Earn Money | സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ മതി; ഇനി 'എക്‌സ്' വഴിയും കാശുണ്ടാക്കാം!
*എഐ ഓഡിയന്‍സ് സംവിധാനവും വരുന്നു
*പോഡ്കാസ്റ്റുകള്‍ പോസ്റ്റ് ചെയ്തും മോണിറ്റൈസേഷന്‍ നേടാം
*ലിങ്ക്ഡ് ഇന്നിന് എതിരാളിയെ ഒരുക്കാനുള്ള മസ്‌കിന്റെ ശ്രമം അടുത്തിടെ ചര്‍ച്ചയായിരുന്നു.
ന്യൂഡെല്‍ഹി: (KasargodVartha) എക്‌സില്‍ വമ്പന്‍ അപ്‌ഡേറ്റുമായി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. യൂട്യൂബിന് സമാനമായി എക്‌സിലും മോണിറ്റൈസേഷന് തുടക്കം കുറക്കുകയാണെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. അതായത്, ഇനി എക്‌സ് വഴിയും പണമുണ്ടാക്കാം. ഇതിനായി എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ മതിയെന്നാണ് മസ്‌ക് പറയുന്നത്. പോഡ്കാസ്റ്റുകള്‍ പോസ്റ്റ് ചെയ്തും മോണിറ്റൈസേഷന്‍ നേടാമെന്നാണ് മസ്‌ക് പറയുന്നത്.
സിനിമകള്‍ പൂര്‍ണമായും എക്‌സില്‍ പോസ്റ്റ് ചെയ്യാനാകുന്ന സംവിധാനത്തിന് തുടക്കം കുറിക്കുമെന്നും എഐ (ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഓഡിയന്‍സ് സംവിധാനം എക്‌സില്‍ കൊണ്ടുവരുമെന്നും മസ്‌ക് പോസ്റ്റില്‍ പറയുന്നു. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പരസ്യങ്ങള്‍ ഒരു പ്രത്യേക വിഭാഗം ആളുകളിലേക്ക് എത്തിക്കുന്ന സംവിധാനമാണ് എ ഐ ഓഡിയന്‍സ്.
ലിങ്ക്ഡ് ഇന്നിന് എതിരാളിയെ ഒരുക്കാനുള്ള മസ്‌കിന്റെ ശ്രമം അടുത്തിടെ ചര്‍ചയായിരുന്നു. 10 ലക്ഷം കംപനികളാണ് എക്സില്‍ ഉദ്യോഗാര്‍ഥികളെ തേടുന്നതെന്ന് കഴിഞ്ഞ മാസം എക്സ് വെളിപ്പെടുത്തിയിരുന്നു. ലിങ്ക്ഡ് ഇന്‍ എന്ന പ്രൊഫഷണല്‍ നെറ്റ് വര്‍ക് വെബ്സൈറ്റുമായുള്ള മത്സരത്തിന് കൂടിയാണ് ഇതോടെ തുടക്കമാകുന്നത്. തൊഴിലന്വേഷണത്തിനുള്ള സൗകര്യമാണ് എക്‌സ് അവതരിപ്പിക്കാനൊരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി പുതിയ പ്രത്യേകത കംപനി അവതരിപ്പിച്ചു. വെബ് ഡെവലറായ നിവ ഔജിയാണ് എക്സിലെ പുതിയ ഫീചറിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ ഫീചര്‍ തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. തങ്ങളുടെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ സെര്‍ച് റിസല്‍ട് ഫില്‍ടര്‍ ചെയ്യാനുമാകും. പ്രത്യേകം കംപനികളില്‍ നിന്നുള്ള തൊഴിലവസരങ്ങളും തിരയാനാവും. ഈ സൗകര്യങ്ങള്‍ ലിങ്ക്ഡ് ഇന്നില്‍ ലഭ്യമാണ്. എക്സ് ക്രിയേറ്ററായ ഡോജ് ഡിസൈറും വൈകാതെ ഇലോണ്‍ മസ്‌കും ഈ പോസ്റ്റ് പങ്കുവെച്ചു.
തൊഴിലന്വേഷണത്തിനുള്ള സൗകര്യത്തിന് പുറമെ ഒട്ടേറെ മറ്റ് ഫീചറുകളും മസ്‌ക് എക്സില്‍ അവതരിപ്പിച്ചിട്ടുണ്ട്. സഹോദരി ടോസ മസ്‌ക് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മസ്‌ക് വന്‍ അപ്‌ഡേറ്റ് അറിയിച്ചിരിക്കുന്നത്. സ്ട്രീമിങ് സര്‍വീസായ പാഷന്‍ ഫ്‌ലിക്‌സിന്റെ ഉടമയാണ് ടോസ മസ്‌ക്.