റെയിൽവേ സുരക്ഷാ പട്രോളിംഗ് ഇപ്പോഴും പഴഞ്ചൻ; പുതിയ നിയമനങ്ങൾ ഇല്ലാതെ ജീവനക്കാർ ദുരിതത്തിൽ!
● ട്രാക്കിനെക്കുറിച്ച് ധാരണയില്ലാത്ത കരാർ തൊഴിലാളികളെ ഉപയോഗിക്കുന്നു.
● രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് പട്രോളിംഗ് ഡ്യൂട്ടി.
● റെയിൽവേ സുരക്ഷാ വിഭാഗത്തിൽ 1.41 ലക്ഷം ജീവനക്കാരുടെ ഒഴിവുണ്ട്.
● യന്ത്രവൽകൃത പട്രോളിംഗ് വേണമെന്ന് യൂണിയനുകൾ ആവശ്യപ്പെടുന്നു.
കാസർകോട്: (KasargodVartha) നാലുവരിപ്പാതകളും വളവു നികത്തലും വേഗത വർദ്ധിപ്പിക്കലും കൂടുതൽ ‘വന്ദേ ഭാരത്’ ട്രെയിനുകളുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം കോടികളുടെ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും, റെയിൽവേ സുരക്ഷയ്ക്ക് ഇപ്പോഴും ഉപയോഗിക്കുന്നത് കാലഹരണപ്പെട്ട രീതികൾ തന്നെ. മൺസൂൺ കാലത്തെ പട്രോളിംഗ് ആകട്ടെ തൊഴിലാളികൾക്ക് കടുത്ത ദുരിതവുമാവുകയാണ്.
രാജ്യം ഡിജിറ്റൽ യുഗത്തിലേക്ക് പ്രവേശിച്ചിട്ടും ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താതെയാണ് ഇപ്പോഴും റെയിൽവേ മന്ത്രാലയം സുരക്ഷയ്ക്ക് ജീവനക്കാരെ മാത്രം ആശ്രയിക്കുന്നത്.
പുതിയ നിയമനങ്ങൾ ഒന്നും നടത്താതെ, നിലവിലുള്ള ജോലിക്കാരെ വെച്ചുതന്നെയാണ് മൺസൂൺ പട്രോളിംഗ് പോലും നടത്തുന്നത്. ശക്തമായ കാറ്റും മഴയും കൊണ്ട് അവശരായിട്ടാണ് ജോലിക്കാർ തങ്ങളുടെ ഡ്യൂട്ടി ചെയ്യുന്നത്; അതും അധിക ജോലിഭാരത്തോടെ.
പാലക്കാട് ഡിവിഷനിൽ മാത്രം 350-ഓളം ട്രാക്ക്മാൻമാരുടെ ഒഴിവുകൾ ഉണ്ടെന്നാണ് കണക്ക്. ട്രാക്ക്മാൻമാർക്കൊപ്പം കരാർ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് ഇപ്പോൾ മൺസൂൺ കാല പട്രോളിംഗ് നടത്തുന്നത്. എന്നാൽ, ട്രാക്കിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ് ഈ കരാർ തൊഴിലാളികളെന്ന് ആക്ഷേപമുണ്ട്.
റെയിൽവേ സുരക്ഷയുടെ നട്ടെല്ലായ കീമാൻ, ട്രാക്ക്മാൻ ജീവനക്കാരാണ് മൺസൂൺ പട്രോളിംഗ് ഉൾപ്പെടെ നടത്തേണ്ടത്. മഴക്കാലത്തെ അപകടസാധ്യത കണക്കിലെടുത്ത് പാളത്തിലെ തകരാറുകൾ കണ്ടെത്തി പരിഹരിക്കുകയോ, അടിയന്തിര വിവരം നൽകുകയോ ആണ് ഇവരുടെ പ്രധാന ചുമതല. ഒപ്പം, പുഴകളിലെ ജലനിരപ്പ് ഉൾപ്പെടെ നിരീക്ഷിച്ച് അപ്പപ്പോൾ റിപ്പോർട്ടും നൽകണം.
രാത്രി എട്ട് മുതൽ രാവിലെ ആറ് മണി വരെയാണ് ഇവരുടെ ജോലി സമയം. പകൽ ഡ്യൂട്ടിക്ക് വേറെ ജോലിക്കാരും. കാസർകോട് ജില്ലയിൽ ഈ മഴക്കാലത്ത് നിരവധി തെങ്ങുകളാണ് റെയിൽവേ പാളത്തിൽ വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയത്. ഈ വിവരങ്ങളൊക്കെ കൃത്യസമയത്ത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി അപകടസാധ്യത ഒഴിവാക്കിയത് ഇത്തരത്തിൽ ജോലി ചെയ്തിരുന്ന കീമാൻമാരും ട്രാക്ക്മാൻമാരുമായിരുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒട്ടനവധി ട്രെയിൻ അപകടങ്ങൾ ഉണ്ടായിട്ടും റെയിൽവേ ജീവനക്കാരുടെ ഒഴിവുകൾ ഇതുവരെ കേന്ദ്ര റെയിൽവേ മന്ത്രാലയം നികത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. സുരക്ഷാ വിഭാഗത്തിൽ മാത്രം റെയിൽവേയിൽ 1.41 ലക്ഷം ജീവനക്കാരുടെ ഒഴിവുണ്ടെന്നാണ് കണക്ക്.
അതിനിടെയുള്ള വിരമിക്കലും പുതിയ നിയമനം ഇല്ലാത്തതും സുരക്ഷയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് റെയിൽവേ അധികൃതർ തന്നെ ചൂണ്ടിക്കാട്ടുന്നുമുണ്ട്. റെയിൽവേയുടെ സുരക്ഷയുടെ കാര്യത്തിൽ ‘കുറുക്കുവഴി’ പാടില്ലെന്ന് സുരക്ഷാ കമ്മീഷണർ തന്നെ റെയിൽവേ മന്ത്രാലയത്തെ അറിയിച്ചതുമാണ്.
പഴഞ്ചൻ കാലഘട്ടത്തിലെ പോലെ ട്രാക്കിലൂടെ നടന്നുകൊണ്ടുള്ള രാത്രികാല പട്രോളിംഗ് ജീവനക്കാർക്ക് പ്രയാസമാണെന്ന് യൂണിയനുകൾ ബന്ധപ്പെട്ടവരെ ഇടയ്ക്കിടെ ബോധ്യപ്പെടുത്തുന്നുണ്ട്. റെയിൽവേ ട്രാക്കുകളിൽ യന്ത്രവൽകൃത പട്രോളിംഗ് നടപ്പാക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം.
ഇതിൽ ലൈറ്റ് എഞ്ചിൻ പട്രോളിംഗ് പ്രധാന ആവശ്യമാണ്. ഇത്തരം എഞ്ചിനുകളിൽ മരം മുറിക്കാനുള്ള ഉപകരണങ്ങൾ വരെയുള്ള സംവിധാനങ്ങളും ഉണ്ട്. ഇവ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സുരക്ഷാസംവിധാനമാണ് ഇനി വേണ്ടതെന്നും യൂണിയനുകൾ പറയുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Railway safety patrols remain outdated, staff shortages burden employees.
#IndianRailways #RailwaySafety #StaffShortage #MonsoonPatrol #EmployeeWelfare #KeralaNews






