WhatsApp | ഇൻ്റർനെറ്റ് ഇല്ലാതെ വാട്സ്ആപിൽ ഫോട്ടോകളും ഫയലുകളും അയക്കാം! ഉടൻ വരുന്ന ഫീച്ചറിന്റെ പ്രവർത്തനം ഇങ്ങനെ
*ഫോണിൻ്റെ ഫയലുകളും ഗാലറിയും ആക്‌സസ് ചെയ്യാനും വാട്ട്‌സ്ആപ്പിന് അനുമതി നൽകേണ്ടിവരും
ന്യൂഡെൽഹി: (KasargodVartha) ഇന്ന് ആർക്കും ഫോട്ടോകളും വീഡിയോകളും അയയ്‌ക്കാനുള്ള ഏറ്റവും ജനപ്രിയ സാമൂഹ്യ മാധ്യമമായി വാട്സ്ആപ് മാറിയിരിക്കുന്നു. എന്നിരുന്നാലും, ഇതിനായി ഇൻ്റർനെറ്റ് കണക്റ്റിവിറ്റി വളരെ പ്രധാനമാണ്. പലപ്പോഴും ഇൻ്റർനെറ്റിൻ്റെ അഭാവം മൂലം, പ്രധാനപ്പെട്ട രേഖകളോ ഫയലുകളോ കൃത്യസമയത്ത് അയയ്ക്കുന്നതിന് തടസം നേരിട്ടേക്കാം. എന്നാൽ ഇപ്പോൾ മെറ്റ അതിന് പരിഹാരം കണ്ടെത്തിയിരിക്കുന്നു. അതിശയിപ്പിക്കുന്ന ഫീച്ചറുമായി വാട്സ്ആപ് ഉടൻ വരുന്നു. ഈ ഫീച്ചറിൻ്റെ സഹായത്തോടെ, ഇൻ്റർനെറ്റ് ഇല്ലാതെ പോലും ഫോട്ടോകളും വീഡിയോകളും മറ്റുള്ളവരുമായി പങ്കിടാൻ നിങ്ങൾക്ക് കഴിയും.
ബ്ലൂടൂത്തിൻ്റെ സഹായത്തോടെയായിരിക്കും പുതിയ ഫീച്ചർ പ്രവർത്തിക്കുകയെന്നാണ് റിപ്പോർട്ട്. ഈ ഫീച്ചർ നിലവിൽ ആൻഡ്രോയിഡ് ബീറ്റ പതിപ്പിൽ പരീക്ഷിച്ചുവരികയാണ്. ഇൻ്റർനെറ്റ് ഇല്ലാതെ ഫയലുകൾ പങ്കിടുന്ന ഫീച്ചർ വാട്സ്ആപിൽ എങ്ങനെ പ്രവർത്തിക്കുമെന്നതിനെക്കുറിച്ചുള്ള ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ഫീച്ചർ ഉപയോഗിക്കാൻ, വാട്സ്ആപിന് നിങ്ങളുടെ ഫോണിൽ ചില അനുമതികൾ ആവശ്യമാണ്. ബ്ലൂടൂത്ത് വഴി സമീപത്തുള്ള ഫോണുകൾ കണ്ടെത്താനും അവയുമായി ഫയലുകൾ പങ്കിടാനുമുള്ള അനുമതിയാണിത്.
നിങ്ങളുടെ ഫോണിൻ്റെ ഫയലുകളും ഗാലറിയും ആക്‌സസ് ചെയ്യാനും വാട്ട്‌സ്ആപ്പിന് അനുമതി നൽകേണ്ടിവരും. ഇതുകൂടാതെ, മറ്റൊരു അനുമതി ലൊക്കേഷനുള്ളതായിരിക്കും. പക്ഷേ ഇതുകൊണ്ട് വിഷമിക്കേണ്ടതില്ല, കാരണം ഫയലുകൾ എൻക്രിപ്റ്റ് ചെയ്‌ത് സുരക്ഷിതമായിട്ടായിരിക്കും വാട്സ്ആപ് പങ്കിടുക. നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ, എപ്പോൾ വേണമെങ്കിലും ഫോണിൽ ഈ അനുമതികൾ ഓഫാക്കാനാകും എന്നതാണ് പ്രത്യേകത. അധികം വൈകാതെ ഫീച്ചർ എല്ലാവർക്കും ലഭ്യമാകുമെന്നാണ് വിവരം.