അവശ്യസാധനങ്ങളുടെ വില ഉരുന്നു; പുതുവര്‍ഷത്തില്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഈ കമ്പനികള്‍ ഒരുങ്ങുന്നു
ന്യൂഡെല്‍ഹി: (www.kasargodvartha.com 06.12.2021) 2022 ജനുവരി മുതല്‍ രാജ്യത്തെ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ടാറ്റ മോടോഴ്സ്, ഹോന്‍ഡ, റെനോ തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ ഒരുങ്ങുന്നതായി റിപോര്‍ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്റ്റീല്‍, അലുമിനിയം, ചെമ്പ്, പ്ലാസ്റ്റിക്, മറ്റ് ലോഹങ്ങള്‍ തുടങ്ങിയ അവശ്യസാധനങ്ങളുടെ വില ഗണ്യമായി വര്‍ധിച്ചതാണ് വാഹനങ്ങളുടെ വില വര്‍ധനയ്ക്ക് കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
'ചരക്കുകള്‍, അസംസ്‌കൃത വസ്തുക്കള്‍, മറ്റ് ഇന്‍പുട് ചെലവുകള്‍ എന്നിവയുടെ വിലകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഈ ചെലവ് വര്‍ധന ഭാഗികമായെങ്കിലും നികത്താന്‍ ഉചിതമായ വില വര്‍ധനവ് ഹ്രസ്വകാലത്തേക്ക് അനിവാര്യമാണെന്ന് തോന്നുന്നു' എന്ന് ടാറ്റാ മോടോഴ്‌സ് പാസഞ്ചര്‍ വെഹികിള്‍സ് ആന്‍ഡ് ബിസിനസ് വിഭാഗം പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറയുന്നു.
അടുത്ത കാലത്തായി ഗതാഗത ചെലവ് വര്‍ധിച്ചതും നിര്‍മാതാക്കളുടെ മൊത്തം ചെലവ് ഘടനയെ ബാധിച്ചു. ചരക്ക് വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ടാറ്റ മോടോഴ്സും വില വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുമാണ് റിപോര്‍ട്. ടാറ്റ മോടോഴ്സ് ആഭ്യന്തര വിപണിയില്‍ പഞ്ച്, നെക്സോണ്‍, ഹാരിയര്‍ തുടങ്ങിയ മോഡലുകള്‍ വില്‍ക്കുന്നുണ്ട്. ചരക്ക് വിലയിലെ വര്‍ധനവ് മൂലം ഇന്‍പുട് ചെലവിനെ ഗുരുതരമായി ബാധിക്കുമെന്നതിനാല്‍ ഹോന്‍ഡ കാര്‍സ് ഇന്‍ഡ്യയും സമീപഭാവിയില്‍ വില വര്‍ധന പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനിയുടെ വക്താവ് പിടിഐയോട് വ്യക്തമാക്കി.
പുതുവര്‍ഷം മുതല്‍ മോഡല്‍ ശ്രേണിയിലുടനീളം ഗണ്യമായ വില വര്‍ധനവ് പ്രതീക്ഷിക്കുന്നതായി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്‍ഡ്യയും പറഞ്ഞു. ക്വിഡ്, ട്രൈബര്‍, കിഗര്‍ തുടങ്ങിയ മോഡലുകളാണ് ഇന്‍ഡ്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. രാജ്യത്തെ ഒന്നാമത്തെ വാഹന നിര്‍മാതാക്കളായ മാരുതി സുസുകി, ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി, മെഴ്സിഡസ് ബെന്‍സ് തുടങ്ങിയ ചില കാര്‍ നിര്‍മാതാക്കളും ജനുവരി മുതല്‍ വാഹന വിലയില്‍ വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: New Delhi, News, National, Top-Headlines, Technology, Business, Vehicles, Car, Price, Increase, Tata Motors, Honda, Renault looking to increase vehicle prices from January