കാസർകോട് ഇനി കേരളത്തിന്റെ 'സോളാർ ഹബ്ബ്'; 500 കോടിയുടെ പദ്ധതിക്ക് തുടക്കം, 2027-ൽ പൂർത്തിയാകും
● ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ളതിനാൽ വൈദ്യുതി ഉപഭോഗം കൂടുതലുള്ള പീക്ക് സമയങ്ങളിലും വൈദ്യുതി ലഭ്യമാകും.
● ബംഗളൂരു ആസ്ഥാനമായ നേച്ചർ ഡ്യൂ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിർമ്മാണ ചുമതല.
● പ്രതിവർഷം 172 മില്യൺ യൂണിറ്റ് വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് എത്തിക്കാൻ പദ്ധതിയിലൂടെ സാധിക്കും.
● പദ്ധതിയുടെ നിർമ്മാണ ഘട്ടത്തിൽ അഞ്ച് ലക്ഷത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെടും.
കാസർകോട്: (KasargodVartha) സംസ്ഥാനത്തിന്റെ ഊർജ്ജ മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി കാസർകോട് ജില്ല കേരളത്തിന്റെ 'സോളാർ ഹബ്ബ്' ആയി മാറുന്നു.
പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിലുള്ള ചീമേനി, പെർഡാല എസ്റ്റേറ്റുകളിൽ സ്ഥാപിക്കുന്ന സോളാർ വൈദ്യുത നിലയങ്ങളുടെ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ചീമേനി പഞ്ചായത്ത് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കാസർകോട് ജില്ല സൗരോർജ ഉത്പാദനത്തിൽ സംസ്ഥാനത്തിന് മാതൃകയാകാൻ പോവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
110 മെഗാവാട്ട് പദ്ധതി; 500 കോടി നിക്ഷേപം
പ്ലാന്റേഷൻ കോർപ്പറേഷന്റെ ചീമേനി എസ്റ്റേറ്റിലും പെർഡാല എസ്റ്റേറ്റിലുമായി ലഭ്യമായ 300 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ചീമേനിയിൽ 80 മെഗാവാട്ടും പെർഡാലയിൽ 30 മെഗാവാട്ടും ശേഷിയുള്ള നിലയങ്ങളാണ് വിഭാവനം ചെയ്യുന്നത്.

ആകെ 110 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതിക്കായി ഏകദേശം 500 കോടിയോളം രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നേച്ചർ ഡ്യൂ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്.
ബാറ്ററി സ്റ്റോറേജും പീക്ക് ടൈം വൈദ്യുതിയും
സാധാരണ സോളാർ പ്ലാന്റുകളിൽ നിന്ന് വ്യത്യസ്തമായി ബാറ്ററി സ്റ്റോറേജ് സംവിധാനം കൂടി ഉൾപ്പെടുത്തിയാണ് ഈ നിലയങ്ങൾ നിർമ്മിക്കുന്നത്. അതിനാൽ വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള പീക്ക് സമയങ്ങളിൽ നാല് മുതൽ എട്ട് മണിക്കൂർ വരെ വൈദ്യുതി ലഭ്യമാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ഇത് വടക്കൻ മലബാറിന്റെ വികസന കുതിപ്പിന് വലിയ ഊർജ്ജം പകരുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഉത്പാദന ലക്ഷ്യങ്ങൾ
2027 മെയ് മാസത്തോടെ പദ്ധതി പൂർത്തീകരിച്ച് ഉത്പാദനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ചീമേനി എസ്റ്റേറ്റിൽ നിന്നും 125 മില്യൺ യൂണിറ്റും പെർഡാലയിൽ നിന്നും 47 മില്യൺ യൂണിറ്റും വൈദ്യുതി ലഭ്യമാകും എന്നാണ് പ്രതീക്ഷ.

ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. കെ.എസ്.ഇ.ബിക്ക് ആവശ്യമില്ലാത്ത പക്ഷം ഗ്രീൻ പവർ ആവശ്യമുള്ള മറ്റ് സ്ഥാപനങ്ങളുമായി ധാരണയുണ്ടാക്കിയും പദ്ധതി പ്രവർത്തിപ്പിക്കാൻ സാധിക്കും.
തൊഴിലവസരങ്ങളും പരിസ്ഥിതി നേട്ടവും
പദ്ധതിയുടെ നിർമ്മാണ ഘട്ടത്തിൽ പ്രത്യക്ഷത്തിൽ അഞ്ച് ലക്ഷത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെടും. പദ്ധതി പൂർത്തിയാകുമ്പോൾ 60 സ്ഥിരം ജോലികളും ഉണ്ടാകും. ഹരിതോർജ്ജ പദ്ധതിയായതിനാൽ ഇതിന്റെ പ്രവർത്തന കാലയളവിൽ മൊത്തത്തിൽ 35 ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം കുറയ്ക്കാൻ സാധിക്കുമെന്നത് വലിയ പാരിസ്ഥിതിക നേട്ടമാണ്.

നിലവിൽ പൈവളിഗെ, അമ്പലത്തറ, കരിന്തളം എന്നിവിടങ്ങളിൽ സോളാർ പാർക്കുകളുണ്ട്. പുതിയ പദ്ധതികൾ കൂടി വരുന്നതോടെ കാസർകോട് ജില്ല സോളാർ ഹബ്ബായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.വി. ജാനകി, വാർഡ് മെമ്പർ എ.വി. ലളിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികുകൾ തുടങ്ങിയവർ പങ്കെടുത്തു. നേച്ചർ ഡ്യൂ എനർജി എം.ഡി. മാഹിൻ സുബൈർ സ്വാഗതവും കേരള പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ ഒ.പി സലാം നന്ദിയും പറഞ്ഞു.
പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: Chief Minister Pinarayi Vijayan launched the 110 MW Solar Hub project in Kasaragod with an investment of ₹500 crore.
#Kasaragod #SolarHub #GreenEnergy #PinarayiVijayan #SolarPower #KeralaDevelopment #KVARTHA






