Technology | കുണ്ടും കുഴിയുമില്ലാത്ത റോഡുകളുള്ള കേരളം! അപകടവും കുറയും; ഇതുമായി ബന്ധപ്പെട്ട പഠനം പൂർത്തിയായി; ഇനി നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നിർമാണം

● ഗവേഷണത്തിന്റെ ഒന്നാംഘട്ടം നേരത്തെ തന്നെ പൂർത്തിയായിരുന്നു. ● തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെയാണ് ഗവേഷണ പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ പരിഗണിച്ചത്.
● രണ്ടാംഘട്ടത്തിലാണ് കൊച്ചി അടക്കമുള്ള മെട്രോ നഗരങ്ങളെയും, മറ്റു ജില്ലകളിലെ റോഡുകളെയും റിസർച്ച് നടത്തിയത്.
● റീസൈക്ലിംഗ് വിപുലീകരിക്കാൻ ഐഐടി മദ്രാസുമായി ചേർന്ന് ഗവേഷണം ആരംഭിക്കാനാണ് സർക്കാർ തീരുമാനിച്ചത്.
● പഠനം കൂടി പൂർത്തിയാക്കുന്നതോടെ കേരളത്തിൽ കുഴിയില്ലാ റോഡുകളിലൂടെ സഞ്ചരിക്കാനാവുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
മലപ്പുറം: (KasargodVartha) കാലാവസ്ഥ വ്യതിയാനം അടക്കം വിവിധ കാരണങ്ങളാൽ സംസ്ഥാനത്തെ റോഡുകൾ തകരുന്നത് ചെറുക്കാൻ നൂതന സാങ്കേതിക വിദ്യകളെ കുറിച്ചുള്ള കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം പൂർത്തിയായി. ഗവേഷണത്തിന്റെ ഒന്നാംഘട്ടം നേരത്തെ തന്നെ പൂർത്തിയായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെയാണ് ഗവേഷണ പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ പരിഗണിച്ചത്.
രണ്ടാംഘട്ടത്തിലാണ് കൊച്ചി അടക്കമുള്ള മെട്രോ നഗരങ്ങളെയും, മറ്റു ജില്ലകളിലെ റോഡുകളെയും റിസർച്ച് നടത്തിയത്. കാലവർഷം തുടങ്ങിയാൽ കേരളത്തിലെ റോഡുകൾക്ക് നിലനിൽപ്പ് ഉണ്ടാവുന്നില്ല. കുണ്ടും, കുഴിയും രൂപപ്പെട്ട് വലിയ ഗതാഗത തടസ്സമാണ് മിക്ക ജില്ലകളിലും നേരിടുന്നത്. സാമൂഹ്യ - ദൃശ്യമാധ്യമങ്ങൾക്ക് കുഴി എണ്ണൽ കൊയ്ത്താണ് പിന്നീട് അങ്ങോട്ട്. സർക്കാറിനെതിരെയുള്ള ഒളിയമ്പുകൾ വേറെയും. ഇത് സർക്കാറിന് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു.
ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മെറ്റലുകളുടെ (കരിങ്കല്ല്) അമ്ലതയാണ് റോഡുകളുടെ തകർച്ചയ്ക്ക് പ്രധാന കാരണമെന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു. തെക്കൻ ജില്ലകളിലെ ക്വാറികളിൽ നിന്ന് ശേഖരിച്ച കരിങ്കല്ലുകളായിരുന്നു പഠനവിധേയമാക്കിയത്. കേരളത്തിൽ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പശ്ചിമഘട്ടത്തിലെ പാറകളിൽ കൂടിയ അളവിൽ ‘സിലിക്ക' അടങ്ങിയതാണ് മെറ്റലിന്റെ അമ്ല സ്വഭാവത്തിന് കാരണമെന്നും പഠനത്തിൽ വ്യക്തമായിരുന്നു.
ഇതിന് പരിഹാരം എന്നോണം നിശ്ചിത അളവിൽ ചുണ്ണാമ്പുപൊടി, സിമന്റ് തുടങ്ങിയവ നിർമ്മാണവേളയിൽ സിറ്റമിനസ് മിശ്രിതത്തിലേക്ക് ചേർത്ത് ഉപയോഗിച്ചാൽ മെറ്റലിന്റെ അമ്ല സ്വഭാവം കുറക്കാൻ കഴിയുമെന്നും പഠനം ശുപാർശ ചെയ്തിട്ടുണ്ട്. ഈ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ സാങ്കേതികവിദ്യ റോഡ് നിർമ്മാണത്തിനായി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്.
ഒപ്പം റീസൈക്ലിംഗ് കൂടുതലായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി റാപ്പ് സാങ്കേതികവിദ്യയുടെ പഠനം ഐഐടി മദ്രാസുമായി ചേർന്ന് ആരംഭിക്കാനും സർക്കാർ പദ്ധതിയിട്ടുണ്ട്. ഈ പഠനം കൂടി പൂർത്തിയാക്കുന്നതോടെ കേരളത്തിൽ കുഴിയില്ലാ റോഡുകളിലൂടെ സഞ്ചരിക്കാനാവുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ഈ വാർത്ത പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
A study by Kerala Highway Research Institute has found that road deterioration is due to acidic properties of materials used, and new technologies will solve the issue.
#KeralaRoads #Potholes #RoadConstruction #TechnologyInRoads #Infrastructure #KeralaNews