിയിട്ടില്ല', പേമു പറഞ്ഞു. പോക്കറ്റിലിട്ട ഉൾഭയം മെല്ലെ പുറത്തേക്ക് എത്തി നോക്കി. കൂറ്റൻ പാറക്കെട്ടിൽ നിന്ന് 20 മീറ്റർ ഉയരത്തിൽ വെള്ളം തുള്ളിച്ചാടി വരുന്നതു കണ്ടപ്പോൾ പേടിയെല്ലാം അതിലലിഞ്ഞു പോയി. അങ്ങകലെ ചെങ്കുത്തായ പാറക്കെട്ടുകളിലൊരു വിചിത്ര ശില്പം പോലെ നിറഞ്ഞു നിൽക്കുന്ന ക്ഷേത്രത്തിലേക്കു ഞാൻ നോക്കി. മനസ്സു പറഞ്ഞു– ‘ബുദ്ധാ, ഞാനെത്തി അല്ലേ?....!’ സന്ദർശനം പൂര്‍ത്തിയാക്കി തിരിച്ചിറങ്ങി വരുന്ന ഒരു ഗുജറാത്തുകാരി പറഞ്ഞു– ‘കയറുന്നതിലും ബുദ്ധിമുട്ടാണ് തിരിച്ചിറങ്ങാൻ.....!' പേമു കണ്ണിറുക്കി ഗുജറാത്തിയെ കളിയാക്കി.
മനസിനെ കുളിരണിയിക്കുന്ന, ഉള്ളിൽ ഊർജവും ഉത്സാഹവും നിറയ്ക്കുന്ന പാരോ താഴ് വരയുടെ കാഴ്ചകൾ യാത്രയെ ഹരം കൊള്ളിക്കുമ്പോൾ നിരുത്സാഹ വചനങ്ങളൊന്നും ഇവിടെ ചെലവാകില്ല. ഒടുവിൽ വ്യൂ പോയിന്റിൽ എത്തിയപ്പോൾ, മൂടൽമഞ്ഞിന്റെ മറയ്ക്കപ്പുറം എന്റെ കൺമുന്നിൽ ആശ്രമത്തിന്റെ അതിമനോഹരദൃശ്യം ചെറുതായി തെളിഞ്ഞുവന്നു. പക്ഷേ, പെട്ടെന്ന് കോടമഞ്ഞ് വന്ന് അതൊക്കെ മൂടിക്കളഞ്ഞു. എന്നിട്ടും ഞങ്ങൾ ആ സൗന്ദര്യത്തിൽ മതിമറന്നു നിന്നു. യാത്രികർ ഏറ്റവും കൂടുതൽ ചിത്രങ്ങളെടുക്കുന്നത് ഇവിടെ വെച്ചാണ്. ഉയരം കൂടുംതോറും താപനില കുറഞ്ഞു കുറഞ്ഞു വരുന്നു. വായു നേർത്തു വരുന്നു. യാത്ര കൂടുതൽ ദുഷ്കരമായിത്തുടങ്ങി. തണുത്ത കാറ്റ് നമ്മൾ താണ്ടുന്ന ഉയരത്തെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. ആശ്രമത്തിലേയ്ക്കെത്താനുള്ള സമയം കണക്കു കൂട്ടി.
താഴേക്ക് പോകുമ്പോൾ ഒരു വെള്ളച്ചാട്ടം ഞങ്ങളുടെ മേൽ തണുത്ത വെള്ളം വിതറി. അതൊരു വല്ലാത്ത അനുഭൂതിയായിരുന്നു. അപ്പോഴേക്കും ചാറ്റൽ മഴ പെയ്യാൻ തുങ്ങി. മടക്കയാത്ര കൂടുതൽ ദുഷ്കരമാകും എന്ന് മുന്നറിയിപ്പ് നൽകി മഴ ശക്തി പ്രാപിക്കാൻ തുടങ്ങി. മൂന്നു മണിക്കൂർ നീണ്ട നടത്തത്തിനൊടുവിൽ ഞങ്ങൾ ഇതാ ക്ഷേത്രത്തിനടുത്ത് എത്തിയിരിക്കുന്നു. ഇനി കുത്തനെയുള്ള പാറക്കെട്ടുകളിലെ 850 കൽപടവുകൾ കൂടി കടന്നാൽ മൊണാ സ്ട്രിയുടെ കവാടമായി. അല്പമകലെയൊരു വെള്ളച്ചാട്ടം കാണാം. അതിനു ചുവടെ വെള്ളം ഉറഞ്ഞ് വലിയൊരു മഞ്ഞു മലയായി കിടക്കുന്നു. ഇത്രയടുത്തെത്തിയല്ലോ എന്ന ആശ്വാസത്തിൽ പലരും വഴിയോരത്തെ മരബെഞ്ചുകളിൽ വിശ്രമിച്ചു. മറ്റു ചിലർ ആകാശ നീലിമയെ സാക്ഷിയാക്കി ക്യാമറയ്ക്ക് പോസ് ചെയ്തു.
പ്രധാന ക്ഷേത്രങ്ങൾ, ചുറ്റും സന്യാസിമാർക്ക് താമസിക്കാനുള്ള ചെറിയ കെട്ടിടങ്ങൾ. മാസത്തിലൊരിക്കൽ മാത്രമേ അവർ പാരോ നഗരത്തിലേക്ക് ഇറങ്ങുകയുള്ളൂ. തിരിച്ചു വരുമ്പോൾ ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും പൂജാ സാമഗ്രികളും തലച്ചുമടായി കൊണ്ടു വരും. കല്ലുകളിൽ തീർത്ത പടവുകൾകൊണ്ട് എല്ലാ കെട്ടിടങ്ങളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. പദ്മസംഭവ ധ്യാന ത്തിലിരുന്ന പ്രധാന ഗുഹയും മറ്റ് ഏഴു പുണ്യഗുഹകളുമുണ്ട്. ഇടുങ്ങിയ കൽവിടവിലൂടെ നൂഴ്ന്നു വേണം പ്രധാന ഗുഹയി ലേക്ക് കടക്കാൻ. ബോധിസത്വ ചിത്രങ്ങളാണ് ഗുഹാകവാട ത്തിന്റെ ഇരുവശവും. ‘താങ്ക’ എന്നറിയപ്പെടുന്ന ബുദ്ധശൈലി യിലുള്ള കൂറ്റൻ പെയിന്റിങ്ങുകളാണവ. പ്രധാന ക്ഷേത്രത്തിൽ ബുദ്ധൻ്റെ അത്യാകർഷകമായ ഭീമൻ പെയിൻ്റിംഗ്.
ഇത്ര വലിയൊരു കഠിനമലകയറ്റം കഴിഞ്ഞെത്തുന്ന സഞ്ചാരി യുടെ അവശതകളെ അഗാധമായ ശാന്തികൊണ്ട് അലിയിച്ചു കളയുന്ന അത്ഭുതമാണ് ഈ ക്ഷേത്രം. ഒന്നു പിന്തിരിഞ്ഞു നോക്കിയാൽ ഭൂമിയുടെ നെറുകയിലാണ് നമ്മുടെ നിൽപ്പെന്നു തോന്നും. ദൂരെയുള്ള മലകൾ പോലും നമ്മെക്കാൾ വളരെ താഴെ. അങ്ങകലെ ഉറുമ്പുകളെപ്പോലെ കുന്നുകയറിവരുന്ന വിശ്വാസികൾ. ‘ഇപ്പോ തൊടാമല്ലോ’ എന്ന മട്ടിൽ അത്രയടുത്ത് നീലാകാശം. അവിടെ വിചിത്ര മേഘരൂപങ്ങളുടെ ഒഴുക്ക്. തണുത്തകാറ്റ് മലകയറിവന്ന് ശരീരത്തെയും മനസ്സി നെയും പൊതിഞ്ഞ് ഉമ്മവയ്ക്കുന്നു.
ഇരുണ്ട പുലിമടകൾ, ധ്യാനഗുഹകൾ, ചെറുക്ഷേത്രങ്ങളും അവയിലെ ചിത്രങ്ങളും...എല്ലാം ചുറ്റിക്കാണവെ മനസ്സിലായി, മനസ്സിനെ സ്വച്ഛവും ശാന്തവുമാക്കുന്ന എന്തോ ഒരദ്ഭുതം ഈ മലമുകളിലുണ്ട്. ജീവിതത്തിന്റെ കഠിനമായ മലകയറ്റങ്ങൾ കഴിഞ്ഞു മാത്രം കിട്ടുന്ന ശാന്തത. കാനനപാത കടന്ന് അയ്യപ്പ സ്വാമിയെ തൊഴുതുമടങ്ങുന്ന ശീലമുള്ള മലയാളിക്ക് അത് വേഗം മനസ്സിലാവും. ‘രണ്ടാം ബുദ്ധന്റെ’ രൂപത്തിനു മുന്നിൽ ഞാൻ പത്മാസനത്തിൽ ഇരുന്ന് ധ്യാനം ചെയ്തു. ഗൈഡ് പേമു മന്ത്രിക്കും പോലെ ചോദിച്ചു: 'അങ്ങകലെ ഇന്ത്യയുടെ തെക്കേയറ്റത്തു നിന്ന് വന്നിട്ട് ഞങ്ങളുടെ രണ്ടാം ബുദ്ധനോട് എന്താണ് നിങ്ങൾക്ക് ഉണർത്തിക്കുവാനുള്ളത്?'
'ശാന്തി, മനസ്സിന്റെ ശാന്തി മാത്രം.വെറുപ്പും വിദ്വേഷവും പകയും അസൂയയുമില്ലാത്ത ലോകം, സന്തോഷവും സമാധാനവും സ്നേഹവും ആഗ്രഹിക്കുന്ന മനുഷ്യർ', അതു ശരിയാണെന്ന് ഉറപ്പിക്കുന്ന തരത്തിൽ പുറത്ത് മണികൾ മുഴങ്ങി. ഏകദേശം 3.30 മണി ആയപ്പോൾ ഞങ്ങളുടെ സംഘം തിരിച്ചിറങ്ങിത്തുടങ്ങി. പിന്നിലായ ആറു പേർ എത്തുന്നതേയുള്ളൂ. കനത്ത മഴയിൽ രണ്ടും കല്പിച്ച് മടക്ക യാത്ര ആരംഭിച്ചു. തെന്നിവീഴാതിരിക്കാൻ പ്രവീണും ഞാനും ചുമലുകളും കൈകളും ചേർത്തു പിടിച്ചായിരുന്നു തിരിച്ചി റക്കം. ആകാശം കുടയാക്കി പേമാരിയെ പ്രണയിച്ചു കൊണ്ടുള്ള നടത്തം അഥവാ ഇഴയൽ കൗതുകത്തോടൊപ്പം സാഹസികതയും നിറഞ്ഞതായിരുന്നു.
നേരം ഇരുട്ടിത്തുടങ്ങിയതോടെ എനിക്ക് ചെറുതായി വിറയ്ക്കാൻ തുടങ്ങി. ഞങ്ങൾ പൂർണമായും നനഞ്ഞുകഴിഞ്ഞിരുന്നു. താഴേ വീഴാതിരിക്കാൻ ട്രെക്കിങ് സ്റ്റിക്കുകളായിരുന്നു ഞങ്ങൾക്ക് ആശ്രയം. സഹയാത്രികൻ പ്രവീണിൻ്റെ കൈകളിൽ കോർത്ത് പിടിച്ച് ഉഴുതു മറിച്ച വയലിലൂടെ കന്നു പൂട്ടുകാരൻ നടക്കുന്നതു പോലെയുള്ള സാഹസിക യാത്രയുടെ ത്രില്ല് അനുഭവിച്ചവർക്കേ അറിയൂ. നാലു ഭാഗത്തു നിന്നും ചീറി തെറിച്ചു വരുന്ന മഴത്തുള്ളികളെ വകഞ്ഞു മാറ്റിയുള്ള പദയാത്ര. വായുവിലൂടെ നീന്തിയതാണ് എന്ന് പറയുന്നതായിരിക്കും കാവ്യ ഭാഷയിൽ ശരി.
ഈ സാഹസികയാത്ര എന്നും എന്റെയുള്ളിലുണ്ടാകും. ടൈഗേഴ്സ് നെസ്റ്റ് സന്ദർശനം ഒരു ഭൗതികയാത്ര മാത്രമല്ല, ഭൂട്ടാന്റെ പൈതൃകവും പ്രകൃതി സൗന്ദര്യവുമായി ഇഴുകിച്ചേരാനുള്ള അവസരം കൂടിയാണത്. എന്റെ കൈകാലുകൾ വേദന കൊണ്ട് പുളയുന്നുണ്ടെങ്കിലും തിരിഞ്ഞുനോക്കുമ്പോൾ ആ അനുഭവവും ഓർമകളും വല്ലാത്തൊരു നിർവൃതിയായി എന്റെ ഉളളിൽ നിറയുകയാണ്. മഴ യാത്ര കടുപ്പമേറിയതാകിയിട്ടുണ്ടാവാം. ആത്മവിശ്വാസത്തിൻ്റെ കരുത്തിൽ ഞങ്ങളത് മറികടന്നു. ആ സ്വപ്നം സാക്ഷാത്കരിച്ചു. രാത്രി ഇരുട്ടിയിട്ടും സംഘത്തിലെ ഏഴ് പേർ എത്തിയില്ല.
എൺപതിൻ്റെ നിറവിലുള്ള കാരണവൻമാർ വരെ ആ കൂട്ടത്തിലുണ്ട്. മിന്നാമിനുങ്ങിൻ്റെ വെളിച്ചം മാത്രമാണ് മലനിരയിലെ സ്ട്രീറ്റ് ലൈറ്റ്. മൊബൈൽ ടോർച്ചിൻ്റെ വെട്ടത്തിൽ മൂന്നു കാലിൽ മന്ദം മന്ദം നടന്ന് ബെയ്സ് പോയിൻ്റിൽ അവർ എത്തുമ്പോൾ രാത്രി 8 മണി കഴിഞ്ഞിരുന്നു. 8.30 മണിക്കൂർ മല കയറിയിട്ടും അവരുടെ മുഖത്ത് ക്ഷീണത്തിൻ്റെ നിഴലു പോലുമില്ല. പകരം ആഹ്ളാദത്തിൻ്റെ പുഞ്ചിരി വെട്ടത്തിൽ ഇരുട്ടിനെ കീറി മുറിച്ച് അവരെത്തിയപ്പോഴാണ് മണിക്കൂറുകളായി താഴെ കാത്തു നിൽക്കുന്ന ഞങ്ങൾക്ക് ശ്വാസം നേരെ വീണത്.
#BhutanTravel #ParoTaktsang #TigersNest #BhutanTourism #AdventureTravel #TravelGram